Kannur

സ്വര്‍ണം നഷ്ടപ്പെട്ടെന്ന് പറഞ്ഞ് അര്‍ജുന്‍ ആയങ്കിക്കെതിരേ ആരും പരാതിയുമായി എത്തിയിട്ടില്ലെന്ന് എം വി ജയരാജന്‍

സ്വര്‍ണം നഷ്ടപ്പെട്ടെന്ന് പറഞ്ഞ് അര്‍ജുന്‍ ആയങ്കിക്കെതിരേ ആരും പരാതിയുമായി എത്തിയിട്ടില്ലെന്ന് എം വി ജയരാജന്‍
X

കണ്ണൂര്‍: സ്വര്‍ണം നഷ്ടപ്പെട്ടെന്ന് പറഞ്ഞ് അര്‍ജുന്‍ ആയങ്കിക്കെതിരേ ആരും പരാതി പറയാനെത്തിയിട്ടില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. അഥവാ പരാതിയുമായി ആരെങ്കിലുമെത്തിയാല്‍തന്നെ പോലിസിനെ സമീപിക്കാനാണ് സിപിഎം നിര്‍ദേശിക്കുകയെന്നും ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. തന്നെ ആരും ഇതുവരെ ഇക്കാര്യം പറഞ്ഞ് സമീപിച്ചിട്ടില്ല. സ്വര്‍ണം കൊണ്ടുവരാന്‍ വാഹനം കൊടുത്തുവെന്ന പ്രാഥമിക നിഗമനത്തിലാണ് സിപിഎം അംഗത്തിനെതിരേ നടപടിയെടുത്തത്. സജേഷിന്റെ കാറാണ് അര്‍ജുന്‍ ഉപയോഗിച്ചത്. സജേഷിന്റെ ഉടമസ്ഥതയിലുള്ളാണ് വാഹനമെന്നാണ് പ്രാഥമികാന്വേഷണത്തില്‍ പോലിസ് കണ്ടെത്തിയത്.

വാഹനം കൊടുത്തിട്ടുണ്ടാവാം. പാര്‍ട്ടി അംഗങ്ങള്‍ക്ക് ക്വട്ടേഷന്‍ ബന്ധമുണ്ടോയെന്ന് പരിശോധിക്കും. ക്വട്ടേഷന്‍ പരിപാടികളില്‍ സഹായിക്കുകയോ സഹകരിക്കുകയോ ചെയ്യുന്നത് പരിശോധിച്ച് നടപടിയെടുക്കും. പാര്‍ട്ടിക്കകത്ത് തെറ്റുചെയ്തവരുണ്ടെങ്കില്‍ അവരെ തിരുത്തിക്കാന്‍ ശ്രമിക്കും. 2019 ജൂണ്‍ 16ന് ക്വട്ടേഷന്‍ സാമൂഹിക തിന്‍മയാണെന്ന് പറഞ്ഞ് സിപിഎം കാംപയിന്‍ നടത്തിയതാണ്. ബ്ലേഡ് ഇടപാട് അടക്കം ജനങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയാത്ത തിന്‍മകള്‍ക്കെതിരേ കാംപയിന്‍ സംഘടിപ്പിച്ചുവരികയാണ്. സിപിഎം ഭരിക്കുന്ന ബാങ്കുകള്‍ സ്വര്‍ണക്കടത്തിന് നേതൃത്വം കൊടുക്കുന്നുവെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിക്കരുത്.

സിപിഎം ബരിക്കുന്ന ബാങ്കുകള്‍ സഹകരണ, റിസര്‍വ് ബാങ്ക് നിയമം അനുസരിച്ച് പ്രവര്‍ത്തിക്കുന്നതാണ്. നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന ബാങ്കില്‍ സംശയത്തിന്റെ കരിനിഴല്‍ വീഴ്ത്തരുത്. സഹകരണ ബാങ്കുകള്‍ ജനങ്ങളുടെ ആശ്രയകേന്ദ്രമാണ്. സഹകരണ ബാങ്കിലെ ജീവനക്കാരന്‍ തെറ്റുചെയ്താല്‍ കൂട്ടുനില്‍ക്കാത്തിടത്തോളം കാലം ബാങ്കിന്റെ പേര് പറയരുത്. ഏതെങ്കിലും വ്യക്തി തെറ്റുചെയ്‌തെങ്കിലും അവര്‍ ജോലിചെയ്യുന്ന സ്ഥാപനമോ കുടുംബമോ മഹാ അപരാധം ചെയ്തുവെന്ന വ്യാഖ്യാനം നടത്തരുത്.

സിപിഎം സസ്‌പെന്റ് ചെയ്ത സി സജേഷിനെയും കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് ചോദ്യം ചെയ്യാനിരിക്കെയാണ് ജയരാജന്റെ പ്രസ്താവന. സിപിഎം നിയന്ത്രണത്തിലുള്ള കൊയ്യോട് സഹകരണ ബാങ്കില്‍ സ്വര്‍ണം പരിശോധിക്കുന്നയാളാണ് സജേഷ്. കടത്തിയ സ്വര്‍ണം സജേഷ് കൈകാര്യം ചെയ്തിരുന്നോയെന്നാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. എതിര്‍പാര്‍ട്ടിക്കാരുടെ ക്വട്ടേഷന്‍ ബന്ധം സ്ഥാപിക്കാന്‍ മുന്‍കാലങ്ങളിലെ മാധ്യമറിപോര്‍ട്ടുകള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു വാര്‍ത്താസമ്മേളനം.

Next Story

RELATED STORIES

Share it