History

ലോകത്തിലെ ആദ്യ സര്‍വകലാശാല സ്ഥാപിച്ചത് ഒരു മുസ്‌ലിം സ്ത്രീ

യാസിര്‍ അമീന്‍

ലോകത്തിലെ ആദ്യ സര്‍വകലാശാല സ്ഥാപിച്ചത് ഒരു മുസ്‌ലിം സ്ത്രീ
X

ചരിത്രം വര്‍ത്തമാനകാലത്തിന്റെ നാവാണ്. നീതിയുക്തമല്ലാത്ത വാദങ്ങള്‍ക്ക് ചരിത്രം തന്നെ മറുപടിനല്‍കാറുണ്ട്. പൗരത്വ സമരത്തില്‍ പങ്കെടുക്കരുതെന്ന് മുസ്‌ലിം വിദ്യാര്‍ഥിനികളെ ഉപദേശിച്ച മതപണ്ഡിതനും, ഇസ് ലാമിക സംസ്‌കാരത്തില്‍ സ്ത്രീത്വത്തിന് മങ്ങലേല്‍ക്കുന്നുണ്ടെന്ന് പരിതപിക്കുന്ന മതവിരോധികളും ഒരുപോലെ കേള്‍ക്കേണ്ട പേരാണ് ഫാത്തിമ അല്‍ ഫിഹ്‌രി. ഒരു സ്ത്രീയുടെ കാഴ്ചപ്പാടും നിശ്ചയദാര്‍ഢ്യവും എങ്ങനെയാണ് ലോക വൈജ്ഞാനിക ചരിത്രത്തെ മാറ്റിമറിച്ചതെന്ന് അറിയേണ്ടതുണ്ട്. ലോകത്തെ ഏറ്റവും പഴക്കംചെന്ന സര്‍വകലാശാല ഓക്‌സ്ഫഡോ കാംബ്രിഡ്‌ജോ കൊളംബിയയോ അല്ല, ലോകത്ത് ഇന്നും പ്രവര്‍ത്തിക്കുന്ന ഏറ്റവും പഴക്കം ചെന്ന യൂനിവേഴ്‌സിറ്റി 859ല്‍ മൊറോക്കോയില്‍ സ്ഥാപിതമായ അല്‍ഖരാവിയൈന്‍ യൂനിവേഴ്‌സിറ്റിയാണ്. അതിന്റെ സ്ഥാപക ഒരു വനിതയാണ്. പേര് ഫാത്തിമ അല്‍ ഫിഹ്‌രി...


അല്‍ഖരാവിയൈന്‍ യൂനിവേഴ്‌സിറ്റി


ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് യുറോപ്പ് ഇരുണ്ട യുഗങ്ങളില്‍ നിന്ന് കരകയറുന്ന സമയം, മിഡില്‍ ഈസ്റ്റിന്റേയും വടക്കേ ആഫ്രിക്കയുടെയും വൈജ്ഞാനിക പ്രഭാവകാലത്ത്, ക്രിസ്തുവിന് ശേഷം 859ല്‍ ഫാത്തിമ അല്‍ ഫിഹ്‌രി എന്ന മുസ്‌ലിം വനിത മൊറോക്കോയിലെ ഫെസില്‍ അല്‍ഖരാവിയൈന്‍ എന്ന പേരില്‍ ഒരു സര്‍വകലാശാല സ്ഥാപിച്ചു. ഐക്യരാഷ്ട്രസഭ, ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ്, മാഞ്ചസ്റ്റര്‍ യൂനിവേഴ്‌സിറ്റി പ്രസ് തുടങ്ങി വിശ്വസനീയമായ ഉറവിടങ്ങള്‍ അനുസരിച്ച്, ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന സര്‍വകലാശാലയാണ് അല്‍ ഖരാവിയൈന്‍. ഉന്നത വിദ്യാഭ്യാസം എന്ന ഫാത്തിമയുടെ ആശയത്തിലാണ് സര്‍വകലാശാല സ്ഥാപിതമായത്. ഉയര്‍ന്ന ദാര്‍ശനിക ബോധവും ശാസ്ത്രീയ അവബോധവുമുള്ള മനസ്സുകള്‍ക്ക് ഒത്തുചേരാന്‍ ഒരിടം. നൂതന പഠനത്തിലൂടെയും ഗവേഷണങ്ങളിലൂടെയും അവിടെ എത്തുന്നവരുടെ അറിവ് വര്‍ധിപ്പിക്കുകയും, അവ മധ്യകാലഘട്ടത്തില്‍ ലോകത്തെ മറ്റിടങ്ങളിലേക്കും പ്രചരിപ്പിക്കുക എന്ന ആശയത്തിലൂന്നിയാണ് ഫാത്തിമ യൂനിവേഴ്‌സിറ്റി സ്ഥാപിച്ചത്. സത്യത്തില്‍ വൈജ്ഞാനിക സ്ഥാപനങ്ങളുടെ ഒരു ബ്ലൂപ്രിന്റായിരുന്നു അല്‍ഖരാവിയൈന്‍. 1088ല്‍ സ്ഥിപിതമായ ബൊലോഗ്‌ന യൂനിവേഴ്‌സിറ്റി, 1096ല്‍ സ്ഥാപിതമായ ഓക്‌സ്ഫഡ് ഉള്‍പ്പെടെ ലോകത്ത് സ്ഥാപിതമായ മറ്റെല്ലാ യൂനിവേഴ്‌സിറ്റികളും ഫാത്തിമയുടെ ആശയത്തിലൂന്നിയ ഈ പഠന രീതിയാണ് പിന്നീട് പിന്തിടുര്‍ന്നത്.

അല്‍ഖരാവിയൈന്‍ മസ്ജിദ്‌

യൂനിവേഴ്‌സിറ്റിക്കു കീഴിലുള്ള പള്ളിയിലെ ഇമാം അബ്ദുല്‍ മജീദ് അല്‍ മര്‍ദി 2016ല്‍ അല്‍ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഫാത്തിമ അല്‍ ഫിഹ്‌രിയേയും അവരുടെ കാഴ്ചപ്പാടുകളേയും കുറിച്ച് ഇങ്ങനെയാണ് പറഞ്ഞത്. 'ഫാത്തിമ അല്‍ ഫിഹ്‌രി ഇന്നും മൊറോക്കയിലെ ഓരോ പൗരനെയും പ്രചോദിപ്പിക്കുന്ന പേരാണ്. വിജ്ഞാനത്തിന്റെ വലിയൊരു പാരമ്പര്യം ബാക്കിവച്ചാണ് അവര്‍ ഇഹലോകവാസം വെടിഞ്ഞത്. സര്‍വകലാശാലയുടെ പൗരാണിക കെട്ടിടം ശാസ്ത്രത്തിന്റെ വിളക്കുമാടമായി ഇന്നും നിലകൊള്ളുന്നു. സര്‍വകലാശാല നിരവധി സംസ്‌കാരങ്ങളിലും നാഗരികതകളിലും സ്വാധീനം ചെലുത്തി. അത് നവീകരണത്തിന്റെ വസന്തമായിരുന്നു'.

യൂനിവേഴ്‌സിറ്റി ഫ്‌ളോര്‍ പ്ലാന്‍


യൂനിവേഴ്‌സിറ്റി മാത്രമല്ല ഫാത്തിമ സ്ഥാപിച്ചത്. ഇതിന്റെ ഭാഗമായി ഒരു ലൈബ്രറിയും പള്ളിയും അവര്‍ സ്ഥാപിച്ചിരുന്നു. ലോകത്തെ ഏറ്റവും പഴക്കം ചെന്ന് ലൈബ്രറികളില്‍ ഒന്നാണ് ഇത്. പ്രശസ്ത ചരിത്രകാരന്‍ ഇബ്‌നു ഖല്‍ദൂന്റെ മുഖദ്ദിമ ഉള്‍പ്പടെ 4000ത്തിലധികം പൗരാണിക ഗ്രന്ഥങ്ങളുടെ കൈയെഴുത്ത് പ്രതികള്‍ ഈ ലൈബ്രറിയെ സമ്പന്നമാക്കുന്നു. ഈ പൗരാണിക സര്‍വകലാശാലാ ഗ്രന്ഥശാലയെ വിത്യസ്തമാക്കുന്ന ഘടകം അതിന്റെ സ്ഥാപക, അതേ സര്‍വകലാശാലയില്‍ നിന്ന് നേടിയ ബിരുദ പത്രികയും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട് എന്നതാണ്. അതേ, സര്‍വകലാശാലയുടെ സ്ഥാപക ഫാത്തിമ അല്‍ ഫിഹ്‌രിയും ഇതേ സ്ഥാപത്തില്‍ നിന്നാണ് ബിരുദമെടുത്തത്. 800ല്‍ ടുണീഷ്യയിലെ ഖയ്‌റുവാനില്‍ ജനിച്ച ഫാത്തിമയുടെ ആദ്യകാല ജീവിതത്തെ കുറിച്ച് ചരിത്രം അധികമൊന്നും പറയുന്നില്ല. 14ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ചരിത്രകാരന്‍ ഇബ്‌നു അബീ സാറയാണ് മൊറോക്കോയില്‍ എത്തിയതിനു ശേഷമുള്ള ഫാത്തിമയുടെ ചരിത്രം പറയുന്നത്. പിതാവ് മുഹമ്മദ് അല്‍ ഫഹ്‌രി മരണപ്പെടുമ്പോള്‍ വന്‍ സമ്പത്ത് തന്റെ മക്കളായ ഫാത്തിമയേയും മറിയത്തേയും ഏല്‍പ്പിച്ചു. രണ്ടുപേരും പള്ളികള്‍ നിര്‍മിക്കാനാണ് സമ്പത്ത് ആദ്യം ഉപയോഗപ്പെടുത്തിയത്. 845ല്‍ അല്‍ ഖറാവിയൈന്‍ എന്ന പേരിലാണ് ഫാത്തിമ പള്ളി നിര്‍മിച്ചത്. മറിയം 859ല്‍ സ്ഥാപിച്ച പള്ളി ആന്തലൂസിയന്‍ മസ്ജിദ് എന്ന് അറിയപ്പെടുന്നു. പള്ളിനിര്‍മാണത്തിന് ശേഷമാണ് ഫാത്തിമ യുനിവേഴ്‌സിറ്റി സ്ഥാപിക്കുന്നത്. റമദാന്‍ മാസത്തിലായിരുന്നു സര്‍വകലാശാലയുടെ നിര്‍മാണം. ശാസ്ത്രം, ഭാഷ, ഗണിതം, വ്യാകരണം, ജ്യോതിശാസ്ത്രം തുടങ്ങി നിരവധി വിഷയങ്ങളില്‍ ബിരുദമെടുക്കാനും ഗവേഷണം നടത്താനും ലോകത്തിന്റെ പലഭാഗത്തുനിന്നും നിരവധി പേര്‍ മൊറോക്കയിലെത്തിക്കൊണ്ടിരുന്നു. ആയിരം വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നും അത് തുടരുന്നു.

മറിയം 859ല്‍ സ്ഥാപിച്ച ആന്തലൂസിയന്‍ മസ്ജിദ്‌

ചരിത്രത്തിന്റെ ആവര്‍ത്തനം എന്ന് വേണമെങ്കില്‍ പറയാം. 2016ല്‍ യൂനിവേഴ്‌സിറ്റിയുടെ നവീകരണത്തിന് നേത്യത്വം നല്‍കിയതും ഒരു സ്ത്രീ ആയിരുന്നു-മൊറോക്കോ കനേഡിയന്‍ ആര്‍ക്കിടെക്ക് അസീസാ ഷവൊയ്‌നി. ഫാത്തിമയുടെ ആഗ്രഹം പോലെ തന്റെ സര്‍വകലാശാല നിരവധി പണ്ഡിതര്‍ക്ക് ജന്മം നല്‍കി. അവര്‍ ലോകത്തിന് വിവിധ മേഖലകളില്‍ അറിവ് നല്‍കി.

ഇബ്‌നു ഖല്‍ദൂം

ഇബ്‌നു ഖല്‍ദൂന്‍, ഇബ്‌നു റുഷ്ദ്, മുഹമ്മദ് അല്‍ ഇദ്‌രീസ്, സഹീഹുല്‍ ബുഖാരി ഇംഗ്ലീഷിലേക്ക് ട്രാന്‍സ്‌ലേറ്റ് ചെയ്ത താഖിഹുദ്ദീന്‍ അല്‍ ഹിലാലി അല്ലാല്‍ അല്‍ഫസ്സി തുടങ്ങി നിരവധി മുസ്‌ലിം പണ്ഡിതര്‍ക്ക് പുറമെ മൈമോഡിനിസ് എന്ന ജൂത ഫിലോസഫര്‍, പോപ് സില്‍വസ്റ്റര്‍ രണ്ടാമന്‍ തുടങ്ങി നിരവധി പ്രഗല്‍ഭര്‍ ഈ സര്‍വകലാശാലയില്‍ നിന്ന് പഠിച്ചിറങ്ങിയവരാണ്. ഫാത്തിമ അല്‍ ഫിഹ്‌രിയുടെ സ്വപ്‌നവും കാഴ്ചപ്പാടും ലോകത്തിന് നല്‍കിയത് പകരമില്ലാത്ത വൈജ്ഞാനിക വസന്തമാണ്. ആ സര്‍വകലാശാലയുടെ ഗോപുരം അറിവിന്റെ വിളക്കുമാടമായി മാത്രമല്ല നിലകൊള്ളുന്നത്്, മുസ്‌ലിം സ്ത്രീയുടെ സ്വപ്‌നങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും അളവുകോല്‍ വയ്ക്കുന്ന മതപണ്ഡിതര്‍ക്കുള്ള മറുപടി കൂടിയാണത്.


Next Story

RELATED STORIES

Share it