Malappuram

ഓടക്കയം സര്‍ക്കാര്‍ സ്‌കൂളിലെ ആദിവാസി വിദ്യാര്‍ഥികള്‍ക്ക് പോഷകാഹരക്കുറവെന്ന് പിടിഎ ഭാരവാഹികള്‍

ഓടക്കയം സര്‍ക്കാര്‍ സ്‌കൂളിലെ ആദിവാസി വിദ്യാര്‍ഥികള്‍ക്ക് പോഷകാഹരക്കുറവെന്ന് പിടിഎ ഭാരവാഹികള്‍
X

അരീക്കോട്: ഊര്‍ങ്ങാട്ടിരി ഓടക്കയം സര്‍ക്കാര്‍ യുപി സ്‌കൂളിലെ ആദിവാസി വിദ്യാര്‍ഥികള്‍ക്ക് പോഷകാഹരത്തിന്റെ കുറവുണ്ടെന്ന് പിടിഎ ഭാരവാഹികള്‍. ഓടക്കയം ഗവ: യുപി സ്‌കൂളിലെ അധ്യാപകരും പിടിഎ ഭാരവാഹികളും ആദിവാസി വിദ്യാര്‍ഥികളെ തേടി വീടുകള്‍ സന്ദര്‍ശിച്ചപ്പോഴാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടത്. ആദിവാസി വിദ്യാര്‍ഥികള്‍ക്ക് സമീകൃത ഭക്ഷണത്തിന്റെ കുറവുള്ളതിനാല്‍ ആരോഗ്യപ്രശ്‌നങ്ങളുള്ളതായും വിളര്‍ച്ച ബാധിച്ചവരുമുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.

അരി ഭക്ഷണം മാത്രമാശ്രയിക്കുന്നതിനാലാണ് പോഷകാഹാരക്കുറവ് മൂലം കുട്ടികളുടെ വിളര്‍ച്ചയ്ക്ക് കാരണമെന്നാണ് ആരോഗ്യപ്രവര്‍ത്തകരില്‍നിന്നുള്ള വിവരം. ഇക്കാര്യം ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് പിടിഎ പ്രസിഡന്റ് കെ ആര്‍ ലൈജു വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 73 കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ 98 ശതമാനവും ആദിവാസി വിദ്യാര്‍ഥികളാണ്.


കുട്ടികളുടെ പഠനപ്രശ്‌നങ്ങള്‍ക്കൊപ്പം കുടുംബാന്തരീക്ഷവും ജീവിതസാഹചര്യങ്ങളും കൂടി അടുത്തറിയാനാണ് ഈ യാത്ര. ഇതിനായി ഒരു വിവരശേഖരണ ഫോര്‍മാറ്റ് തയ്യാറാക്കിയാണ് ഗൃഹസന്ദര്‍ശനം നടത്തിയത്. വൈദ്യുതി കണക്ഷന്‍, മൊബൈല്‍ റെയ്ഞ്ച് പ്രശ്‌നം, പഠനോപകരണങ്ങള്‍, ആദിവാസി മേഖലകളിലെ ലഹരി ഉപയോഗം, കുടിവെള്ളം, വീട്ടിന്റെ അവസ്ഥ, രോഗം ഇത്തരം വിവരങ്ങള്‍ ശേഖരിച്ചു. അപകടം പതിയിരിക്കുന്ന വഴികള്‍ താണ്ടി സുരക്ഷിതമായി സ്‌കൂളിലെത്താന്‍ ആദിവാസി വിഭാഗത്തിനായി ഏര്‍പ്പെടുത്തിയിരുന്ന ഗതാഗതസംവിധാനമായ ഗോത്രസാരഥി പദ്ധതി നിലച്ചുപോയത് വിദ്യാര്‍ഥികളുടെ സ്‌കൂള്‍ യാത്രയ്ക്ക് മുടക്കം വന്നിരിക്കയാണ്.

ഗൃഹസന്ദര്‍ശനം വഴി ലഭിക്കുന്ന വിവരങ്ങള്‍ വിലയിരുത്തി തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുകയും ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യും. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം തേടാന്‍ നടപടി സ്വീകരിക്കും. നിലവില്‍ പ്രവര്‍ത്തനം നിലച്ച ട്രൈബല്‍ ഹോസ്റ്റലിന് പകരം പുതിയ സൗകര്യം കണ്ടെത്തി വിദ്യാര്‍ഥികള്‍ക്ക് സൗകര്യമൊരുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണം. ഏറെ വിദ്യാര്‍ഥികള്‍ക്കും സമീകൃത ഭക്ഷണത്തിന്റെ കുറവുള്ളതിനാല്‍ ആരോഗ്യപ്രശ്‌നങ്ങളുള്ളതായി ഇവര്‍ അറിയിച്ചു. അരീക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പിടിഎ പ്രസിഡന്റിനെ കൂടാതെ പിടിഎ അംഗം കെ ആര്‍ ഗോപാലന്‍, പ്രധാനാധ്യാപകന്‍ പ്രശാന്തകുമാര്‍ പി എസ് പങ്കെടുത്തു.

Next Story

RELATED STORIES

Share it