Sub Lead

സിറിയയില്‍ തടവുകാരെ പീഡിപ്പിച്ചവര്‍ക്ക് മാപ്പില്ലെന്ന് അബു മുഹമ്മദ് അല്‍ ജൂലാനി

സിറിയയില്‍ തടവുകാരെ പീഡിപ്പിച്ചവര്‍ക്ക് മാപ്പില്ലെന്ന് അബു മുഹമ്മദ് അല്‍ ജൂലാനി
X

ദമസ്‌കസ്: സിറിയയില്‍ തടവുകാരെ പീഡിപ്പിച്ചവര്‍ക്കും കൊന്നവര്‍ക്കും മാപ്പില്ലെന്ന് അബു മുഹമ്മദ് അല്‍ ജൂലാനി. പീഡകരെയും കൊലയാളികളെയും സംരക്ഷിക്കുന്ന രാജ്യങ്ങളോട് അവരെ കൈമാറാന്‍ ആവശ്യപ്പെടുമെന്ന് ദേശീയ ചാനലിന് നല്‍കിയ പ്രസ്താവനയില്‍ അല്‍ ജൂലാനി പറഞ്ഞു. സിറിയയുടെ ഖജനാവില്‍ വളരെ കുറച്ച് പണം മാത്രമേ ബാക്കിയുള്ളൂവെന്ന് ഇടക്കാല പ്രധാനമന്ത്രി മുഹമ്മദ് അല്‍ ബശീര്‍ ഇറ്റാലിയന്‍ മാധ്യമമായ കൊറിയര്‍ ഡെല്ലാ സെറയോട് പറഞ്ഞു.

'' നിലവില്‍ ഒരു ഡോളറിന് 35,000 സിറിയന്‍ പൗണ്ട് ലഭിക്കും. വിദേശനാണ്യ ശേഖരവും ഇല്ല. രാജ്യം എടുത്ത വായ്പകളുടെയും ബോണ്ടുകളുടെയും വിവരങ്ങള്‍ ശേഖരിക്കുകയാണ്. സാമ്പത്തികമായി സിറിയ വളരെ മോശം അവസ്ഥയിലാണ്.''- മുഹമ്മദ് അല്‍ ബശീര്‍ വിശദീകരിച്ചു. സിറിയക്ക് മേല്‍ മുന്‍കാലത്ത് ഏര്‍പ്പെടുത്തിയ ചില ഉപരോധങ്ങള്‍ അവസാനിപ്പിക്കണമെന്ന് യുഎസിലെ രണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഈ വര്‍ഷം അവസാനം ഉപരോധങ്ങള്‍ പുതുക്കേണ്ട സമയമാണ്.

യുഎസ് സര്‍ക്കാരുമായി ഇക്കാര്യത്തില്‍ സംസാരിച്ചതായി വിമതര്‍ അറിയിച്ചിട്ടുണ്ട്. രാജ്യത്ത് സ്വതന്ത്ര വിപണി സമ്പ്രദായമായിരിക്കും നടപ്പാക്കുകയെന്നും ആഗോള സമ്പദ് വ്യവസ്ഥയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും വിമതനേതാക്കള്‍ അറിയിച്ചതായി ദമസ്‌കസ് ചേംപര്‍ ഓഫ് കൊമേഴ്‌സ് മേധാവി ബാസില്‍ ഹംവി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

അതേസമയം, സിറിയയിലെ സംഭവവികാസങ്ങളെ സൂക്ഷമമായി നിരീക്ഷിക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ടമെന്റ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞു.'' സായുധസമരത്തിലൂടെ അധികാരം പിടിച്ച നിരവധി സംഘടനകളെ ഞങ്ങള്‍ കണ്ടിട്ടുണ്ട്. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്നും മതസ്വാതന്ത്ര്യത്തിന് പ്രാധാന്യം നല്‍കുമെന്നും എല്ലാവരെയും അധികാരത്തില്‍ ഉള്‍പ്പെടുത്തുമെന്നുമെല്ലാം അവര്‍ പറയും. പിന്നെ അത് ലംഘിക്കും.''-മാത്യു മില്ലര്‍ പറഞ്ഞു.

അമേരിക്കയും സയണിസ്റ്റുകളും സംയുക്തമായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് സിറിയയിലെ സംഭവങ്ങളെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ലാ അലി ഖാംനഈ പ്രസ്താവനയില്‍ ആരോപിച്ചു. '' യുഎസിലെയും ഇസ്രായേലിലെയും കമാന്‍ഡ് റൂമുകളില്‍ ആസൂത്രണം ചെയ്ത സംഭവമാണ് ഇത്. ഞങ്ങളുടെ കൈയ്യില്‍ അതിന്റെ തെളിവുകളുണ്ട്. സിറിയയുടെ ഒരു അയല്‍രാജ്യവും അതില്‍ പങ്കാളികളാണ്. പക്ഷെ, പ്രധാന ആസൂത്രകര്‍ യുഎസും ഇസ്രായേലുമാണ്.''-തുര്‍ക്കിയുടെ പേര് പരാമര്‍ശിക്കാതെ ഖാംനഈ പറഞ്ഞു.

സിറിയയില്‍ ഇസ്രായേല്‍ നടത്തുന്ന കൈയ്യേറ്റം 1974ലെ കരാറിന്റെ ലംഘനമാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രായേല്‍ നടത്തുന്ന വ്യോമാക്രമണം ഗുരുതരമായ കുറ്റമാണ്. നിലവില്‍ സിറിയ ഭരിക്കുന്നവരുമായി ബന്ധമുണ്ടെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.

Next Story

RELATED STORIES

Share it