Ernakulam

സാലറി ചലഞ്ച് പരാജയപ്പെടാന്‍ കാരണം മുഖ്യമന്ത്രിയുടെ ധിക്കാരപരമായ തീരുമാനങ്ങള്‍: ചെന്നിത്തല

സാലറി ചലഞ്ച് പരാജയപ്പെടാന്‍ കാരണം മുഖ്യമന്ത്രിയുടെ ധിക്കാരപരമായ തീരുമാനങ്ങള്‍: ചെന്നിത്തല
X

കൊച്ചി: മുഖ്യമന്ത്രിയുടെ ധിക്കാരപരമായ തീരുമാനങ്ങളാണ് സാലറി ചലഞ്ച് പരാജയപ്പെടാന്‍ കാരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂനിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിയിരുന്നു അദ്ദേഹം.സാലറി ചലഞ്ചിന്റെ പേരില്‍ സംസ്ഥാനത്തെ ജീവനക്കാരെ തമ്മില്‍ ഭിന്നിപ്പിച്ചു. അതിന് ശേഷമാണ് ശബരിമല ചലഞ്ച് വന്നത്. ഇതിലൂടെ ജനങ്ങളെയും ഭിന്നിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തുമെന്ന് ബജറ്റില്‍ പറഞ്ഞിരുന്നെങ്കിലും നടപ്പാക്കിയില്ല. നവകേരളം നിര്‍മിക്കുമെന്ന് പറഞ്ഞ് പ്രളയബാധിതരായ ജനങ്ങളെ മുഖ്യമന്ത്രി പിണറായി വിജയന്‍ വഞ്ചിച്ചു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം സുതാര്യമല്ലാതെ വിനിയോഗം ചെയ്തു. പ്രളയാനന്തര കേരളത്തിന്റെ അവസ്ഥ അതീവ ഗുരുതരവും ദയനീയവുമാണ്. നഷ്ടത്തിന്റെ വ്യക്തമായ കണക്ക് ഇപ്പോഴും ഇല്ല.ജൂലൈയില്‍ നടപ്പാക്കേണ്ട 11ാമത് ശമ്പളകമ്മിഷന്‍ റിപോര്‍ട്ടിന് കമ്മിഷനെ പോലും നിയമിക്കാതെ സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശങ്ങളെ ഹനിക്കുകയാണ്.

ജീവനക്കാര്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കുവാന്‍ യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതി ഈ സര്‍ക്കാര്‍ അട്ടിമറിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ പങ്കാളിത്തപെന്‍ഷന്‍ പിന്‍വലിക്കാമെന്ന് വാഗ്ദാനം ചെയ്ത ഇടതു സംഘടനകള്‍ ജീവനക്കാരോട് മറുപടി പറയണം. രണ്ടരവര്‍ഷം പൂര്‍ത്തിയാക്കിയ സര്‍ക്കാര്‍ ഇതുവരെ യാതൊരു പദ്ധതികളും ആരംഭിച്ചിട്ടില്ല. യുഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ച പദ്ധതികളുടെ ഉദ്ഘാടനം മാത്രമാണ് നടത്തുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.



Next Story

RELATED STORIES

Share it