Kannur

കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ക്കെതിരായ അവിശ്വാസം പരാജയപ്പെട്ടു; യുഡിഎഫ് വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു

Kannur corporation vote against deputy mayor; UDF boycott polls

കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ക്കെതിരായ അവിശ്വാസം പരാജയപ്പെട്ടു; യുഡിഎഫ് വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു
X
കണ്ണൂര്‍: ഇടതുഭരണം നഷ്ടപ്പെട്ട കണ്ണൂര്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസ് വിമതന്‍ ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷിനെതിരേ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു. യുഡിഎഫ് വോട്ടെടുപ്പ് ബഹിഷ്‌കരിച്ചതോടെയാണ് പി കെ രാഗേഷ് ഡെപ്യൂട്ടി മേയര്‍ സ്ഥാനത്ത് തുടരാന്‍ സാഹചര്യമൊരുങ്ങിയത്.


നേരത്തേ യുഡിഎഫ് കൗണ്‍സിലര്‍മാരുടെ യോഗത്തില്‍ വോട്ടെടുപ്പ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരുന്നു. ആകെയുള്ള 55 കൗണ്‍സിലര്‍മാരില്‍ 28 പേരുടെ പിന്തുണയുണ്ടെങ്കില്‍ മാത്രമാണ് അവിശ്വാസപ്രമേയം പാസാവുക. ആകെയുള്ള നോട്ടിഫൈഡ് അംഗങ്ങളില്‍ ഒരാളുടെയെങ്കിലും അധികവോട്ട് ലഭിച്ചാല്‍ മാത്രമേ അവിശ്വാസ പ്രമേയം പാസ്സാവുകയുള്ളൂ. നിലവില്‍ എല്‍ഡിഎഫിന് 26 അംഗങ്ങളാണുള്ളത്. 27 പേരുണ്ടായിരുന്നത് ഒരംഗം ഈയിടെ മരണപ്പെട്ടു. എല്‍ഡിഎഫിന് വോട്ടെടുപ്പില്‍ 26 വോട്ടുകളും ലഭിച്ചു.



അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നടന്നാല്‍ പി കെ രാഗേഷിനോട് എതിര്‍പ്പുള്ള യുഡിഎഫ് അംഗങ്ങള്‍ പ്രമേയത്തെ പിന്തുണയ്ക്കുകയാണെങ്കില്‍ എല്‍ഡിഎഫിന്റെ അവിശ്വാസം പാസാവുമെന്ന് മനസ്സിലാക്കിയാണ് യുഡിഎഫ് വോട്ടെടുപ്പ് ബഹിഷ്‌കരിച്ചത്. പി കെ രാഗേഷുമായി ഉണ്ടാക്കിയ ധാരണ തെറ്റിയാല്‍ അത് മേയര്‍ തിരഞ്ഞെടുപ്പിലും ബാധിക്കുമെന്നു കണ്ടാണ് ഇത്തരമൊരു തീരുമാനം.

രാഗേഷിന്റെ പിന്തുണയോടെ സിപിഎമ്മിലെ ഇ പി ലതയെ മേയര്‍ സ്ഥാനത്തു നിന്ന് നീക്കം ചെയ്‌തെങ്കിലും ലീഗിലെ ഒരുവിഭാഗവും കോണ്‍ഗ്രസിലെ ഒരു വിഭാഗവും ഇതിനോട് പൂര്‍ണമായും യോജിച്ചിട്ടില്ല. നാലുവര്‍ഷം കഴിഞ്ഞപ്പോള്‍ രാഗേഷിന്റെ പിന്തുണ തേടുന്നതും പള്ളിക്കുന്ന് ബാങ്ക് വിഷയത്തിലുണ്ടായ സംഘര്‍ഷത്തില്‍ ലീഗുകാര്‍ക്കെതിരായ കേസുകള്‍ ഇപ്പോഴും തീര്‍പ്പായിട്ടില്ലെന്നതും പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.




ചില പ്രാദേശിക ലീഗ് നേതാക്കള്‍ രാഗേഷിനെതിരേ പരസ്യപ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ്, അവിശ്വാസ പ്രമേയത്തിനു പിന്തുണ ലഭിച്ചേക്കാമെന്ന സംശയം യുഡിഎഫ് കൗണ്‍സിലര്‍മാരില്‍ തന്നെയുണ്ടായത്. എല്‍ഡിഎഫും ഇതേ ആത്മവിശ്വാസത്തിലായിരുന്നു.


ഇത്തരമൊരു നീക്കം ഒഴിവാക്കുകയെന്ന തന്ത്രപരമായ നീക്കമാണ് യുഡിഎഫ് വോട്ടെടുപ്പ് ബഹിഷ്‌കരണത്തിലൂടെ നടത്തിയത്. ബുധനാഴ്ച നടക്കുന്ന മേയര്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനു വേണ്ടി സുമാബാലകൃഷ്ണനാണു സ്ഥാനാര്‍ഥി. അട്ടിമറികള്‍ സംഭവിച്ചില്ലെങ്കില്‍ സുമാ ബാലകൃഷ്ണന്‍ മേയറാവും.





Next Story

RELATED STORIES

Share it