Kottayam

റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് രണ്ട് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മരിച്ചു

റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് രണ്ട് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മരിച്ചു
X
കോട്ടയം: റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് രണ്ട് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മരിച്ചു. കോട്ടയം ചങ്ങനാശേരിയിലാണ് സംഭവം. ചങ്ങനാശ്ശേരി വെങ്കോട്ട വര്‍ഗീസ്, വാലുമ്മോച്ചിറ കല്ലംപറമ്പില്‍ പരമേശ്വരന്‍ എന്നിവരാണ് മരിച്ചത്. പാര്‍ട്ടിയുടെ കര്‍ഷക സംഘടനയുടെ പരിപാടിക്ക് എത്തിയപ്പോഴാണ് അപകടം ഉണ്ടായത്.

എംസി റോഡില്‍ കുറിച്ചി ചെറുവേലിപ്പടിയില്‍ രാത്രി എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്. സമീപത്തെ പുരയിടത്തില്‍ നടന്ന കേരള കര്‍ഷക യൂണിയന്റെ കേര കര്‍ഷക സൗഹൃദ സംഗമ പരിപാടിയില്‍ എത്തിയതായിരുന്നു ഇരുവരും. റോഡ് മുറിച്ചു കടക്കുന്നതിനിടെ ചങ്ങനാശ്ശേരി ഭാഗത്തു നിന്നെത്തിയ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു.

വാഹനമിടിച്ച് ദൂരേക്ക് തെറിച്ചുവീണ ഇരുവര്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. തലയ്ക്ക് ഉള്‍പ്പടെ പരിക്കേറ്റ രണ്ടുപേരെയും പെട്ടെന്ന് തന്നെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചു. എന്നാല്‍ ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു.

പിക്കപ്പ് വാഹനം അമിതവേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷകള്‍ പറയുന്നു. സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലുള്ള മൃതദേഹങ്ങള്‍ ഇന്ന് പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവം അറിഞ്ഞ് കേരള കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഇന്നലെ രാത്രി തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയിരുന്നു.






Next Story

RELATED STORIES

Share it