Malappuram

മാരക മയക്കുമരുന്നുമായി അങ്ങാടിപ്പുറം പുത്തനങ്ങാടി സ്വദേശി പിടിയില്‍

മാരക മയക്കുമരുന്നുമായി അങ്ങാടിപ്പുറം പുത്തനങ്ങാടി സ്വദേശി പിടിയില്‍
X

പെരിന്തല്‍മണ്ണ: സിന്തറ്റിക് ഡ്രഗ് ഇനത്തില്‍പ്പെട്ട മാരകശേഷിയുള്ള മയക്കുമരുന്നായ മെഥിലിന്‍ ഡയോക്‌സി മെത്ത് ആംഫിറ്റമിനുമായി (എംഡിഎംഎ) യുവാവിനെ മങ്കട പോലിസ് അറസ്റ്റുചെയ്തു. അങ്ങാടിപ്പുറം പുത്തനങ്ങാടി ഒടുവില്‍വീട്ടില്‍ മുഹമ്മദ് ഇല്യാസ് (37) ആണ് അറസ്റ്റിലായത്. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് ക്രിസ്റ്റല്‍ രൂപത്തിലുള്ള ഒമ്പതുഗ്രാം മയക്കുമരുന്നുമായി ഇയാളെ പിടിച്ചത്. യുവാക്കളെയും വിദ്യാര്‍ഥികളെയും ലക്ഷ്യമിട്ട് സിന്തറ്റിക് മയക്കുമരുന്നിനത്തില്‍പെട്ട എംഡിഎംഎ, എല്‍എസ്ഡി തുടങ്ങിയവ എത്തുന്നതായി പോലിസിന് വിവരം ലഭിച്ചിരുന്നു.

ജില്ലാ പോലിസ് മേധാവി സുജിത്ത്ദാസിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് പെരിന്തല്‍മണ്ണ ഡിവൈഎസ്പി കെ എം ദേവസ്യ, മങ്കട ഇന്‍സ്‌പെക്ടര്‍ എന്‍ പ്രജീഷ്, എസ്‌ഐ മാത്യു എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേകസംഘമാണ് പരിശോധന നടത്തിയത്. കാറില്‍ വില്‍പ്പനയ്ക്കു കൊണ്ടുവരവേയാണ് അറസ്റ്റ്. ബംഗളൂരു, ഗോവ എന്നിവിടങ്ങളില്‍നിന്നുള്ള ഏജന്റുമാര്‍ മുഖേന ജില്ലയിലേക്കെത്തിച്ച് വില്‍ക്കുകയായിരുന്നു ഇല്യാസ്. ഗ്രാമിന് അയ്യായിരം മുതല്‍ പതിനായിരം രൂപവരെ വിലപറഞ്ഞുറപ്പിച്ചാണ് വില്‍പ്പന. മാസങ്ങള്‍ക്കുമുമ്പ് ഇല്യാസിനെ കഞ്ചാവുമായി പെരിന്തല്‍മണ്ണ പോലിസ് അറസ്റ്റുചെയ്തിരുന്നു.

പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി. എസ്‌ഐ മാത്യു, എഎസ്‌ഐ ഷാഹുല്‍ഹമീദ്, ജില്ലാ ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡിലെ സി പി മുരളീധരന്‍, എന്‍ ടി കൃഷ്ണകുമാര്‍, എം മനോജ്കുമാര്‍, പ്രശാന്ത്, മങ്കട സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ ബൈജു കുര്യാക്കോസ്, സിവില്‍ പോലിസ് ഓഫിസര്‍ ബാലകൃഷ്ണന്‍, രജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.

Next Story

RELATED STORIES

Share it