Kannur

കൊവിഡ് ചികില്‍സ: കണ്ണൂരില്‍ മൂന്നില്‍ രണ്ട് ഭാഗം രോഗികളും കഴിയുന്നത് വീടുകളില്‍

കൊവിഡ് ചികില്‍സ: കണ്ണൂരില്‍ മൂന്നില്‍ രണ്ട് ഭാഗം രോഗികളും കഴിയുന്നത് വീടുകളില്‍
X
കണ്ണൂര്‍: ജില്ലയിലെ കൊവിഡ് പോസിറ്റീവ് കേസുകളില്‍ കൂടുതല്‍ പേരും ചികില്‍സയില്‍ കഴിയുന്നത് സ്വന്തം വീടുകളില്‍. ജില്ലയിലെ കൊവിഡ് രോഗികളില്‍ മൂന്നില്‍ രണ്ടിലേറെ പേരും ചികില്‍സയ്ക്കായി വീടുകളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. കാര്യമായ രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാത്ത എ കാറ്റഗറി രോഗികളെയാണ് സ്വന്തം വീടുകളില്‍ ഐസൊലേഷനില്‍ കഴിയാന്‍ അനുവദിക്കുന്നത്.

ഇന്നു വരെയുള്ള കണക്കുകള്‍ പ്രകാരം ജില്ലയില്‍ നിലവിലുള്ള 2801 കൊവിഡ് രോഗികളില്‍ 2041 പേരും ഹോം ഐസൊലേഷനിലാണ്. ബാക്കി 760 പേര്‍ മാത്രമാണ് ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായി ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 704 പേര്‍ ജില്ലയിലെ 23 സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലും 10 സിഎഫ്എല്‍ടിസികളിലും ആണുള്ളത്. ബാക്കി 56 പേര്‍ ജില്ലയ്ക്കു പുറത്താണ് ചികില്‍സയില്‍ കഴിയുന്നത്.

നിലവില്‍ കൊവിഡ് പോസിറ്റീവാകുന്നവരില്‍ കൂടുതല്‍ പേരും പ്രകടമായ ലക്ഷണങ്ങളില്ലാത്തവരാണ്. അതുകൊണ്ടു തന്നെ സ്വന്തം വീടുകളില്‍ ചികില്‍സയില്‍ കഴിയാനാണ് ഭൂരിപക്ഷം പേരും താല്‍പര്യം പ്രകടിപ്പിക്കുന്നത്. കാര്യമായ രോഗലക്ഷണങ്ങളുള്ളവരും മറ്റെന്തെങ്കിലും ഗുരുതരമായ രോഗങ്ങള്‍ ഉള്ളവരുമാണ് ആശുപത്രിയില്‍ കഴിയുന്നവരിലേറെയും.

വീടുകളില്‍ ചികില്‍സയില്‍ കഴിയുന്നവരുടെ ആരോഗ്യ സ്ഥിതി മോണിറ്റര്‍ ചെയ്യാനായി ആരോഗ്യ പ്രവര്‍ത്തകര്‍ അവരുമായി നിരന്തരം ബന്ധം പുലര്‍ത്തുന്നുണ്ട്. ഏതെങ്കിലും രീതിയിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നവരെ ആശുപത്രികളിലേക്കോ ഫസ്റ്റ്‌ലൈന്‍ ചികില്‍സാ കേന്ദ്രങ്ങളിലേക്കോ മാറ്റുകയാണ് ചെയ്യുന്നത്. ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് ആവശ്യാനുസരണം ആരോഗ്യ പ്രവര്‍ത്തകരെ ബന്ധപ്പെടാനുള്ള സൗകര്യവും ആരോഗ്യ പ്രവര്‍ത്തകര്‍ ഒരുക്കിയിട്ടുണ്ട്.

ഒരാഴ്ചയിലേറെ കാലം ആശുപത്രികളിലോ സിഎഫ്എല്‍ടിസികളിലോ മാറിത്തമാസിക്കുന്നതിനേക്കാള്‍ വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നതാണ് എന്തുകൊണ്ടും നല്ലതെന്ന വിലയിരുത്തലിലാണ് ജനങ്ങള്‍. കുടുംബത്തോടൊപ്പം കഴിയുന്നതു വഴി ലഭിക്കുന്ന മാനസിക പിന്തുണ വലിയ അനുഗ്രഹമായി അവര്‍ കാണുന്നു. കൂടുതല്‍ പേര്‍ ചികില്‍സയില്‍ കഴിയാന്‍ വീടുകള്‍ തിരഞ്ഞെടുക്കുന്നത് ജില്ലയിലെ ആരോഗ്യ സംവിധാനങ്ങള്‍ക്ക് ഏറെ സഹായകമാവും എന്ന വിലയിരുത്തലിലാണ് അധികൃതര്‍. ജില്ലയില്‍ അടുത്ത ദിവസങ്ങളിലായി കൊവിഡ് കേസുകള്‍ കൂടിവരുന്ന പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും. ഇതുവഴി ഗുരുതരമായ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ക്കും മറ്റ് വലിയ ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ക്കും മികച്ച ചികില്‍സ നല്‍കാനും മരണ നിരക്ക് പരമാവധി കുറയ്ക്കാനും സാധിക്കുമെന്ന വിലയിരുത്തലിലാണ് ആരോഗ്യ വകുപ്പ്.

വീട്ടില്‍ കഴിയുന്ന കൊവിഡ് രോഗികളെ 10 ദിവസം കഴിഞ്ഞ് കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നതാണ് നിലവിലെ രീതി. ഫലം നെഗറ്റീവാണെങ്കില്‍ ഒരാഴ്ച കൂടി വിശ്രമത്തില്‍ തുടരണം. ഫലം പോസിറ്റീവാണെങ്കില്‍ 48 മണിക്കൂറിനു ശേഷം വീണ്ടും ടെസ്റ്റ് ചെയ്യും. അതേസമയം, വീട്ടില്‍ ചികില്‍സയില്‍ കഴിയുന്നവര്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഡിഎംഒ ഡോ. കെ നാരായണ നായിക് അറിയിച്ചു. വീട്ടിലെ മറ്റുള്ളവരുമായി സമ്പര്‍ക്കം പാടില്ല. സമീകൃതാഹാരം കഴിക്കുക, ധാരാളം ശുദ്ധജലം കുടിക്കുക, ആവശ്യത്തിന് ഉറങ്ങുകയും വിശ്രമിക്കുകയും ചെയ്യുക തുടങ്ങിയവയും പ്രധാനമാണെന്നും ഡിഎംഒ വ്യക്തമാക്കി.

Covid treatment: In Kannur, two thirds of the patients stay at home



Next Story

RELATED STORIES

Share it