Kottayam

മഴക്കെടുതിയും ഉരുള്‍പൊട്ടലും; നാശനഷ്ടം സംബന്ധിച്ച അന്തിമ റിപോര്‍ട്ട് നവംബര്‍ 30നകം നല്‍കാന്‍ നിര്‍ദേശം

മഴക്കെടുതിയും ഉരുള്‍പൊട്ടലും; നാശനഷ്ടം സംബന്ധിച്ച അന്തിമ റിപോര്‍ട്ട് നവംബര്‍ 30നകം നല്‍കാന്‍ നിര്‍ദേശം
X

കോട്ടയം: ഉരുള്‍പൊട്ടലിലും മഴക്കെടുതിയിലും പൂര്‍ണമായും ഭാഗികമായും തകര്‍ന്ന വീടുകളുടെ നാശനഷ്ടം കണക്കാക്കിയുള്ള അന്തിമ റിപോര്‍ട്ട് നവംബര്‍ 30നകം നല്‍കണമെന്ന് മന്ത്രി വി എന്‍ വാസവന്‍ നിര്‍ദേശിച്ചു. മഴക്കെടുതി നേരിട്ട പ്രദേശങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ കലക്ടറേറ്റില്‍ കൂടിയ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ച് നിയമപ്രകാരം ജനങ്ങള്‍ക്ക് പരമാവധി സഹായം ലഭ്യമാകുന്നവിധം അന്തിമ റിപോര്‍ട്ട് തയാറാക്കണം.

ഗ്രാമപ്പഞ്ചായത്ത് ജനപ്രതിനിധികളും റവന്യൂ, തദ്ദേശസ്വയംഭരണവകുപ്പ് എന്‍ജിനീയര്‍മാരും സംയുക്തമായി പരിശോധിച്ച് വീടുകളുടെ നാശനഷ്ടം വിലയിരുത്തി യാഥാര്‍ഥ്യബോധത്തോടെ, തര്‍ക്കരഹിതമായ റിപ്പോര്‍ട്ട് നല്‍കണം. തകര്‍ന്ന റോഡുകളും പാലങ്ങളും ഗതാഗതയോഗ്യമാക്കാനുള്ള എസ്റ്റിമേറ്റ് നവംബര്‍ 30നകം നല്‍കാനും മന്ത്രി പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്‍കി. വിവിധ വകുപ്പുകള്‍ നാശനഷ്ടം സംബന്ധിച്ച അന്തിമ റിപോര്‍ട്ട് 30നകം നല്‍കണം. ഗതാഗത തടസങ്ങള്‍ ഒഴിവാക്കി റോഡുകള്‍ സഞ്ചാരയോഗ്യമാക്കുന്നതിന് ഗൗരവമായ നടപടി വേണം.

മഴക്കെടുതിയിലും ഉരുള്‍പൊട്ടലിലും നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുന്നതിന് ദുരിതബാധിത മേഖലയില്‍ പ്രത്യേക അദാലത്ത് നടത്തുമെന്ന് മഹാത്മാഗാന്ധി സര്‍വകലാശാല അറിയിച്ചതായി മന്ത്രി പറഞ്ഞു. വീടുകളുടെ നാശനഷ്ടം പൂര്‍ണമായി വിലയിരുത്തുന്നതിന് തദ്ദേശസ്വയംഭരണ എന്‍ജിനീയര്‍മാരുടെ സേവനം ആവശ്യമെങ്കില്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിക്കാന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്‍കി. ദുരിതമേഖലയില്‍ കെഎസ്ഇബി, ജല അതോറിറ്റി, ബിഎസ്എന്‍എല്‍ എന്നിവ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവച്ചതായി മന്ത്രി പറഞ്ഞു.

വിവിധ വകുപ്പുകള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. കൈവരികളടക്കം തകര്‍ന്ന വിവിധ പാലങ്ങള്‍ ഗതാഗത യോഗ്യമാക്കാനുള്ള നടപടി ആരംഭിച്ചതായി പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു. സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ്, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ ഡോ.പി കെ ജയശ്രീ, എഡിഎം ജിനു പുന്നൂസ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it