കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ ഉപ്പിലിട്ട പഴങ്ങള്‍ വില്‍ക്കുന്നതിന് വിലക്ക്
കോഴിക്കോട്: കോര്‍പറേഷന്‍ പരിധിയില്‍ ഉപ്പിലിട്ട പഴങ്ങള്‍ വില്‍ക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. ഉപ്പും വിനാഗിരിയും ചേര്‍ത്ത് തയ്യാറാക്കുന്ന പഴങ്ങള്‍ വില്‍ക്കാന്‍ പാടില്ലെന്നാണ് നിര്‍ദേശം. വരയ്ക്കല്‍ ബീച്ചിലെ രണ്ട് തട്ടുകടകളില്‍ കന്നാസുകളില്‍ സൂക്ഷിച്ചിരുന്നത് ഗ്ലേഷ്യല്‍ അസറ്റിക് ആസിഡാണെന്ന് കണ്ടെത്തിയിരുന്നു. ഉപ്പിലിട്ട വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത് വിനാഗിരി ലായനിയില്‍ തന്നെയാണെന്നും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയില്‍ കണ്ടെത്തി. കോഴിക്കോട് ബീച്ചിലെ 53 തട്ടുകടകളിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പും കോര്‍പറേഷന്‍ ആരോഗ്യ വിഭാഗവും വ്യാഴാഴ്ച സംയുക്ത പരിശോധന നടത്തിയത്.
17 കടകളില്‍നിന്ന് മാനദണ്ഡങ്ങള്‍ പാലിക്കാതെ സൂക്ഷിച്ചിരുന്ന 35 ലിറ്റര്‍ ഗ്ലേഷ്യല്‍ അസറ്റിക് ആസിഡ് പിടിച്ചെടുത്തു നശിപ്പിച്ചു. മാനദണ്ഡങ്ങള്‍ പാലിക്കാതെ സൂക്ഷിച്ചിരുന്ന 17 ബ്ലോക്ക് ഐസ് പിടിച്ചെടുത്തു നശിപ്പിച്ചു. ഭക്ഷ്യസുരക്ഷാ നിയമം പാലിക്കാതെ പ്രവര്‍ത്തിച്ച 12 കടകള്‍ താത്കാലികമായി അടപ്പിച്ചു. 8 കടകള്‍ക്ക് കോംബൗണ്ടിങ് നോട്ടീസ് നല്‍കി. മൊബൈല്‍ ലാബിന്റെ സഹായത്തോടെ 18 സാംപിളുകള്‍ മിനറല്‍ ആസിഡിന്റെ സാന്നിധ്യം പരിശോധിച്ചു. ഒരു സാംപിളിലും മിനറല്‍ അസിഡിന്റെ സാന്നിധ്യം കണ്ടെത്തിയില്ല.
വരും ദിവസങ്ങളിലും പരിശോധന ഊര്‍ജിതമായി തുടരുമെന്ന് കോഴിക്കോട് ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണര്‍ അറിയിച്ചു. ഉപ്പിലിട്ടത് വില്‍ക്കുന്ന കടയില്‍നിന്ന് രാസവസ്തു കുടിച്ച് രണ്ട് കുട്ടികള്‍ക്ക് പൊള്ളലേറ്റ സംഭവത്തെ തുടര്‍ന്നാണ് വ്യാപക പരിശോധന നടന്നത്. പഠനയാത്രക്ക് കോഴിക്കോട്ടെത്തിയ വിദ്യാര്‍ഥികള്‍ക്കാണ് പൊള്ളലേറ്റത്. ഉപ്പിലിട്ടത് കഴിച്ച് എരിവുതോന്നിയപ്പോള്‍ അടുത്തുകണ്ട കുപ്പിയില്‍ വെള്ളമാണെന്നു കരുതി കുടിക്കുകയായിരുന്നു. കുടിച്ച കുട്ടിയുടെ വായ പൊള്ളി. ഈ കുട്ടിയുടെ ഛര്‍ദ്ദില്‍ ദേഹത്തുപറ്റിയ മറ്റൊരുകുട്ടിക്കും പൊള്ളലേറ്റു. കാസര്‍കോട് തൃക്കരിപ്പൂര്‍ ആയട്ടി സ്വദേശികളായ മുഹമ്മദ് (14), സാബിദ് (14) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.
കുട്ടികള്‍ക്ക് പൊള്ളലേറ്റ സാഹചര്യത്തില്‍ ബീച്ചിലെ തട്ടുകടകളില്‍ സാധനങ്ങള്‍ വില്‍പ്പന നടത്തുന്നത് സംബന്ധിച്ച് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ പ്രത്യേക നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. തട്ടുകടകളില്‍ പഴങ്ങള്‍ ഉപ്പിലും സുര്‍ക്കയിലും ഇടുന്നത്തിനു ഉപ്പുലായിനിയും വിനാഗിരിയും മാത്രമേ ഉപയോഗിക്കുവാന്‍ പാടുള്ളൂ. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രകാരം മാര്‍ക്കറ്റുകളില്‍ ലഭിക്കുന്ന നിശ്ചിതഗുണനിലവാരമുള്ള സിന്തറ്റിക് വിനഗര്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. തട്ടുകടകളില്‍ ഒരു കാരണവശാലും ഗ്ലേഷ്യല്‍ അസറ്റിക് ആസിഡ് സൂക്ഷിക്കുവാനോ ഭക്ഷ്യ വസ്തുക്കളില്‍ നേരിട്ട് ചേര്‍ക്കാനോ പാടില്ല.
ഒരാഴ്ചയ്ക്കുള്ളില്‍ ബീച്ചിലെ മുഴുവന്‍ തട്ടുകടക്കാര്‍ക്കും ഭക്ഷ്യസുരക്ഷാ പരിശീലനം നല്‍കും. തട്ടുകടകളില്‍ ഭക്ഷ്യ അസംസ്‌കൃത വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കേണ്ടത് അതാത് കച്ചവടക്കാരന്റെയും ഉത്തരവാദിത്തമാണ്. കൃത്യമായ ലേബല്‍ വിവരങ്ങളോടുകൂടിയ ഭക്ഷ്യ അസംസ്‌കൃത വസ്തുക്കള്‍ മാത്രമേ ഉപയോഗിക്കുവാനോ വില്‍ക്കാനോ പാടുള്ളൂ. ഭക്ഷ്യ വസ്തുക്കളുടെയും ഭക്ഷ്യ അസംസ്‌കൃത വസ്തുക്കളുടെയും ബില്ലുകള്‍ കൃത്യമായി പരിപാലിക്കേണ്ടതും പരിശോധന സമയത്ത് ഹാജരാക്കേണ്ടതുമാണ്. ഭക്ഷ്യസുരക്ഷാ ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാതെ കടകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കില്ല. പരാതികള്‍ രേഖപ്പെടുത്താന്‍ ഭക്ഷ്യസുരക്ഷാ ടോള്‍ ഫ്രീ നമ്പറായ 18004251125ല്‍ അറിയിക്കേണ്ടതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
RELATED STORIES
ചാംപ്യന്സ് ലീഗിന് ഇന്ന് കിക്കോഫ്; ആദ്യ ദിനം വമ്പന്മാര് ഇറങ്ങുന്നു
17 Sep 2024 6:56 AM GMTഉത്തര്പ്രദേശില് സ്ത്രീധനത്തിന്റെ പേരില് വധുവിനെ അടിച്ചുകൊന്നു
17 Sep 2024 6:46 AM GMTമലപ്പുറത്ത് നിപയില് ആശ്വാസം; 13 പേരുടെ ഫലം നെഗറ്റീവ്
17 Sep 2024 5:36 AM GMTമൈനാഗപ്പള്ളി അപകടം; പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുക്കും
17 Sep 2024 4:59 AM GMTകെഎന്എം നേതാവ് കെ സി മുഹമ്മദ് മൗലവി നിര്യാതനായി
17 Sep 2024 4:50 AM GMTറേഷന് കാര്ഡ് മസ്റ്ററിങ് നാളെ മുതല്
17 Sep 2024 4:49 AM GMT