Kollam

പരീക്ഷാഫലം വൈകിപ്പിച്ച് കേരള സർവകലാശാല; വിദ്യാർഥികളുടെ ഭാവി ആശങ്കയിൽ

വിദ്യാർഥികളുടെ ഭാവി തകർക്കുന്ന ഇത്തരം സമീപനം അവസാനിപ്പിച്ച് പരീക്ഷാ ഫലം ഉടൻ പുറത്തുവിടണമെന്നും സപ്ലിമെന്ററി പരീക്ഷ തീയതി നീട്ടിവച്ച് പ്രശ്നപരിഹാരം കാണണമെന്നും കാംപസ് ഫ്രണ്ട് കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

പരീക്ഷാഫലം വൈകിപ്പിച്ച് കേരള സർവകലാശാല; വിദ്യാർഥികളുടെ ഭാവി ആശങ്കയിൽ
X

കൊല്ലം: കേരളാ സർവകലാശാലയിൽ 2017-2020 ബിരുദ കോഴ്സിലെ രണ്ടാം സെമസ്റ്റർ പരീക്ഷകളുടെ ഫലം പുറത്തുവിടാത്തത് വിദ്യാർഥികളിൽ ആശങ്കയുളവാക്കുന്നതായി കാംപസ് ഫ്രണ്ട് കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തി. പരീക്ഷ കഴിഞ്ഞ് ദീർഘകാലമായിട്ടും വിവിധ ഡിപ്പാർട്ട്മെന്റുകളുടെ റിസൽറ്റ് പുറത്ത് വിടാതിരിക്കുകയും സപ്ലിമെന്ററി പരീക്ഷകളുടെ തീയതി പുറത്തുവിടുകയും ചെയ്തിരിക്കുകയാണ്.

ഫീസ് അടക്കേണ്ട അവസാന തീയതി അടുത്തിട്ടും സർവകലാശാല തുടരുന്ന ഈ നിരുത്തരവാദപരമായ പ്രവർത്തനം വിദ്യാർഥികളുടെ തുടർന്നുള്ള ഭാവിയെ ബാധിക്കും. കേരളാ സർവകലാശാലയുടെ കീഴിലുള്ള നിരവധി കോളജുകളിൽ സമാനമായ സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. തുച്ഛമായ കോഴ്സുകളുടെ ഫലം മാത്രം പുറത്തുവിട്ട് പൊതുസമൂഹത്തിന്റെയും വിദ്യാർഥികളുടെയും കണ്ണിൽ പൊടിയിടാനാണ് സർവകലാശാല ശ്രമിക്കുന്നത്.

സപ്ലിമെന്ററി പരീക്ഷ ഫീസ് അടക്കേണ്ട അവസാന തീയതി എത്തിനിൽക്കുന്ന സാഹചര്യത്തിൽ തങ്ങളുടെ ഫലം അനുകൂലമാണോ പ്രതികൂലമാണോ എന്ന പ്രതിസന്ധിയിലാണ് പല വിദ്യാർഥികളും. വിദ്യാർഥികളുടെ ഭാവി തകർക്കുന്ന ഇത്തരം സമീപനം അവസാനിപ്പിച്ച് പരീക്ഷാ ഫലം ഉടൻ പുറത്തുവിടണമെന്നും സപ്ലിമെന്ററി പരീക്ഷ തീയതി നീട്ടിവച്ച് പ്രശ്ന പരിഹാരം കാണണമെന്നും ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് അബ്ദുൽ കാസിം അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി അജ്മൽ ഹുസൈൻ ശൂരനാട്, ഭാരവാഹികളായ മുഹമ്മദ് ഷാ കരുനാഗപ്പള്ളി, ബാസിത്ത് ആൽവി, അൻവർ ചാത്തന്നൂർ സംബന്ധിച്ചു.

Next Story

RELATED STORIES

Share it