Kannur

ക്വട്ടേഷന്‍ സംഘത്തെ തള്ളി സിപിഎം; കണ്ണൂരില്‍ വിപുലമായ കാംപയിനുമായി രംഗത്ത്

ക്വട്ടേഷന്‍ സംഘത്തെ തള്ളി സിപിഎം; കണ്ണൂരില്‍ വിപുലമായ കാംപയിനുമായി രംഗത്ത്
X

കണ്ണൂര്‍: സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘങ്ങള്‍ക്കു സിപിഎം ബന്ധമെന്ന റിപോര്‍ട്ടുകള്‍ക്കിടെ ഇത്തരക്കാരെ പൂര്‍ണമായും തള്ളിപ്പറഞ്ഞ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ രംഗത്ത്. ഇതിനു പുറമെ ക്വട്ടേഷന്‍ മാഫിയ സംഘങ്ങള്‍ക്കും സാമൂഹിക തിന്‍മള്‍ക്കുമെതിരേ ജൂലൈ 5ന് വൈകീട്ട് 5ന് ജില്ലയില്‍ 3801 കേന്ദ്രങ്ങളില്‍ വിപുലമായ കാംപയിന്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. രാമനാട്ടുകരയില്‍ വാഹനാപകടത്തില്‍പെട്ട് മരണപ്പെട്ടവരും സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘവുമായി കണ്ണൂരിലെ സിപിഎം അനുഭാവികളും ടിപി വധക്കേസ് പ്രതികള്‍ക്ക് ഉള്‍പ്പെടെ ബന്ധമുണ്ടെന്നായിരുന്നു വാര്‍ത്തകള്‍. മാത്രമല്ല, ശുഹൈബ് വധക്കേസ് പ്രതികളിലൊരാളായ ആകാശ് തില്ലങ്കേരിയുടെ സുഹൃത്തും സൈബറിടങ്ങളില്‍ പാര്‍ട്ടിയുടെ കടുത്ത അനുഭാവിയുമായ അര്‍ജ്ജുന്‍ ആയങ്കിയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം എക്‌സൈസ് റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. കരിപ്പൂരില്‍ നിന്നു പിടികൂടിയ സ്വര്‍ണക്കടത്തുകാരെ ആക്രമിച്ച് കവര്‍ച്ച ചെയ്യാന്‍ അര്‍ജ്ജുന്‍ ആയങ്കിയുടെ നേതൃത്വത്തില്‍ നീക്കം നടത്തിയെന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. അര്‍ജ്ജുനെ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നേരത്തേ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നുവെന്നാണ് സിപിഎം പറയുന്നത്. എന്നാല്‍, കൊടി സുനി, ആകാശ് തില്ലങ്കേരി ഉള്‍പ്പെടെയുള്ളവരുടെ ക്വട്ടേഷന്‍ ബന്ധങ്ങളെ പരസ്യമായി തള്ളിപ്പറയാന്‍ സിപിഎം ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല.

ഇതിനിടെയാണ്, സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വം തന്നെ വിപുലമായ കാംപയിനുമായി രംഗത്തെത്തുന്നത്. കാംപയിനില്‍ പുത്തന്‍കണ്ടം ക്വട്ടേഷന്‍ സംഘത്തിനു ആര്‍എസ്എസുമായും കോണ്‍ഗ്രസ് നേതാവുമായുമുള്ള ബന്ധവും തുറന്നുകാട്ടി പാര്‍ട്ടിക്കെതിരായ ആക്രമണങ്ങളെ തടയിടാനാണ് സിപിഎം ശ്രമിക്കുക. ബിജെപിയുടെ കള്ളപ്പണത്തെയും ക്വട്ടേഷന്‍-മാഫിയാ പ്രവര്‍ത്തനമായി കണ്ട് കാംപയിനിലൂടെ രാഷ്ട്രീയ ബോധവല്‍ക്കരണം നടത്തും. ക്വട്ടേഷന് രാഷ്ട്രീയമില്ലെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ബഹുജന സംഘടനകളും ക്വട്ടേഷന്‍ സംഘങ്ങളെ ഒറ്റപ്പെടുത്തണമെന്നും എം വി ജയരാജന്‍ പറഞ്ഞു. ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഒരാള്‍ക്കും സിപിഎമ്മില്‍ യാതൊരു സ്ഥാനവുമുണ്ടാവില്ല. സിപിഎമ്മിന്റെ രാഷ്ട്രീയ പ്രചരണങ്ങള്‍ക്കോ സംരക്ഷണത്തിനോ ക്വട്ടേഷന്‍ സംഘങ്ങളുടെ ഒരു സഹായവും വേണ്ടതില്ല. ഇതുപോലെ ധീരമായ നിലപാട് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും സ്വീകരിക്കണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ക്വട്ടേഷന്‍ മാഫിയാ പ്രവര്‍ത്തനങ്ങളെയും സാമൂഹിതിന്‍മകളെയും അതിലേര്‍പ്പെടുന്നവരെയും ഒറ്റപ്പെടുത്താന്‍ ജനങ്ങളെയാകെ ബോധവല്‍ക്കരിക്കുക എന്നതാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

CPM rejects quotation group; mass campaign in Kannur

Next Story

RELATED STORIES

Share it