Ernakulam

എറണാകുളത്ത് ജനുവരി ഒന്ന് മുതല്‍ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കും

ഒന്നാം തീയതി മുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍ പ്ലാസ്റ്റിക് നിരോധന നിയമത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനകള്‍ നടത്തി നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. പ്ലാസ്റ്റിക് നിരോധനത്തില്‍ മുഖ്യ പങ്ക് വഹിക്കാനുള്ളത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്. വരും തലമുറയ്ക്ക് വേണ്ടി എല്ലാവരും നിയമത്തിന്റെ നടത്തിപ്പിനായി സഹകരിക്കണം. നിരോധനത്തിന്റെ പരിധിയില്‍ എല്ലാതരത്തിലുമുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകളും ഉള്‍പ്പെട്ടിട്ടുള്ളതായും കലക്ടര്‍ വ്യക്തമാക്കി

എറണാകുളത്ത് ജനുവരി ഒന്ന് മുതല്‍ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കും
X

കൊച്ചി:ജനുവരി ഒന്ന് മുതല്‍ ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ നിരോധനം എറണാകുളം ജില്ലയില്‍ കര്‍ശനമായി നടപ്പിലാക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് സുഹാസ് അറിയിച്ചു. പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രിതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നാം തീയതി മുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍ പ്ലാസ്റ്റിക് നിരോധന നിയമത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനകള്‍ നടത്തി നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. പ്ലാസ്റ്റിക് നിരോധനത്തില്‍ മുഖ്യ പങ്ക് വഹിക്കാനുള്ളത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്. വരും തലമുറയ്ക്ക് വേണ്ടി എല്ലാവരും നിയമത്തിന്റെ നടത്തിപ്പിനായി സഹകരിക്കണം. നിരോധനത്തിന്റെ പരിധിയില്‍ എല്ലാതരത്തിലുമുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകളും ഉള്‍പ്പെട്ടിട്ടുള്ളതായും കലക്ടര്‍ വ്യക്തമാക്കി.

തദ്ദേശഭരണ സ്ഥാപനങ്ങള്‍ നടത്തുന്ന പരിശോധനകള്‍ക്ക് റവന്യൂ വകുപ്പിന്റെയും മറ്റ് വകുപ്പുകളുടെയും സഹകരണം ലഭ്യമാക്കും. ശുചിത്വമിഷന്റെ നിര്‍ദ്ദേശങ്ങള്‍ തദ്ദേശഭരണ സ്ഥാപന സെക്രട്ടറിമാര്‍ പഠിക്കണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു. അടുത്തമാസം 25ന് തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ശുചീകരണ യജ്ഞം സംഘടിപ്പിക്കണം. നിരോധനവുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങള്‍ വ്യാപാരി വ്യവസായി സംഘടനകളുമായി ചേര്‍ന്ന് താഴെത്തട്ടില്‍ വിപുലമായ ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണം. പ്ലാസ്റ്റിക് വിമുക്ത വ്യാപാര കേന്ദ്രം എന്ന ബോര്‍ഡ് എല്ലാ വ്യാപാര സ്ഥാപനങ്ങളിലും പ്രദര്‍ശിപ്പിക്കാന്‍ ശ്രമിക്കണമെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. ഷോപ്പിംഗ് മാളുകള്‍ ഉള്‍പ്പെടെയുള്ള വലിയ വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും കര്‍ശനമായ പരിശോധനകള്‍ നടത്തണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു.

ഇപിആര്‍ പരിധിയില്‍ വരുന്ന ബ്രാന്റുകളുടെ ഉല്‍പന്നങ്ങള്‍ക്ക് നിരോധനത്തില്‍ ഇളവുകളുണ്ട്. ഇപിആര്‍ പരിധിയില്‍ വരുന്ന ബ്രാന്റുകള്‍ അവര്‍ ഉല്‍്പാദിപ്പിക്കുന്ന പ്ലാസ്റ്റിക് കവറുകള്‍ ശേഖരിക്കുന്നതിനുള്ള സംവിധാനം ഒരുക്കുന്നതിനാലാണ് ഇളവ് അനുവദിക്കുന്നത്. പ്ലാസ്റ്റിക് നിരോധനത്തെ നേരിടുന്നതിനായി ജില്ലിയിലെ കുടുംബശ്രീ യൂനിറ്റുകള്‍ ഉല്‍പാദിപ്പിക്കുന്ന രണ്ട് രൂപ മുതല്‍ വിലയുള്ള തുണി സഞ്ചികള്‍ വിപണിയില്‍ എത്തിച്ചിട്ടുണ്ട്.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിട്ടി സെക്രട്ടറി വി ജി സലീന,ജില്ലാ പ്ലാനിങ് ഓഫീസര്‍ ലിറ്റി മാത്യു, ഹരിതകേരള മിഷന്‍ ജില്ലാ കോഡിനേറ്റര്‍ സുജിത് കരുണ്‍, ജില്ലിയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാര്‍, ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it