Malappuram

മലപ്പുറം താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ അത്യാധുനിക കൊവിഡ് ചികില്‍സാസൗകര്യങ്ങളായി

മലപ്പുറം താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ അത്യാധുനിക കൊവിഡ് ചികില്‍സാസൗകര്യങ്ങളായി
X

മലപ്പുറം: കൊവിഡ് ചികില്‍സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി മലപ്പുറം കോട്ടപ്പടിയിലെ താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഗവ. ആശുപത്രിയില്‍ വെന്റിലേറ്റര്‍ സൗകര്യങ്ങളോടെയുള്ള മെഡിക്കല്‍ ഐസിയുവും കേന്ദ്രീകൃത ഓക്‌സിജന്‍ വിതരണ സംവിധാനങ്ങളും യാഥാര്‍ഥ്യമായി. ദുരന്തനിവാരണ വിഭാഗത്തിന്റെ അനുമതിയോടെ ദേശീയ ആരോഗ്യദൗത്യം പദ്ധതിയില്‍ അനുവദിച്ച 1.25 കോടി രൂപ ചെലവില്‍ മലപ്പുറം നഗരസഭയാണ് ആശുപത്രിയില്‍ ആധുനിക സൗകര്യങ്ങള്‍ സജ്ജമാക്കിയത്. 1.15 കോടി രൂപ ചെലവഴിച്ച് ഒരുക്കിയ ആധുനിക ഐസിയുവില്‍ വെന്റിലേറ്റര്‍ സൗകര്യങ്ങളോടെയുള്ള പത്ത് കിടക്കകളും അഞ്ച് ഹൈ ഡിപ്പന്റന്‍സ് യൂനിറ്റുകളുമാണുള്ളത്.

10 ലക്ഷം രൂപ ചെലവിലാണ് കേന്ദ്രീകൃത ഓക്‌സിജന്‍ വിതരണ സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. ഐസിയുവിലുള്ള 15 കിടക്കകളിലും കൊവിഡ് ചികില്‍സാ വാര്‍ഡുകളിലെ 30 കിടക്കകളിലും ഈ സംവിധാനം ഉപയോഗിച്ച് ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കിയിച്ചുണ്ട്. ഇതോടെ കൊവിഡ് രോഗികള്‍ക്കായി ഓക്‌സിജന്‍ സൗകര്യങ്ങളോടെയുള്ള 45 കിടക്കകളുള്ള ഏക താലൂക്ക് ആശുപത്രിയായി മലപ്പുറം സര്‍ക്കാര്‍ ആശുപത്രി മാറി.

സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടെ ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടവും ആരോഗ്യവിഭാഗവും നഗരസഭയും ചേര്‍ന്ന് നടത്തിയ മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെയാണ് യുദ്ധകാലാടിസ്ഥാനത്തില്‍ ജില്ലാ ആസ്ഥാനത്ത് കൊവിഡ് ചികില്‍സയ്ക്കായി ആധുനിക സൗകര്യങ്ങള്‍ യാഥാര്‍ഥ്യമാക്കാനായത്. വെന്റിലേറ്റര്‍ ഐസിയുവില്‍ 15 കിടക്കകള്‍ കൂടിയായപ്പോള്‍ ആശുപത്രിയില്‍ കൊവിഡ് രോഗികള്‍ക്കായി മാത്രം 115 കിടക്കകളായി. ഐസിയുവിന് പുറമെ പഴയ ബ്ലോക്കില രണ്ട് നിലകളിലായുള്ള രണ്ട് വാര്‍ഡുകളില്‍ 50 പേരെ വീതം കിടത്തിച്ചികില്‍സിക്കാനുള്ള സൗകര്യങ്ങള്‍ നേരത്തെ തന്നെ സജ്ജമാക്കിയിരുന്നു.

വെന്റിലേറ്റര്‍ മെഡിക്കല്‍ ഐസിയുവും കേന്ദ്രീകൃത ഓക്‌സിജന്‍ വിതരണ സംവിധാനവും പി ഉബൈദുല്ല എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഈ മഹാമാരിക്കാലത്ത് സാധാരണക്കാര്‍ക്ക് മികച്ച ചികില്‍സ ഉറപ്പാക്കുന്നതിനായി മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് മലപ്പുറം താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഗവ.ആശുപത്രിയില്‍ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യവകുപ്പുമായി ചേര്‍ന്ന് ചികില്‍സാസൗകര്യങ്ങള്‍ വിപുലമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവിരകയാണ്. ഇതിന് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

രോഗികള്‍ക്കുള്ള മികച്ച ചികില്‍സാസൗകര്യങ്ങള്‍ ഒരുക്കുന്നതിനൊപ്പം കൊവിഡ് വ്യാപനം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രധാന പരിഗണന നല്‍കുന്നതെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായ ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ജില്ലയില്‍ രോഗ വ്യാപന നിരക്ക് ഗണ്യമായി കുറക്കാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍, നിയന്ത്രണങ്ങളില്‍ ഇളവുവരുത്തിയതോടെ വീണ്ടും ടിപിആര്‍ നിരക്ക് വര്‍ധിക്കുന്നത് നിസാരമായി കാണരുതെന്നും എല്ലാവരും സ്വയ സുരക്ഷ ഉറപ്പാക്കുന്നതിലൂടെ മാത്രമെ മഹാമാരിയെ പൂര്‍ണമായും ചെറുക്കാനാകൂവെന്നും ജില്ലാ കലക്ടര്‍ ഓര്‍മിപ്പിച്ചു.

നഗരസഭാധ്യക്ഷന്‍ മുജീബ് കാടേരി അധ്യക്ഷനായി. കൊവിഡ് പ്രതിരോധത്തിലെ മികവിന് നഗരസഭ ഏര്‍പ്പെടുത്തിയ ഉപഹാരങ്ങള്‍ ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ സക്കീന, ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ ഷിബുലാല്‍, ഡിആര്‍ഡിഎ പ്രൊജക്ട് ഡയറക്ടര്‍ പ്രീതി മേനോന്‍, നഗരസഭയിലെ കൊവിഡ് നോഡല്‍ ഓഫിസറായ മലപ്പുറം ബ്ലോക്ക് അസിസ്റ്റന്റ് എന്‍ജിനീയര്‍ മിനിമോള്‍ എന്നിവര്‍ക്ക് പി ഉബൈദുല്ല എംഎല്‍എ ചടങ്ങില്‍ കൈമാറി. നഗരസഭ ഉപാധ്യക്ഷ ഫൗസിയ കൊന്നോല, പ്രതിപക്ഷ നേതാവ് ഒ സഹദേവന്‍, സ്ഥിരം സമിതി അധ്യക്ഷര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. നഗരസഭാ സെക്രട്ടറി എം ജോബിന്‍ റിപോര്‍ട്ട് അവതരിപ്പിച്ചു.

Next Story

RELATED STORIES

Share it