പ്ലസ്ടുവിന് ശേഷം ബി എഡിന് ചേരാം; നാല് വര്‍ഷത്തെ ബി എഡ് കോഴ്‌സ് അവതരിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍

നിലവില്‍ ബിരുദം പൂര്‍ത്തിയാക്കിവര്‍ക്കാണ് ബിഎഡ് കോഴ്‌സ് ചെയ്യാനാകുക. എന്നാല്‍ നാല് വര്‍ഷത്തെ കോഴ്‌സ് ആരംഭിക്കുന്നതോടെ പന്ത്രണ്ടാം ക്ലാസ് പൂര്‍ത്തിയാക്കിയവര്‍ക്ക് കോഴ്‌സിന് പ്രവേശിക്കാനാകും.

പ്ലസ്ടുവിന് ശേഷം ബി എഡിന് ചേരാം;  നാല് വര്‍ഷത്തെ ബി എഡ് കോഴ്‌സ് അവതരിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: അടുത്ത അധ്യയന വര്‍ഷം മുതല്‍ നാല് വര്‍ഷത്തെ ബിഎഡ് കോഴ്‌സ് ആരംഭിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. അധ്യാപനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ഈ പുതിയ മാറ്റം. മാനവ വിഭവശേഷി വികസന മന്ത്രി പ്രകാശ് ജാവദേക്കര്‍ ആണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഡല്‍ഹിയില്‍ കേന്ദ്രീയ വിദ്യാലയങ്ങളുടേയും ജവഹര്‍ നവോദയ വിദ്യാലയങ്ങളുടേയും പ്രിന്‍സിപ്പില്‍മാര്‍ക്കായി സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'എല്ലാവരുടെയും അവസാന ഓപ്ഷണ്‍ ആയി അധ്യാപനം മാറി. അതുകൊണ്ടുതന്നെ അധ്യാപനത്തിന്റെ ഗുണനിലവാരം താഴേക്ക് പോയി. അടുത്ത വര്‍ഷം മുതല്‍ നാല് വര്‍ഷത്തെ ഇന്റഗ്രേറ്റഡ് ബിഎഡ് കോഴ്‌സ് അവതരിപ്പിക്കാന്‍ പോകുകയാണ്', അദ്ദേഹം പറഞ്ഞു.

ബിഎ, ബികോം, ബിഎസ്‌സി എന്നീ സ്ട്രീമുകളിലായിരിക്കും കോഴ്‌സുകള്‍ നടത്തുക. നിലവില്‍ ബിരുദം പൂര്‍ത്തിയാക്കിവര്‍ക്കാണ് ബിഎഡ് കോഴ്‌സ് ചെയ്യാനാകുക. എന്നാല്‍ നാല് വര്‍ഷത്തെ കോഴ്‌സ് ആരംഭിക്കുന്നതോടെ പന്ത്രണ്ടാം ക്ലാസ് പൂര്‍ത്തിയാക്കിയവര്‍ക്ക് കോഴ്‌സിന് പ്രവേശിക്കാനാകും. കോഴ്‌സിനായുള്ള പാഠ്യപദ്ധതി എന്‍സിടിഇ (നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യുക്കേഷന്‍) തയ്യാറാക്കുകയാണെന്നും മന്ത്രി പറഞ്ഞു.

2018 ഫെബ്രുവരിയിലെ ബജറ്റില്‍ അരുണ്‍ ജെയ്റ്റ്‌ലി നാല് വര്‍ഷ ബി എഡ് പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഒരു വര്‍ഷം നീണ്ടു നിന്ന പഠനങ്ങള്‍ക്കും ഒരുക്കങ്ങള്‍ക്കും ശേഷം അടുത്ത അധ്യായന വര്‍ഷം മുതല്‍ നാല് വര്‍ഷ ബി എഡ് ആരംഭിക്കും.

നാല് വര്‍ഷത്തെ ബിഎഡ് ഘടനയുടെ വിശദാംശങ്ങള്‍:

  1. ബിഎ, ബികോം, ബി.എസ്‌സി എന്നീ മൂന്ന് സ്ട്രീമുകളിലാണ് നാലു വര്‍ഷത്തെ ബി എഡ് കോഴ്‌സ് നടക്കുന്നത്.
  2. പ്ലസ്ടുവിന് ശേഷം നാല് വര്‍ഷ ബി-എഡിന് ചേരാം. ഇതോടെ വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷം ലാഭിക്കാന്‍ സാധിക്കും. നിലവില്‍ ബിരുദം പൂര്‍ത്തിയായ ശേഷമാണ് രണ്ട് വര്‍ഷ ബി-എഡ് കോഴ്‌സ്.
  3. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജ്യുക്കേഷന്‍ (എന്‍സിടിഇ) ആണ് ബി എഡ് കോഴ്‌സിന്റെ ചുമതല.
  4. പ്രീ പ്രൈമറി മുതല്‍ പ്രൈമറി വരേയും അപ്പര്‍ പ്രൈമറി മുതല്‍ സെക്കന്ററി വരേയും രണ്ടു തലങ്ങളിലായാണ് 4 വര്‍ഷത്തെ ഇന്റഗ്രേറ്റഡ് അധ്യാപക പരിശീലന പരിപാടി.
  5. അടുത്ത വര്‍ഷം മുതല്‍ പുതിയ ബി-എഡ് കോഴ്‌സ് ആരംഭിക്കാന്‍ താല്‍പര്യമുള്ള കോളജുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
  6. പുതിയ ബി-എഡ് ആരംഭിക്കുന്ന പ്രാദേശിക സര്‍വകലാശാലകള്‍ എന്‍.സി.റ്റി.ഇയുടെ മുന്‍കൂര്‍ അനുമതിയോടെ മാതൃകാ പാഠ്യപദ്ധതി പരിഷ്‌കരിക്കണം.
  7. സംയോജിത ബീഡ് കോഴ്‌സ് 2019-2020 അധ്യയന വര്‍ഷത്തില്‍ ആരംഭിക്കും.Afsal ph

Afsal ph

Our Contributor help bring you the latest article around you


RELATED STORIES

Share it
Top