Theatre

ഇസ്‌ലാമോ ഫോബിയക്കെതിരേ ചാട്ടുളിയായി 'കിതാബിലെ കൂറ'

പി സി അബ്ദുല്ല

വടകരഃ പൊതു ബോധമെന്ന കാപട്യത്തിന്റെ മറവില്‍ ഇസ്്‌ലാമിനെ അവഹേളിക്കാന്‍ നടക്കുന്ന സംഘപരിവാര്‍-ഇടത് യുക്തിവാദി ഗൂഡ നീക്കങ്ങള്‍ തുറന്നു കാട്ടി വടകരയില്‍ അരങ്ങേഴിയ നാടകം ജനശ്രദ്ധ പിടിച്ചു പറ്റി.ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ കിതാബ് എന്ന നാടകത്തിലൂടെ മതത്തെ ആക്ഷേപിച്ച പശ്ചാത്തലത്തിലാണ് അതിജീവന കലാ സംഘം 'കിത്താബിലെ കൂറ' എന്ന പ്രതിനാടകവുമായി രംഗത്തു വന്നത്. വൈകിട്ട് വടകര പുതിയ ബസ് സ്റ്റാന്റു പരിസരത്തായിരുന്നു പരിപാടി.അരമണിക്കൂര്‍ നീണ്ട നാടകം ആസ്വദിക്കാന്‍ വന്‍ ജനാവലിയാണു ചുറ്റും കൂടിയത്.


മുസ്്‌ലിം സമൂഹത്തിനെതിരായ സംഘപരിവാര നുണകള്‍ ഏറ്റുപിടിച്ച് മുസ്‌ലിംകള്‍ അപരിഷ്‌കൃതരും സ്ത്രീവിരുദ്ധരും വിദ്യാഭ്യാസമില്ലാത്തവരുമാണെന്ന് പ്രചരിപ്പിക്കുന്ന ഇടത് പുരോഗമന കാപട്യത്തെ കണക്കിന് കളിയാക്കിയാണ്'കിതാബിലെ കൂറ'കഥാപാത്രങ്ങള്‍ രംഗത്തു വന്നത്.'മനു ഫെസ്‌റ്റോ' എന്ന മാനിഫെസ്‌റ്റോയും പൊക്കിപ്പിടിച്ച് നടക്കുന്ന പുരോഗമന നാട്യക്കാരനായ സംവിധായകനാണ് പ്രധാന കഥാപാത്രം.അയാളുടെ നാടകത്തിലെ മുക്രിയും ഭാര്യയും മകളും അപരിഷ്‌കൃത മുസ്്‌ലിംകളായിരിക്കണമെന്ന് സംവിധായകനു നിര്‍ബന്ധം.ഇസ്്‌ലാം കാടന്‍ രീതിയാണെന്ന് സമര്‍ഥിക്കുന്ന ഘടങ്ങളാണ് കഥാപാത്രങ്ങള്‍ക്കു വേണ്ടതെന്ന് സംവിധായകന്‍ വിവരിക്കുന്നു.


എന്നാല്‍, കഥാപാത്രങ്ങളായെത്തിയ മുക്രിയും ഭാര്യ ബീപാത്തുവും മകള്‍ ഉമ്മുകുത്സുവും സംവിധായകന്റെ 'മനു ഫെസ്‌റ്റോ'യില്‍ നിന്ന് സ്വയം പുറത്തു ചാടി സാമൂഹിക യാഥാര്‍ഥ്യങ്ങളുടെ നേര്‍കാഴ്ചകളായി നിഴഞ്ഞാടുകയാണ് നാടകത്തില്‍ സംഭവിക്കുന്നത്. പുരോഗമന നാട്യക്കാര്‍ വികലമായവതരിപ്പിക്കാന്‍ ശ്രമിക്കുന്ന ഇസ്്‌ലാമിക അന്തസ്സത്തയെന്തെന്ന് മൂന്നു കഥാപാത്രങ്ങളും സ്വതസിദ്ധമായി കാണികളുമായി സംവദിക്കുന്നു.


നജീബിനെ കാത്തിയിക്കുന്ന ഉമ്മയായും ശൂലംകൊണ്ട് ഉദരത്തിലെ കുഞ്ഞിനെ കൊന്നവര്‍ക്കെതിരെ പ്രതികരിക്കുന്ന മാതാവായും ഉമ്മു കുല്‍സുവിനെ അവതരിപ്പിച്ച ആയിഷാ ഹാദി അരങ്ങു തകര്‍ത്തു. സമുദായത്തിലെ പെണ്ണുങ്ങളെ ആക്ഷേപിക്കുന്ന മതേതര കാപട്യക്കാരോട് ബീപാത്തുവായ ദില്‍ഷത്ത് ഉന്നയിച്ച പൊള്ളുന്ന ചോദ്യങ്ങള്‍ കരഘോഷത്തോടെയാണ് കാണികള്‍ വരവേറ്റത്. രചയിതാവും സംവിധായകനുമായ എംഎഎസ് സാജിദാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.മുക്രിയായെത്തിയ നസീഹ് തിരൂര്‍ ഉടനീളം കാണികളുടെ പിന്തുണ നേടി.


കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ മേമുണ്ട ഗവ. ഹൈസ്‌കൂള്‍ അവതരിപ്പിച്ച കിതാബ് എന്ന നാടകം വിവാദമായിരുന്നു. ആ നാടകത്തിലെ പൊള്ളത്തരങ്ങള്‍ തുറന്നു കാട്ടി കിത്താബിലെ കൂറ.


കിതാബ് ഉണ്ണി ആറിന്റെ ഒരു കഥയെ ആസ്പദമാക്കി എഴുതിയതാണെന്നാമിയുന്നു വിശദീകരണം. എന്നാല്‍, കഥാകൃത്ത് ഉണ്ണി ആര്‍ തന്നെ അത് നിഷേധിക്കുകയും കഥയുമായി യാതൊരു ബന്ധവുമില്ലാത്ത നാടകം ഇസ്്‌ലാമോഫോബിയ ഉണ്ടാക്കുന്നതാണെന്നും വ്യക്തമാക്കി രംഗത്തു വന്നു. പിന്നെയും എസ്എഫ്‌ഐ കിതാബിനെ ന്യായീകരിക്കുകയാണ് ചെയ്തത്.


മുസ്്‌ലിം സ്ത്രീകളെ സ്വതന്ത്രരാക്കാന്‍ കിണഞ്ഞു ശ്രമിക്കുന്ന കപട മതേതര ലിബറല്‍ വാദികളുടെ പൊള്ളത്തരങ്ങള്‍ 'കിതാബിലെ കൂറ' തുറന്നു കാട്ടി. മുസ്്‌ലിം സ്ത്രീകള്‍ക്ക് മാത്രമല്ല മക്കളെ ഭര്‍ത്താവിനെ നഷ്ടപ്പെട്ട എല്ലാ സ്ത്രീകള്‍ക്കും അക്രമ രാഷ്ട്രീയക്കാരില്‍ നിന്നും സ്വാതന്ത്ര്യം ലഭിക്കണം എന്ന സന്ദേശമാണ് നാടകം മുന്നോട്ടു വച്ചത്.


മുസ്്‌ലിം സ്ത്രീകളുടെ സമകാലിക പ്രശ്‌നങ്ങളെ ഉയര്‍ത്തിക്കൊണ്ടും സവര്‍ണ നിര്‍മിത വാര്‍പ്പു മാതൃകകളെ പൊളിച്ചടുക്കി കൊണ്ടുമാണ് 'കിതാബിലെ കൂറ' അരങ്ങേറിയത്.
Next Story

RELATED STORIES

Share it