Kozhikode

ഇന്ധന വിലവര്‍ധനയ്‌ക്കെതിരേ സംയുക്ത സമരം ആലോചിക്കണം: എസ്ഡിപിഐ

ഇന്ധന വിലവര്‍ധനയ്‌ക്കെതിരേ സംയുക്ത സമരം ആലോചിക്കണം: എസ്ഡിപിഐ
X

കോഴിക്കോട്: അനിയന്ത്രിതമായ ഇന്ധന വിലവര്‍ധനയ്‌ക്കെതിരേ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും സംയുക്തമായി സമരരംഗത്തിറങ്ങണമെന്ന് എസ് ഡിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. പെട്രോള്‍ ഡീസല്‍ വിലവര്‍ധനയും ഇത് കാരണമുണ്ടാക്കുന്ന അവശ്യ വസ്തുക്കളുടെ വിലക്കയറ്റവും ജനജീവിതം താളം തെറ്റുന്ന സാഹചര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും സംയുക്തമായി സമരരംഗത്തിറങ്ങുന്നതിനെക്കുറിച്ച് ആലോചിക്കണം. ജനപക്ഷത്ത് നില്‍ക്കുന്ന ഇത്തരം നീക്കങ്ങള്‍ക്ക് എസ് ഡിപിഐ ശ്രമിക്കും.

തങ്ങളുടെ അജണ്ടകള്‍ നടപ്പാക്കി പാര്‍ലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കിയ ബിജെപി സര്‍ക്കാര്‍ ജനങ്ങളെ ബാധിക്കുന്ന ഇത്തരം വിഷയങ്ങള്‍ ചര്‍ച്ചയാക്കാന്‍ പോലും ഒരുക്കമല്ലെന്ന നിലപാടിലാണ്. ജനങ്ങളോടുള്ള ഇത്തരം വെല്ലുവിളികള്‍ക്കെതിരേ പ്രതികരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ആര്‍ജവം കാണിക്കണം. വര്‍ഗീയതയും പരമത വിദ്വേഷവും പ്രചരിപ്പിക്കുന്ന നിലപാടാണ് ബിജെപി സര്‍ക്കാര്‍ തുടരുന്നത്. നിത്യോപയോഗ സാധനങ്ങള്‍ക്കും മരുന്നുകള്‍ക്ക് പോലും വില കുത്തനെ കൂടി ജനങ്ങള്‍ ദുരിതത്തിലാണെന്നിരിക്കെ ബിജെപി തയ്യാറാക്കുന്ന അജണ്ടകള്‍ക്ക് പിന്നാലെ പോവാതെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ ജനമധ്യത്തില്‍ ഉയര്‍ത്തിപ്പിടിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിയണമെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.

ഇന്ധന വിലനിര്‍ണയാധികാരം സര്‍ക്കാര്‍ തിരിച്ചെടുക്കണം. അവശ്യസാധനങ്ങള്‍ പോലും വാങ്ങാന്‍ കഴിയാതെ ജനങ്ങള്‍ പട്ടിണിയിലാവുന്ന സാഹചര്യത്തില്‍ സംയുക്ത സമരത്തിനു മുന്‍കൈയെടുക്കുമെന്നും ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വാഹിദ് ചെറുവറ്റ, ജനറല്‍ സെക്രട്ടറി എന്‍ കെ റഷീദ് ഉമരി, ഓര്‍ഗനൈസിങ് സെക്രട്ടറി എ പി നാസര്‍, സെക്രട്ടറിമാരായ കെ ഷെമീര്‍, പി ടി അഹമ്മദ്, ട്രഷറര്‍ ടി കെ അസീസ് മാസ്റ്റര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it