Kozhikode

മാധ്യമസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാന്‍ അനുവദിക്കില്ല: വിദ്യാര്‍ഥി കോ-ഓഡിനേഷന്‍

മാധ്യമസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാന്‍ അനുവദിക്കില്ല: വിദ്യാര്‍ഥി കോ-ഓഡിനേഷന്‍
X

കോഴിക്കോട്: ഭരണകൂട ഭീകരതയ്ക്ക് നേരേ ഉയരുന്ന ചോദ്യങ്ങളെയും ശബ്ദങ്ങളെയും ഇല്ലാതാക്കാനുള്ള സംഘപരിവാറിന്റെ ആസൂത്രിത നീക്കങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ് മീഡിയാ വണ്‍ എന്നും മാധ്യമസ്വാതന്ത്ര്യത്തെ കൂച്ചുവിലങ്ങിടാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ വിദ്യാര്‍ഥി സമൂഹം ഒരുമിച്ചുനിന്ന് എതിര്‍ക്കണമെന്നും സ്റ്റുഡന്റ് കോ-ഓഡിനേഷന്‍ ആവശ്യപ്പെട്ടു. ജില്ലയിലെ വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ കോഴിക്കോട് ബീച്ചില്‍ സ്റ്റാന്റ് വിത്ത് മീഡിയാ വണ്‍: സ്റ്റുഡന്റ് പ്രൊ ടെസ്റ്റ് എന്ന തലക്കെട്ടില്‍ നടത്തിയ പരിപാടിയിലാണ് ആവശ്യമുയര്‍ന്നത്.

കാരണം പോലും വ്യക്തമാക്കാതെ കേരളത്തിലെ പ്രമുഖ വാര്‍ത്താ ചാനലായ മീഡിയാ വണ്ണിന് നേരേ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംപ്രേഷണ വിലക്ക് ഭരണഘടനാ മൂല്യങ്ങളെ അട്ടിമറിക്കുന്ന നടപടിയാണ്. രാജ്യസുരക്ഷയുടെ പേരില്‍ ഭരണകൂട ഭാഷ്യങ്ങളെ അതേപടി അംഗീകരിക്കുന്ന സംവിധാനങ്ങളാണ് നമ്മുടെ മുന്നിലുള്ള യാഥാര്‍ഥ്യം. ഇന്ന് മീഡിയാ വണ്ണിന് നേരെയുള്ള വിലക്ക് നാളെ മറ്റേത് വാര്‍ത്താമാധ്യമത്തിനു നേരെയുമുണ്ടായേക്കാം. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് ഏറെ ഭീഷണിയാണ് ഭരണകൂടത്തിന്റെ ഇത്തരം നടപടികള്‍.

ഭരണഘടന ഉറപ്പുനല്‍കുന്ന സകല അവകാശങ്ങളെയും കാറ്റില്‍പറത്തി തങ്ങളുടെ വര്‍ഗീയ അജണ്ടകളെ നടപ്പാക്കാനുള്ള സംഘപരിവാര്‍ നീക്കങ്ങളെ വിദ്യാര്‍ഥികള്‍ എന്ത് വിലകൊടുത്തും ചെറുക്കണമെന്നും പരിപാടിയില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ എന്നും മീഡിയാ വണ്ണിനൊപ്പം നിലയുറപ്പിക്കാന്‍ വിദ്യാര്‍ഥികള്‍ മുന്‍പന്തിയിലുണ്ടാവുമെന്നും കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റങ്ങളെ വിദ്യാര്‍ഥികള്‍ തെരുവില്‍ ശക്തമായി ചെറുത്തുതോല്‍പ്പിക്കുമെന്നും പരിപാടി പ്രഖ്യാപിച്ചു. നഈം ഗഫൂര്‍, ലുലു മര്‍ജാന്‍, താഹാ ഫസല്‍, ഫര്‍ഹ, അഡ്വ.അബ്ദുല്‍ വാഹിദ്, അന്‍വര്‍ കോട്ടപ്പള്ളി, മുനീബ് എലങ്കമല്‍ എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it