Latest News

ഇന്‍ഡിഗോ സര്‍വീസ് പ്രതിസന്ധി മുതലെടുത്ത് മറ്റു വിമാനക്കമ്പനികള്‍; ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി, വലഞ്ഞ് യാത്രക്കാര്‍

ഡല്‍ഹി-കൊച്ചി ടിക്കറ്റ് നിരക്ക് 45,000 രൂപ, തിരുവനന്തപുരത്തേക്ക് 48,000 രൂപ

ഇന്‍ഡിഗോ സര്‍വീസ് പ്രതിസന്ധി മുതലെടുത്ത് മറ്റു വിമാനക്കമ്പനികള്‍; ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി, വലഞ്ഞ് യാത്രക്കാര്‍
X

ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാന പ്രതിസന്ധി അവസരമാക്കി യാത്രക്കാരെ ചൂഷണം ചെയ്ത് മറ്റു വിമാന കമ്പനികള്‍. ടിക്കറ്റ് നിരക്കുകളില്‍ വന്‍വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. ഇരട്ടിയിലധികം ചെലവാക്കിയാല്‍ മാത്രമേ ടിക്കറ്റ് ലഭിക്കൂവെന്ന സ്ഥിതിയാണ്. നാളെ ഡല്‍ഹിയില്‍ നിന്ന് ചെന്നൈയിലേക്കുള്ള എയര്‍ ഇന്ത്യ വിമാന ടിക്കറ്റ് വില 65,000നു മുകളിലാണ്. ഡല്‍ഹി-കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ടിക്കറ്റ് 45,000 രൂപയായി ഉയര്‍ത്തി. ഡല്‍ഹി-തിരുവനന്തപുരം എയര്‍ ഇന്ത്യ എക്‌സ്പ്രസ് ടിക്കറ്റ് നിരക്ക് 48,000 രൂപയാക്കി ഉയര്‍ത്തി. നാളത്തെയും ഞായറാഴ്ചത്തെയും ടിക്കറ്റ് നിരക്കിലാണ് വര്‍ധനവ് കാണുന്നത്. മുംബൈ പൂനെ ബെംഗളൂരു സര്‍വീസുകളുടെ ടിക്കറ്റ് നിരക്കും വര്‍ധിച്ചു.

ഇന്ന് ഡല്‍ഹിയില്‍നിന്ന് കൊച്ചിയിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകളൊന്നുമില്ല. നാളെ രണ്ട് സര്‍വീസുകളുണ്ട്. ഇന്ന് ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ സര്‍വീസുണ്ട്. 48,000 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ കൂട്ടമായി റദ്ദാക്കിയതോടെ രാജ്യമെങ്ങും യാത്രക്കാര്‍ വലഞ്ഞിരിക്കുകയാണ്. മുംബൈയില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന 53 വിമാനങ്ങളും എത്തിച്ചേരേണ്ട 51 വിമാന സര്‍വീസുകളും റദ്ദാക്കി. ഛത്തീസ്ഗഡ്, ഗോവ, പറ്റ്‌ന, അഹമ്മദാബാദ് വിമാനത്താവളങ്ങളിലും പ്രതിസന്ധിയുണ്ട്. ചെന്നൈയില്‍ നിന്ന് വൈകീട്ട് ആറു മണി വരെയുള്ള എല്ലാ ഇന്‍ഡിഗോ വിമാനങ്ങളും റദ്ദാക്കി.

ഇന്നു മാത്രം എഴുനൂറോളം സര്‍വീസുകളാണ് ഇന്‍ഡിഗോ റദ്ദാക്കിയത്. നൂറിലേറെ വിമാനങ്ങള്‍ വൈകി. കുറച്ചു ദിവസംകൂടി ഈ സ്ഥിതി തുടരാനാണ് സാധ്യത. ക്രൂ ഡ്യൂട്ടി ടൈം ചട്ടം നടപ്പാക്കിയതോടെ പൈലറ്റുമാരുടെ ക്ഷാമം നേരിടുന്നതാണ് പ്രധാന പ്രതിസന്ധി. ചട്ടം നടപ്പാക്കുന്നതില്‍ ഇന്‍ഡിഗോ കാട്ടിയ അലംഭാവമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. പൈലറ്റുമാര്‍ക്ക് കൂടുതല്‍ വിശ്രമം അനുവദിക്കുന്ന ചട്ടം നവംബര്‍ ഒന്നു മുതലാണ് നടപ്പായത്. ഫെബ്രുവരി പത്തോടെ മാത്രമേ സര്‍വീസ് പൂര്‍ണമായി പുനസ്ഥാപിക്കാന്‍ കഴിയൂവെന്നാണ് ഇന്‍ഡിഗോ പറയുന്നത്.

Next Story

RELATED STORIES

Share it