Education

കൊവിഡ് വ്യാപനം രൂക്ഷം; ലഡാക്കിലെ സ്‌കൂളുകള്‍ അടച്ചു

കൊവിഡ് വ്യാപനം രൂക്ഷം; ലഡാക്കിലെ സ്‌കൂളുകള്‍ അടച്ചു
X

ലഡാക്ക്: കൊവിഡ് വ്യാപനം രൂക്ഷമായതിനെത്തുടര്‍ന്ന് ലഡാക്കിലെ സ്‌കൂളുകള്‍ അടച്ചു. സ്‌കൂളുകളില്‍നിന്ന് പുതിയ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് സപ്തംബര്‍ 18 മുതല്‍ അടുത്ത 15 ദിവസത്തേക്ക് ലഡാക്ക് ലേയിലെ എല്ലാ സ്‌കൂളുകളും റെസിഡന്‍ഷ്യല്‍ ഹോസ്റ്റലുകളും അടച്ചിടാന്‍ തീരുമാനിച്ചതെന്ന് ലഡാക്ക് ഭരണകൂടം അറിയിച്ചു. സ്ഥിതിഗതികള്‍ പിന്നീട് അവലോകനം ചെയ്യുമെന്ന് കേന്ദ്രഭരണ പ്രദേശത്തിന്റെ ഭരണകൂടം വെള്ളിയാഴ്ച പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. കൊവിഡിന് അനുയോജ്യമായ സ്റ്റാന്‍ഡേര്‍ഡ് ഓപറേറ്റിങ് പ്രോട്ടോക്കോളുകള്‍ പാലിച്ച് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും.

ലേ ജില്ലയിലെ റെസിഡന്‍ഷ്യല്‍ ഹോസ്റ്റലുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ (സര്‍ക്കാര്‍/സ്വകാര്യ) സ്‌കൂളുകളും 15 ദിവസത്തേക്ക്, അതായത് സപ്തംബര്‍ 18 മുതല്‍ ഒക്ടോബര്‍ 2 വരെ അടയ്ക്കുകയാണ്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഓണ്‍ലൈന്‍ ക്ലാസുകള്‍ പ്രോല്‍സാഹിപ്പിക്കും- ഉത്തരവില്‍ പറയുന്നു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി (ഡിഡിഎംഎ) ചെയര്‍മാന്‍ ശ്രീകാന്ത് ബാലാസാഹേബ് സൂസ് ഒപ്പിട്ട ഉത്തരവില്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍/ഹോസ്റ്റലുകളിലെ കുട്ടികളെ നിര്‍ബന്ധമായും വിട്ടയക്കണമെന്ന് ജില്ലയിലെ ചീഫ് മെഡിക്കല്‍ ഓഫിസര്‍, ചീഫ് എജ്യുക്കേഷന്‍ ഓഫിസര്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കി. വിദ്യാര്‍ഥികള്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാണ്.

വീട്ടിലെത്തിയാല്‍ ഏഴ് ദിവസത്തെ ഹോം ക്വാറന്റൈനും ഇവര്‍ക്ക് നിര്‍ബന്ധമാണ്. നേരത്തെ ഒരു സ്‌കൂളില്‍നിന്ന് കൂട്ടത്തോടെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് സ്‌കൂള്‍ കാംപസ് കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫിസ് പ്രഖ്യാപിച്ചിരുന്നു. വൈറസ് വ്യാപനം തടയുന്നതിന് കോണ്‍ടാക്ട് ട്രെയ്‌സിങ് നടത്താന്‍ ഉത്തരവിടുകയും ചെയ്തു. കൊവിഡ് പോസിറ്റീവ് കേസുകള്‍ പൊട്ടിപ്പുറപ്പെട്ടശേഷം ഏപ്രിലില്‍ ലഡാക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിരുന്നു. തുടര്‍ന്ന് സപ്തംബര്‍ ഒന്നിനാണ് കേന്ദ്രഭരണ പ്രദേശത്തെ സ്‌കൂളുകള്‍ തുറന്നത്. ലഡാക്കില്‍ വെള്ളിയാഴ്ച പുതിയ കൊവിഡ് പോസിറ്റീവ് കേസ് റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ലഡാക്കിലെ മൊത്തം കൊവിഡ് 19 സജീവ കേസുകളുടെ എണ്ണം 109 ആയി. ലേയില്‍ 106 ഉം കാര്‍ഗില്‍ ജില്ലയില്‍ മൂന്നും കേസുകളാണ് കണ്ടെത്തിയിട്ടുള്ളത്.

Next Story

RELATED STORIES

Share it