Literature

ആഗാ ഷാഹിദ് അലി: തുളവീണ ഹൃദയം കൊണ്ടെഴുതിയ കശ്മീരി

കലയുടെ സൗന്ദര്യബോധത്തോട് കാമ്പുള്ള ഭക്തിബന്ധം നിലനിര്‍ത്തിയ കവിയാണ് കശ്മീര്‍ വേദനയുടെ കവി എന്നറിയപ്പെടുന്ന ആഗാ ഷാഹിദ് അലി.

ആഗാ ഷാഹിദ് അലി: തുളവീണ ഹൃദയം കൊണ്ടെഴുതിയ കശ്മീരി
X

യാസിര്‍ അമീന്‍

സൂഫി മന്‍സൂര്‍ ഹല്ലാജിനോട് ഒരാള്‍ ചോദിച്ചു: ജീവനവും ഉപജീവനവും തമ്മിലുള്ള വ്യത്യാസമെന്താണ്? അദ്ദേഹം പറഞ്ഞു: നിനക്ക് എവിടെയെങ്കിലും എത്താനുണ്ടെന്ന പൂര്‍ണബോധ്യമുണ്ടെങ്കില്‍ അവിടേക്ക് എത്താനുള്ള മാര്‍ഗം ജീവനവും ബാക്കിയുള്ളതെല്ലാം ഉപജീവനവുമാണ്.

വേദനയെ വരികള്‍കൊണ്ട് അതിജീവിച്ച, ഹല്ലാജിന്റെ ജീവനത്തെ കുറിച്ചുള്ള ബോധ്യത്തില്‍ ഉറച്ച്‌നിന്ന് എഴുതിയ കശ്മീര്‍ കവിയാണ് ആഗാ ഷാഹിദ് അലി. കലയുടെ സൗന്ദര്യബോധത്തോട് കാമ്പുള്ള ഭക്തിബന്ധം നിലനിര്‍ത്തിയ കവിയാണ് കശ്മീര്‍ വേദനയുടെ കവി എന്നറിയപ്പെടുന്ന ആഗാ ഷാഹിദ് അലി.

നിണമുതിര്‍ത്തു പെയ്യുന്ന ഓര്‍മകളില്‍ നീറുന്ന ബോധത്തിന്റെ കാല്‍വെള്ള പതിപ്പിച്ച് നില്‍ക്കുമ്പോഴാണ് ഒരു എഴുത്തുകാരന്റെ വരികള്‍ക്ക് അവന്റെ ജീവനേക്കാളും മൂല്യം കൈവരുന്നത്. മൂല്യവത്തായ ഒരു സൃഷ്ടിക്ക് വേണ്ടിയാകില്ല അങ്ങനെയുള്ളവരുടെ പോരാട്ടം. മറിച്ച്, ആത്മാവിനെ ചൂഴ്‌ന്നെടുക്കുന്ന സ്വത്വബോധത്തിന്റെ നീറ്റല്‍ ശമിപ്പിക്കുന്നതിന് വേണ്ടിയാകും. അങ്ങനെയുള്ള സൃഷ്ടികളെല്ലാം മഹത്തായ മൂല്യബോധത്തില്‍ ഊന്നിനില്‍ക്കുന്നവയുമാകും. തുളവീണ പുല്ലാങ്കുഴലില്‍ ദേഹിയെ ഉന്മാദിയാക്കുന്ന സംഗീതമല്ലാതെ മറ്റൊന്നിനും സ്ഥാനമില്ലല്ലോ. അത്തരത്തില്‍ തുളവീണൊരു ഹൃദയം കൊണ്ടൊഴുതുന്ന അപൂര്‍വം എഴുത്തുകാരില്‍ ഒരാളാണ് ആഗാ ഷാഹിദ് അലി.

കശ്മീരികള്‍ക്ക് അകവും പുറവും എത്രത്തോളം പൊള്ളി എന്നതിന്റെ നേര്‍സാക്ഷ്യങ്ങളാണ് അദ്ദേഹത്തിന്റെ ഓരോ വരികളും. എന്നാല്‍, വരികളെ വേദനയില്‍ മാത്രം ഒതുക്കാതെ, രാഷ്ടീയചടുലതയോടെയും ലാവണ്യം നിറഞ്ഞ വിഷഹാരിയായും പരിണമിപ്പിച്ചു എന്നുള്ളിടത്താണ് അദ്ദേഹത്തിന്റെ പ്രകാശം. മാത്രമല്ല, ആഗാ ഷാഹിദ് കശ്മീര്‍ സാഹിത്യത്തിന് പുതിയൊരു ദിശാബോധം തന്നെ നല്‍കി. സാഹിത്യ പ്രവര്‍ത്തനമെന്നാല്‍ അടിച്ചമര്‍ത്തപെടുന്ന ജനതയുടെ അതിജീവനമെന്ന ചരിത്രധര്‍മത്തില്‍ പങ്കാളിയാവുക എന്നതാണെന്ന് എഴുത്തുകാരിയായ ബാര്‍മര ഹാര്‍ലോ നിരൂപിക്കുന്നുണ്ട്. ആ അര്‍ഥത്തില്‍ തന്നെയാണ് ഷാഹിദ് അലിയുടെ എഴുത്ത്. കശ്മീര്‍ ജനതയുടെ ചെറുത്ത്‌നില്‍പ്പില്‍ പൊടിഞ്ഞ ചോരയുടെയും വേദനയുടെയും ചുവപ്പ് അദ്ദേഹത്തിന്റെ വരികള്‍ക്കുണ്ടായിരുന്നു. അകമെറിഞ്ഞ് എറിയുമ്പോള്‍ മാത്രം രൂപപ്പെടുന്ന കല്ലുകളുടെ വജ്രമൂര്‍ച്ച ഓരോ വരികളുടെയും അഗ്രങ്ങളിലുണ്ടായിരുന്നു. അക്ഷരങ്ങളുടെ അങ്ങാടിയിലേക്ക് മല്‍സരബുദ്ധിയോടെ ഷാഹിദ് അലിയെ നിര്‍ത്തുമ്പോള്‍ ഒരു പക്ഷെ, അദ്ദേഹത്തിന് വലിയ വിലയൊന്നുമില്ലെന്ന് നിരൂപകന്‍ എം എല്‍ റെയ്‌ന പറയുന്നുണ്ട്. ആഗാ ഷാഹിദ് അലി ഒരു സാക്ഷിയാണ്. പുറത്ത് നിന്ന് ചരിത്രം പറയാത്ത ( not a 'dehistoricized') ചരിത്രത്തിലും സംസ്‌കാരത്തിലും വിലയം പ്രാപിച്ച സാക്ഷി. എന്നാല്‍ മനുഷ്യകുലത്തിന്റെ നിലനില്‍പ്പിന്റേയും അവസ്ഥാന്തരങ്ങളുടെയും കാഠിന്യം ഒരു ഡയറിക്കുറിപ്പ് പോലെ അദ്ദേഹം തന്റെ കവിതയില്‍ വരച്ചിട്ടു. വേദനയുടെ ചരിത്രകാരന്‍ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നതാണ് ഉചിതം. സ്വര്‍ഗീയ ഭൂമിയില്‍ നിന്നുള്ള നിലവിളികളും ഭാരം നിറഞ്ഞ നെടുവീര്‍പ്പുകളും ചിത്രസ്വഭാവത്തോടെ കവിതയില്‍ വരച്ചിട്ടു. ഇന്നത്തെ കശ്മീരികള്‍ക്കുപോലും രക്ഷപ്പെടാന്‍ കഴിയാത്ത അവരുടെ സ്വത്വപരമായ വേദന എഴുപതുകളില്‍ അദ്ദേഹം കവിതകളിലൂടെ ലോകത്തോട് വിളിച്ചുപറഞ്ഞു. ഒരു പക്ഷെ അത് കശ്മീരികളുടെ മാത്രമല്ല അടിച്ചമര്‍ത്തലില്‍ നിന്ന് അതിജീവനം കൊതിക്കുന്ന ഏതൊരു ജനതയുടെയും വേദനയോട് അവയെ ചേര്‍ത്ത് വയ്ക്കാവുന്നതാണ്.



ഫലസ്തീന്‍ കവി മഹ്മൂദ് ദര്‍വേശിന്റെ തുടര്‍ച്ചയായി ആഗാ ഷാഹിദ് അലിയെ ചേര്‍ത്തുവയ്ക്കാനാകും. 1948ന് ശേഷമുള്ള ഫലസ്തീന്‍ കവിതകളോട് സാമ്യം പുലര്‍ത്തുന്നവതന്നെയാണ് ഷാഹിദ് അലിയുടെ കവിതകള്‍. എഴുത്തുകാരി ഒലീവ് സീനിയര്‍ പറയുന്നുണ്ട്, കഥാകാരും കവികളും എഴുത്തുകാരും ആ വഴി തിരഞ്ഞെടുക്കുന്നത് നിലനില്‍ക്കുന്ന ദുര്‍ഭരണത്തെ നേരിടാന്‍ വേണ്ടിയാവും. അതിന് അവര്‍ മാജിക്കല്‍ റിയലിസമോ ഫാന്റസിയോ ഉപയോഗിച്ചെന്നിരിക്കാം. അവരുടെ ഉത്തരവാദിത്തം ലോകം എങ്ങനെയാണോ അത് കാണിക്കുക എന്നല്ല. മറിച്ച്, ലോകം അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ കലയുടെ കാന്തിക ശക്തിയിലൂടെ പുതിയൊരു പ്രകാശത്തില്‍ കാണിക്കുക എന്നതാണ്. ഒലീവിന്റെ ഈ വാക്കുകളിലൂന്നി ആഗാ ഷാഹിദ് അലിയുടെ മാസ്റ്റര്‍ പീസായ 'പോസ്‌റ്റോഫീസ് ഇല്ലാത്ത കശ്മീര്‍' വായിക്കുമ്പോള്‍ അദ്ദേഹത്തിന്റെ തലം നമുക്ക് മനസ്സില്ലാക്കാന്‍ കഴിയും.

1990കളില്‍ ഉണ്ടായ രാഷ്ട്രീയ സംഘര്‍ഷം കാരണം കശ്മീരിലെ പോസ്റ്റ് ഓഫിസുകള്‍ ഏഴുമാസത്തേക്ക് അടച്ചിടുന്നതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഈ കവിത എഴുതുന്നത്. വിവരണാഖ്യാന സ്വഭാവത്തില്‍ എഴുതിയ കവിത തുടങ്ങുന്നത്, 'പലായനം ചെയ്ത ഞാന്‍ പള്ളിമിനാരങ്ങള്‍ ഖബറടക്കിയ നാട്ടില്‍ തിരിച്ചെത്തി' എന്ന് പറഞ്ഞാണ്. ശേഷം വിലാസം നഷ്ടമായ, ബന്ധങ്ങള്‍ പുതുക്കാന്‍ കഴിയാത്ത, ഹതാശരായ കശ്മീര്‍ ജനതയുടെ ദുഖം വരച്ചിടുകയാണ് അദ്ദേഹം. വിലാസം നഷ്ടമായ കശ്മീരിന്റെ ദുഖം പറയുന്ന ഈ കവിത ഒരേ സമയം കലയും കലാപവുമാവുന്നുണ്ട്. ആ സാഹചര്യത്തില്‍ അത്തരമൊരു എഴുത്ത് ആത്മാഹത്യാപരമായിരുന്നിട്ടും അദ്ദേഹം ആരേയും ഭയപ്പെട്ടില്ല. കാരണം അദ്ദേഹത്തിന് എഴുത്തും പ്രതിരോധവും തന്നെയായിരുന്നു ജീവനം. എത്തിപ്പെടാന്‍ ഒരു ലക്ഷ്യസ്ഥാനമുണ്ടായിരുന്നു. വഴിയമ്പലങ്ങളിലെ പാഥേയംകൊണ്ട് അസ്തിത്വം പൂര്‍ത്തീകരിക്കാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല. 2001 ഡിസംബര്‍ 8ന് 52ാം വയസ്സിലായിരുന്നു ഷാഹിദ് അലിയുടെ വിയോഗം.

Next Story

RELATED STORIES

Share it