Education

ഖത്തറിലെ മൂന്ന് ഇന്ത്യന്‍ സ്‌കൂളുകളില്‍ ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കാന്‍ അനുമതി

എംഇഎസ്, ഐഡിയല്‍, ശാന്തി നികേതന്‍ എന്നീ ഇന്ത്യന്‍ സ്‌കൂളുകള്‍ക്കാണ് ഈ അധ്യായന വര്‍ഷം മുതല്‍ രണ്ട് ഷിഫ്റ്റുകള്‍ നടപ്പാക്കാന്‍ അനുമതി ലഭിച്ചത്.

ഖത്തറിലെ മൂന്ന് ഇന്ത്യന്‍ സ്‌കൂളുകളില്‍ ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കാന്‍ അനുമതി
X

ദോഹ: ഖത്തറിലെ മൂന്ന് ഇന്ത്യന്‍ സ്‌കൂളുകള്‍ക്ക് രണ്ട് ഷിഫ്റ്റുകളിലായി അധ്യായനം ക്രമപ്പെടുത്താന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതി. എംഇഎസ്, ഐഡിയല്‍, ശാന്തി നികേതന്‍ എന്നീ ഇന്ത്യന്‍ സ്‌കൂളുകള്‍ക്കാണ് ഈ അധ്യായന വര്‍ഷം മുതല്‍ രണ്ട് ഷിഫ്റ്റുകള്‍ നടപ്പാക്കാന്‍ അനുമതി ലഭിച്ചത്. പ്രവാസി വിദ്യാര്‍ത്ഥികളുടെ സീറ്റ് പ്രശ്‌നം പരിഹരിക്കുന്നതിന് ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കാന്‍ അനുമതി നല്‍കുമെന്ന് നേരത്തെ തന്നെ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരുന്നു. സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യം, അധ്യാപകരുടെ ലഭ്യത, ഗതാഗത സൗകര്യം എന്നിവ പരിഗണിച്ചാണ് മൂന്ന് സ്‌കൂളുകള്‍ക്ക് അനുമതി ലഭിച്ചത്.

ഏപ്രില്‍ മാസത്തില്‍ തുടങ്ങുന്ന പുതിയ അധ്യാന വര്‍ഷം തന്നെ ഷിഫ്റ്റ് സമ്പ്രദാം നടപ്പാക്കുമെന്ന് എംഇഎസ്, ഐഡിയല്‍, ശാന്തി നികേതന്‍ സ്‌കൂളുടെ അധികൃതര്‍ അറിയിച്ചു.

പ്രവാസികള്‍ ഏറെ കാലമായി അനുവഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് മന്ത്രാലയത്തിന്റെ നടപടി. എല്ലാ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്കും കുറഞ്ഞ ഫീസില്‍ സ്‌കൂള്‍ പ്രവേശനം ഉറപ്പാക്കാനാണ് ഷിഫ്റ്റ് സമ്പ്രദായത്തിന് അനുമതി നല്‍കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. സ്‌കൂളുകളില്‍ സീറ്റ് ലഭിക്കാതായതോടെ പല സ്‌കൂളുകളും അമിതമായി ഫീസ് വര്‍ദ്ധിപ്പിച്ചിരുന്നു. ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കുന്നതോടെ ഈ പ്രശ്‌നത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍. രാവിലെയും ഉച്ചയ്ക്കുമായാണ് രണ്ട് ഷിഫ്റ്റുകള്‍ ക്രമീകരിക്കുക. ഇന്ത്യക്ക് പുറമെ പാക്കിസ്ഥാന്‍, ഫിലിപ്പൈന്‍സ്, തുനീഷ്യ, ഈജിപ്ത് സ്‌കൂളുകളിലും ഈ പരിഷ്‌ക്കരണത്തിന് അനുമതി നല്‍കും. സീറ്റ് അപര്യാപ്തതാ പ്രശ്‌നത്തിന് പരിഹാരമായി ഇന്ത്യന്‍ എംബസി തന്നെയാണ് നേരത്തെ രണ്ട് ഷിഫ്‌റ്റെന്ന ആശയം മുന്നോട്ട് വെച്ചത്. വിവിധ ലോക രാജ്യങ്ങളില്‍ ഷിഫ്റ്റ് സമ്പ്രദായം വിജയകരമാണെന്ന വിലയിരുത്തലും ഈ നീക്കത്തിന് മന്ത്രാലയത്തെ പ്രേരിപ്പിച്ചു.

വിദ്യാഭ്യാസമന്ത്രാലയം മുന്നോട്ടുവെക്കുന്ന നിബന്ധനകള്‍ പാലിക്കുന്ന സ്‌കൂളുകള്‍ക്കാണ് ഷിഫ്റ്റിനുള്ള അനുമതി നല്‍കുക. ഇതിനായി താല്‍പ്പര്യമുള്ള സ്‌കൂളുകള്‍ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ പ്രത്യേക അപേക്ഷ സമര്‍പ്പിക്കണം. വിദേശ എംബസികളുടെ പൂര്‍ണ നിയന്ത്രണത്തിലുള്ള സ്‌കൂളുകള്‍ക്ക് മാത്രമെ അപേക്ഷിക്കാനാകൂ. കിന്റര്‍ ഗാര്‍ഡനുകള്‍ക്ക് ലൈസന്‍സ് ലഭിക്കില്ല. രണ്ട് ഷിഫ്റ്റിലും പാഠ്യപദ്ധതിയും ഫീസും തുല്യമായിരിക്കണം. ആകെയുള്ളതിന്റെ അമ്പത് ശതമാനത്തിലധികം കുട്ടികളെ ഉച്ചയ്ക്ക് ശേഷം അനുവദിക്കില്ല. ഉച്ചയ്ക്ക് ശേഷം ചുരുങ്ങിയത് 180 അധ്യയന ദിവസങ്ങള്‍ ഉറപ്പാക്കണം തുടങ്ങിയവ നിബന്ധനകള്‍ ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കുന്ന സ്‌കൂളുകള്‍ പാലിക്കണം.

Next Story

RELATED STORIES

Share it