Kannur

ഓണം സ്‌പെഷ്യല്‍ ഡ്രൈവ്: വാഹനത്തില്‍ കടത്തുകയായിരുന്ന 100 ലിറ്റര്‍ വ്യാജ ചാരായം പിടികൂടി

ഓണം സ്‌പെഷ്യല്‍ ഡ്രൈവ്: വാഹനത്തില്‍ കടത്തുകയായിരുന്ന 100 ലിറ്റര്‍ വ്യാജ ചാരായം പിടികൂടി
X

കണ്ണൂര്‍: ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പിനു സമീപം നടുവില്‍ വില്ലേജിലെ നരിയന്മാവില്‍ നടത്തിയ റെയ്ഡില്‍ വാഹനത്തില്‍ കടത്തിക്കൊണ്ടു പോവുകയായിരുന്ന 100 ലിറ്റര്‍ വ്യാജ വാറ്റുചാരായം പിടികൂടി. ആലക്കോട് എക്‌സൈസ് റെയ്ഞ്ച് ഓഫിസിലെ പ്രിവന്റീവ് ഓഫിസര്‍ കെ അഹമ്മദും പാര്‍ട്ടിയും ഇന്ന് ഉച്ചയ്ക്ക് 1.15ഓടെ നടത്തിയ റെയ്ഡിലാണ് ജീപ്പ് പിടികൂടിയത്. വാഹന ഉടമ കൂടിയായ പ്രതി ന്യൂനടുവില്‍ നരിയന്മാവ്-കോഴിക്കുന്ന് താമസിക്കുന്ന തെങ്ങനാ കുന്നേല്‍ ടി ടി മാത്യു(51) ജീപ്പ് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. മലയോര മേഖലയിലെ വിവിധ പ്രദേശങ്ങളിലേക്ക് ജീപ്പില്‍ ചാരായമെത്തിച്ച് വില്‍പ്പന നടത്തുന്നയാളായിരുന്നു പ്രതിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി എക്‌സൈസ് അറിയിച്ചു.

പ്രതി മാത്യു ദിവസങ്ങളായി എക്‌സൈസ് നിരീക്ഷണത്തിലായിരുന്നു. പ്രതിയുടെ വീട്ടു പരിസരത്ത് എക്‌സൈസ് സംഘം നടത്തിയ തിരച്ചിലില്‍ ജാറുകളില്‍ സൂക്ഷിച്ചിരുന്ന 100 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കണ്ടെടുക്കുകയാരുന്നു. പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്ത എക്‌സൈസ് സംഘം കെഎല്‍ 07എ3036 നമ്പര്‍ മഹീന്ദ്ര ജീപ്പ് കസ്റ്റഡിയിലെടുത്തു. രക്ഷപെട്ട പ്രതിയെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഓണത്തോടനുബന്ധിച്ച് മലയോര മേഖലയിലാകെ വ്യാജമദ്യം ഒഴുക്കാനുള്ള സാമൂഹിക വിരുദ്ധരുടെ ശ്രമമാണ് അവസരോചിത നീക്കത്തിലൂടെ എക്‌സൈസ് തകര്‍ത്തത്. പ്രിവന്റീവ് ഓഫിസര്‍ അഹമ്മദിനോടൊപ്പം സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സി കെ ഷിബു, രഞ്ജിത്ത് കുമാര്‍, പി ഷിബു, റെനില്‍ കൃഷ്ണന്‍, എം ബി മുനീര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Onam Special Drive: Police seized 100 liters of fake liquor from a vehicle



Next Story

RELATED STORIES

Share it