Job

അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ്; കേരളത്തിലെ രണ്ടാം ഘട്ട റാലി ഇന്ന് കൊല്ലത്ത്

അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ്; കേരളത്തിലെ രണ്ടാം ഘട്ട റാലി ഇന്ന് കൊല്ലത്ത്
X

കൊല്ലം: കേരളത്തിലെ രണ്ടാം ഘട്ട അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് റാലി ഇന്ന് കൊല്ലത്ത് നടക്കും. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിലെ ഉദ്യോഗാര്‍ഥികളാണ് കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്‌റ്റേഡിയത്തില്‍ നടക്കുന്ന റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുക്കുക. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ ഇ-മെയിലില്‍ ലഭിച്ച അഡ്മിറ്റ് കാര്‍ഡിനൊപ്പം ഒറിജിനല്‍ രേഖകളും ഹാജരാക്കണം. വ്യാജ റിക്രൂട്ട്‌മെന്റ് വാഗ്ദാനങ്ങളില്‍ വീഴരുതെന്നും തെറ്റായ രീതിയില്‍ സമീപിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ പോലിസ് സ്‌റ്റേഷനിലോ ആര്‍മി യൂനിറ്റിലോ റാലി കേന്ദ്രത്തിലോ അറിയിക്കണമെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

റാലി നടക്കുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്‌റ്റേഡിയത്തിലെ താമസസൗകര്യം, ഗ്രൗണ്ടിലെ സ്ഥിതിഗതികള്‍ തുടങ്ങിയ കാര്യങ്ങള്‍ കരസേനാ റിക്രൂട്ട്‌മെന്റ് ഉന്നത ഉദ്യോഗസ്ഥരും ജില്ലാ ഭരണകൂടവും വിലയിരുത്തി. റിക്രൂട്ട്‌മെന്റിനായി തിരുവനന്തപുരം ആര്‍മി റിക്രൂട്ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ മനീഷ് ഭോല ഉള്‍പ്പെടെയുള്ളവര്‍ കൊല്ലത്തെത്തിയിട്ടുണ്ട്. റിക്രൂട്ട്‌മെന്റ് റാലിയുടെ നടത്തിപ്പിനായി വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ക്കുള്ള അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് റാലി 17 മുതല്‍ 25 വരെയാണ് കൊല്ലത്ത് നടക്കുക.

അഗ്‌നിവീര്‍ ജനറല്‍ ഡ്യൂട്ടി, അഗ്‌നിവീര്‍ ടെക്‌നിക്കല്‍, അഗ്‌നിവീര്‍ ട്രേഡ്‌സ്‌മെന്‍ (10ാം ക്ലാസ്, എട്ടാം ക്ലാസ്), അഗ്‌നിവീര്‍ (ക്ലാര്‍ക്ക് / സ്‌റ്റോര്‍ കീപ്പര്‍ ടെക്‌നിക്കല്‍) വിഭാഗങ്ങളിലേക്കാണ് റാലി നടത്തുന്നത്. 26 മുതല്‍ 29 വരെ സോള്‍ജിയര്‍ ടെക്‌നിക്കല്‍ നഴ്‌സിങ് അസിസ്റ്റന്റ്/ നഴ്‌സിങ് അസിസ്റ്റന്റ് വെറ്ററിനറി, ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസര്‍ (മത അധ്യാപകന്‍) എന്നീ വിഭാഗങ്ങളിലേക്കുള്ള ആര്‍മി റിക്രൂട്ട്‌മെന്റ് റാലിയും ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്‌റ്റേഡിയത്തില്‍ നടക്കും. കേരളം, കര്‍ണാടക, ലക്ഷദ്വീപ്, മാഹി സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്കായാണ് ആര്‍മി റിക്രൂട്ട്‌മെന്റ് റാലി.

Next Story

RELATED STORIES

Share it