Alappuzha

ആലപ്പുഴയില്‍ കഞ്ചാവ് വേട്ട; യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

ആലപ്പുഴയില്‍ കഞ്ചാവ് വേട്ട; യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
X

ആലപ്പുഴ: എട്ട് കിലോ കഞ്ചാവുമായി യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ ആലപ്പുഴയില്‍ അറസ്റ്റിലായി. ആലപ്പുഴ ഡാന്‍സാഫ് സ്‌ക്വാഡും മാരാരിക്കുളം പോലിസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മാരാരിക്കുളം, കണിച്ചുകുളങ്ങര എന്നിവിടങ്ങളില്‍നിന്ന് എറണാകുളം ഞാറയ്ക്കല്‍ കളത്തിവീട്ടില്‍ സുകന്യ (25), മലപ്പുറം മേല്‍മുറി അണ്ടിക്കാട്ടില്‍ ജുനൈദ് (26), മലപ്പുറം കോട്ടൂര്‍വെസ്റ്റ് കൊയ്‌നിപ്പറമ്പില്‍ റിന്‍ഷാദ് (28) എന്നിവര്‍ അറസ്റ്റിലായത്. മതിലകം ആശുപത്രി ഭാഗത്തുനിന്നും, കണിച്ചുകുളങ്ങര ക്ഷേത്രപരിസരത്തുനിന്നുമാണ് ഇവര്‍ പിടിയിലായത്.

കണിച്ചുകുളങ്ങര ക്ഷേത്ര ഉല്‍സവത്തോടനുബന്ധിച്ച് ചേര്‍ത്തല ഭാഗത്തെ ഇടപാടുകാര്‍ക്ക് കൈമാറാന്‍ കാത്തുനില്‍ക്കുമ്പോഴാണ് പ്രതികള്‍ കുടുങ്ങിയത്. പിടിച്ചെടുത്ത കഞ്ചാവിന് 6 ലക്ഷം രൂപ വിലവരും. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചേര്‍ത്തലയിലും പരിസരത്തും ചെക്കിങ് നടത്തുന്നതിനിടയില്‍ സംശയാസ്പദമായി കണ്ട കാര്‍ പരിശോധിക്കുമ്പോള്‍ കൂട്ടത്തിലുള്ളയാള്‍ ബാഗുമായി ഓടിപ്പോയി. ബാക്കി രണ്ടുപേരെയും രണ്ടുകിലോ കഞ്ചാവുമായി പിടികൂടി ചോദ്യം ചെയ്തതോടെയാണ് മൂന്നാമനെക്കുറിച്ചുള്ള വിവരം ലഭിച്ചത്.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ കണിച്ചുകുളങ്ങര ഭാഗത്തുനിന്ന് 6 കിലോ കഞ്ചാവുമായി അറസ്റ്റുചെയ്തത്. പ്രതികളില്‍ ജൂനൈദ് ആന്ധ്രയില്‍ പോയി കഞ്ചാവ് വാങ്ങി മലപ്പുറത്ത് സ്‌റ്റോക്ക് ചെയ്ത് എറണാകുളത്തും, ആലപ്പുഴയിലും മൊത്ത വില്‍പ്പനക്കാര്‍ക്ക് കൈമാറുകയാണ് ചെയ്യുന്നത്. ജില്ലാ പോലിസ് മേധാവി ജി ജയ്‌ദേവിന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി, എം കെ ബിനുകുമാര്‍, ആലപ്പുഴ ഡിവൈഎസ്പി ജയരാജ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പ്രതികളെ കൊവിഡ് പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും.

Next Story

RELATED STORIES

Share it