Theatre

ഫാഷിസത്തിനെതിരേ തെരുവുനാടകം കൊണ്ട് പ്രതിരോധം തീര്‍ത്ത് പൊന്നാനി എംഇഎസ് കോളജ്

ഫാഷിസത്തിനെതിരേ തെരുവുനാടകം കൊണ്ട് പ്രതിരോധം തീര്‍ത്ത് പൊന്നാനി എംഇഎസ് കോളജ്
X

പൊന്നാനി: ഫാഷിസത്തിനെതിരേ തെരുവുനാടകം കൊണ്ട് പ്രതിരോധിക്കുകയാണ് പൊന്നാനി എംഇ എസിലെ അധ്യാപകരും വിദ്യാര്‍ത്ഥികളുമടങ്ങുന്ന കലാകാരന്മാര്‍. ഗ്വണ്ടാനമോ എന്ന നാടകത്തിലൂടെയാണ് ഒരുകൂട്ടം കലാകാരന്മാര്‍ തങ്ങളുടെ സര്‍ഗാത്മ പ്രതിഷേധം അടയാളപ്പെടുത്തുന്നത്. പ്രശസ്ത തിരക്കഥാകൃത്തും നാടക രചയിതാവുമായ മാറഞ്ചേരി സ്വദേശി റിയാസാണ് നാടകത്തിന്റെ രചനയും സംവിധാനവും ഒരുക്കിയിട്ടുള്ളത്. എംഇഎസ് പൊന്നാനി കോളജിലെ കടല്‍ കലാലയ നാടകവേദിയുടെ നാടകം നിരവധി തെരുവുകളില്‍ ഇതിനകം കളിച്ചുകഴിഞ്ഞു. ജഡാവസ്ഥയിലെത്തി നില്‍ക്കുന്നു എന്ന് കരുതപ്പെട്ട ജനത അതിജീവനത്തിനായി, പിറന്ന മണ്ണിന്റെ അവകാശത്തിനായി ഒറ്റക്കെട്ടായി പൊരുതുന്ന ഘട്ടത്തില്‍, പ്രതീക്ഷയുടെ ഓരോ തുരുത്തും തിരയുന്ന ഘട്ടത്തില്‍, മൗനം പോലും എത്ര കുറ്റകരമാകുമെന്നു ഓര്‍മപ്പെടുത്തുകയാണ് നാടകം.

അഭയാര്‍ത്ഥിത്വത്തിന്റെ വിഹ്വലതകളുടെയും പലായനം അനിവാര്യമായി മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക പ്രതിഭാസത്തിന്റെയും തീക്ഷ്ണമായ അവതരണമാണ് നാടകത്തിലുള്ളത്. പൗരത്വ ഭേദഗതി നിയമമായ ശേഷമുള്ള സെക്കുലര്‍ മാനസികാവസ്ഥയുടെ പാന്‍ ഇന്ത്യന്‍ കാഴ്ചയാണിത്. അശരണര്‍ക്കും നിരാലംബര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കാകമാനവും കൈത്താങ്ങാകുന്ന ഭരണഘടനയുടെ സംരക്ഷണ ഹസ്തത്തെ ബിംബവല്‍ക്കരിച്ച് പ്രത്യാശാപൂര്‍ണമായാണ് നാടകം ആരംഭിക്കുന്നത്. തുടര്‍ന്ന് ഹിംസയെ ചൂണ്ടയിട്ട് പിടിക്കുന്ന ഘാതകരുടെ അതിക്രമങ്ങള്‍ ആവിഷ്‌കരിക്കുന്നു. പുറന്തള്ളപ്പെടുന്നവരെ പാര്‍പ്പിക്കുന്ന തടങ്കല്‍ പാളയങ്ങളില്‍ നിന്നുള്ള ദാരുണമായ നിലവിളി അത്രമേല്‍ വൈകാരികമായി മാത്രമേ കേള്‍ക്കാനാവൂ. മനുഷ്യത്വത്തിനു മേല്‍ പൗരത്വം നടത്തുന്ന വ്രണങ്ങളുടെ ആഴത്തിലുള്ള വേദനയില്‍ രംഗം നിറയുന്നു. വിദ്യാര്‍ത്ഥികളും യുവാക്കളും തീര്‍ക്കുന്ന പ്രതിരോധങ്ങളിലേക്ക് സഞ്ചരിക്കുന്ന നാടകം അവരുടെ ചെറുത്തുനില്‍പ്പിന്റെ തീവ്രതയുടെ ജ്വാലയുയര്‍ത്തുകയാണ്. പ്രതീക്ഷാ നിര്‍ഭരമായ ആ തീനാളമാണ് സമകാല ഇന്ത്യയെന്ന് 'ഗ്വണ്ടാനമോ' പറയുന്നു. ഇന്ത്യ ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക്കാണെന്ന് രേഖപ്പെടുത്തിയ അക്ഷരസമാഹാരം സമാധാനത്തിന്റെ വെള്ളരി പ്രാവ് കണക്ക് പറത്തി വിട്ടാണ് നാടകം രംഗം വിടുന്നത്. കോളജിലെ മലയാളം അധ്യാപകന്‍ സഫറാസ് അലിയാണ് നാടകത്തിന്റെ അണിയറക്കാരന്‍.




Next Story

RELATED STORIES

Share it