Kannur

കലാലയങ്ങളില്‍ ബോധപൂര്‍വം കലാപത്തിന് കെഎസ്‌യു ശ്രമം; കൊലപാതക രാഷ്ട്രീയത്തിനെതിരേ കാംപയിന്‍ നടത്തുമെന്ന് ഡിവൈഎഫ്‌ഐ

കലാലയങ്ങളില്‍ ബോധപൂര്‍വം കലാപത്തിന് കെഎസ്‌യു ശ്രമം; കൊലപാതക രാഷ്ട്രീയത്തിനെതിരേ കാംപയിന്‍ നടത്തുമെന്ന് ഡിവൈഎഫ്‌ഐ
X

കണ്ണൂര്‍: കേരളത്തിന്റെ കലാലയങ്ങളില്‍ ബോധപൂര്‍വം കലാപം നടത്തി നഷ്ടപ്പെട്ട സ്വാധീനം തിരിച്ചുപിടക്കാനാണ് കെഎസ്‌യു ശ്രമിക്കുന്നതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന ഭാരവാഹികള്‍ കണ്ണൂരില്‍ ആരോപിച്ചു. ഇളം ചോര ദാഹിക്കുന്ന ഡ്രാക്കുള സംഘമായി കെഎസ്‌യു മാറി. കെ സുധാകരന്‍ പാര്‍ട്ടി തലപ്പത്തെത്തിയതോടെ കലാപത്തിന് ആഹ്വാനം ചെയ്യുകയാണ്. സുധാകരന്റെ ഈ നിലപാട് തന്നെയാണോ കോണ്‍ഗ്രസ്സിന്റെ പൊതുനിലപാടെന്ന് എ കെ ആന്റണിയെ പോലെയുള്ള മുതിര്‍ന്ന നേതാക്കള്‍ അഭിപ്രായം പറയണമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരേ ഡിവൈഎഫ്‌ഐ കാംപയിന്‍ നടത്തും. ജനുവരി 13ന് 14 ജില്ലാ കേന്ദ്രങ്ങളില്‍ ജനകീയ കൂട്ടായ്മ പരിപാടി നടത്തും. കണ്ണൂരില്‍ കാല്‍ടെക്‌സില്‍ 10 മണിക്കാണ് കൂട്ടായ്മ നടക്കുക. 16ന് 25,000 യൂനിറ്റ് കേന്ദ്രത്തില്‍ അനുസ്മരണ ജ്വാല സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. രാഷ്ട്രീയ പ്രത്യയശാസ്ത്രമില്ലാത്ത തനി ക്രിമിനല്‍ സംഘമായി യൂത്ത് കോണ്‍ഗ്രസ് മാറി. വിദ്യാര്‍ഥികളില്‍ നിന്നകന്ന് വെന്റിലേറ്ററിലായ കെഎസ്‌യുവിനെ ജീവന്‍ വയ്പ്പിക്കാന്‍ യൂത്ത് കോണ്‍ഗ്രസിനെ ഉപയോഗിച്ച് അക്രമം നടത്തുകയാണ്

ഗുണ്ടാനേതാവായ സുധാകരന്‍ വന്നതിന് ശേഷമെന്നും ഡിവൈഎഫ്‌ഐ കുറ്റപ്പെടുത്തി. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന രീതിയിലാണ് യൂത്ത് കോണ്‍ഗ്രസ്സിന്റെ പെരുമാറ്റം. വളരെ ബോധപൂര്‍വം കൃത്യമായ ഗൂഢാലോചന നടത്തിയാണ് നിഖില്‍ പൈലിയടക്കമുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കോളജിലെത്തിയത്. കെ എസ് ബ്രിഗേഡറിന്റെ ഇടുക്കിയിലെ പ്രധാനിയാണ് പിടിയിലായ നിഖില്‍ പൈലിയെന്നും ഡിവൈഎഫ്‌ഐ ആരോപിച്ചു. സംസ്ഥാന പ്രസിഡന്റ് എസ് സതീശ്, സെക്രട്ടറി വി കെ സനോജ്, കേന്ദ്ര കമ്മിറ്റിയംഗം എം വിജിന്‍, ജില്ലാ പ്രസിഡന്റ് മനുതോമസ്, സെക്രട്ടറി എം ഷാജര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it