സൗദിയില്‍ ഇന്ന് സൂപ്പര്‍ ക്ലാസിക്കോ; ബ്രസീലും അര്‍ജന്റീനയും കളത്തില്‍


റിയാദ്: സൗദിയിലെ അബ്ദുല്ല രാജാവിന്റെ നാമധേയത്തിലുള്ള സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ രാജാക്കന്‍മാരായ ബ്രസീലും അര്‍ജന്റീനയും ഇന്ന് മുഖാമുഖം അണിനിരക്കുമ്പോള്‍ ലോക ഫുട്‌ബോള്‍ ആരാധകര്‍ ആവേശത്തിന്റെ കൊടുമുടി കയറും. സൗഹൃദം ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇരുരാജ്യങ്ങളും ബൂട്ടുകെട്ടുമ്പോള്‍ ഈ പോരാട്ടത്തെ സൂപ്പര്‍ ക്ലാസിക്കോ എന്ന ചുരുക്കപ്പേരിട്ടാണ് ആരാധകര്‍ വരവേല്‍ക്കാനൊരുങ്ങുന്നത്. ഇന്ന് രാത്രി 11.30നാണ് മല്‍സരം.
സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ അഭാവത്തിലാണ് അര്‍ജന്റീന ഇത്തവണ സൂപ്പര്‍ ക്ലാസിക്കോ പോരിന് ഇറങ്ങുന്നതെന്നതിനാല്‍ പോരാട്ട വീര്യത്തിന് മാറ്റ് കുറയും. എതിര്‍വശത്ത് അര്‍ജന്റീനന്‍ പ്രതിരോധം വിറപ്പിക്കാന്‍ പോന്ന നെയ്മര്‍, ജീസസ്, കോട്ടീഞ്ഞോ ത്രയത്തെ ഒരു ലോക കലാശപ്പോരിനായി മിനുക്കിയെടുത്താണ് അഞ്ച് തവണ ഫുട്‌ബോള്‍ കിരീടം ചൂടിയ ബ്രസീല്‍ സൗദിയുടെ കളിത്തട്ടില്‍ പന്ത് തട്ടാനിറങ്ങുന്നത്. ലോകകപ്പിന് ശേഷം ടീമിന്റെ താല്‍ക്കാലിക പരിശീലകനായി ചുമതലയേറ്റ ലയണല്‍ സെബാസ്റ്റ്യന്‍ സ്‌കലോണി എന്ന അര്‍ജന്റീനന്‍ താരത്തിന് കീഴില്‍ കളിച്ച മല്‍സരങ്ങളിലെല്ലാം അപരാജിത കുതിപ്പുമായി മുന്നേറുകയാണ് അര്‍ജന്റീന. ഈ മൂന്ന് മല്‍സരങ്ങളിലും ഗോളുകളൊന്നും വഴങ്ങിയിട്ടില്ല എന്നതും സ്‌കലോണിയുടെ പരിശീലന മികവ് വരച്ചുകാട്ടുന്നു. എന്നാല്‍ കളിച്ച മൂന്ന് കളിയും താരതമ്യേന ദുര്‍ബലരായ ടീമിനെതിരേ ആണെന്നതിനാല്‍ പരിശീലകനെ വിലയിരുത്താനാവില്ല. ചെറുമീനുകളെ കീഴ്‌പ്പെടുത്തിയ സ്‌കലോണിപ്പടയെ തുരത്താനായി മറ്റൊരു വമ്പന്‍സ്രാവെത്തുമ്പോള്‍ വിജയം ആര്‍ക്കൊപ്പം നില്‍ക്കുമെന്നത് അപ്രവചനീയം. ലയണല്‍ മെസ്സിയുടെ അഭാവം അര്‍ജന്റീനയെ തെല്ലൊന്നുമല്ല അലട്ടുന്നത്.
അടുത്തിടെ ബ്രസീലുമായി കൊമ്പുകോര്‍ത്ത മല്‍സരങ്ങളില്‍ അര്‍ജന്റീനയ്ക്കായി ഗോള്‍വല ചലിപ്പിക്കാന്‍ മെസ്സി ഉണ്ടായിരുന്നു.
പരിചയ സമ്പനന്നായ ടിറ്റെയുടെ ശിക്ഷണത്തില്‍ ഇറങ്ങുന്ന ബ്രസീല്‍ വാനോളം പ്രതീക്ഷകളുമായാണ് ബദ്ധവൈരികളോട് ഏറ്റുമുട്ടാനൊരുങ്ങുന്നത്. ലോകത്തിലെ തന്നെ മികച്ച ആക്രമണ താരങ്ങളുള്ള ബ്രസീല്‍ നിരയില്‍ റിച്ചാര്‍ലിസന്‍ കൂടി എത്തുന്നതോടെ മഞ്ഞപ്പടയ്ക്കു കാരിരുമ്പിന്റെ ശക്തികൈവരും.
ഇത് മറികടക്കാന്‍ വന്‍ പ്രതിരോധമതില്‍തന്നെ അര്‍ജന്റീനയ്ക്കു ഉയര്‍ത്തേണ്ടിവരും. ഗോളടിച്ചും അടിപ്പിച്ചും ഒരു നായകന്റെ യഥാര്‍ഥ ജോലി ചെയ്യുന്ന പിഎസ്ജി താരം നെയ്മറെ പൂട്ടുകയെന്നതാവും അര്‍ജന്റീനയുടെ തന്ത്രം. ഗോളടിക്കാന്‍ കഴിയാത്ത മല്‍സരങ്ങളില്‍ മികെച്ചാരു അസിസ്‌റ്റെങ്കിലും സ്വന്തം പേരില്‍ കുറിച്ചേ ഈ താരം കളംവിടാറുള്ളു. സൗദി അറേബ്യയ്‌ക്കെതിരായ അവസാന മല്‍സരത്തില്‍ ബ്രസീല്‍ നേടിയ രണ്ട് ഗോളിനും വഴിയൊരുക്കിയതു ഇതിനൊരുദാഹരണം മാത്രം.
ബ്രസീലിന് റെക്കോര്‍ഡ് ബുക്കുകള്‍ നല്‍കുന്ന ആത്മവിശ്വാസവും വളരെ വലതുതാണ്.അര്‍ജന്റീനയുമായി കൊമ്പു കോര്‍ത്ത അവസാന 31 മല്‍സരങ്ങളില്‍ 17ലും ബ്രസീലിന്റെ സാംബ ചുവട് വയ്പുകള്‍ക്കാണ് ഗ്യാലറി സാക്ഷ്യംവഹിച്ചത്. അവസാനമായി ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ ഇരുവരും മുഖാമുഖം അണിനിരന്നപ്പോള്‍ 4-1 ന്റെ ജയമാണ് ബ്രസീല്‍ അക്കൗണ്ടിലാക്കിയത്.
സ്വന്തം തട്ടകത്തില്‍ വച്ച് അര്‍ജന്റീനയെ ബ്രസീല്‍ 3-0ന് പരാജയപ്പെടുത്തിയപ്പോള്‍ അര്‍ജന്റീനയുടെ മടയില്‍ ചെന്ന് അവരെ 1-1ന്റെ സമനിലയില്‍ തളച്ച് തിണ്ണമിടുക്ക് കാട്ടാനും ബ്രസീലിനായി. അവസാനമായി കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇരുടീമും സൗഹൃദ മല്‍സരത്തില്‍ ഏറ്റുമുട്ടിയപ്പോഴും ജയം ബ്രസീലിനൊപ്പം നിന്നു. പോരാട്ടവീര്യം കണ്ട ഈ മല്‍സരത്തില്‍ ഒരു ഗോളിനായിരുന്നു ബ്രസീല്‍ ജയിച്ചുകയറിയത്.
അര്‍ജന്റീന വന്ന വഴി
ലോകകപ്പില്‍ ജോര്‍ജ് സാംപോളിക്ക് കീഴില്‍ ഇറങ്ങിയ അര്‍ജന്റീനയ്ക്ക് ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ജയം മാത്രമേ സ്വന്തമാക്കാന്‍ കഴിഞ്ഞുള്ളൂ. അതും നിര്‍ണാക മല്‍സരത്തില്‍ നൈജീരിയക്കെതിരേ(2-0). അതിന് മുമ്പ് ഐസ്ലന്‍ഡിനോട് 1-1ന്റെ സമനില വഴങ്ങിയ അവര്‍ക്ക് ശേഷം ക്രൊയേഷ്യയുടെ (3-0) അട്ടിമറിജയത്തില്‍ ഇരകളാവേണ്ടി വന്നു. എങ്കിലും പ്രീക്വാര്‍ട്ടറിലെത്തിയ അര്‍ജന്റീനയെ ചാംപ്യന്‍മാരായ ഫ്രാന്‍സ് 4-3ന് പരാജയപ്പെടുത്തി അവരുടെ പോരാട്ടം അവസാനിപ്പിച്ചു. തുടര്‍ന്ന സൗഹൃദ പോരാട്ടത്തിനിറങ്ങിയ അര്‍ജന്റീനയ്ക്ക് മൂന്ന് കളികളില്‍ രണ്ടെണ്ണം ജയിക്കാനായപ്പോള്‍ ഒരെണ്ണം സമനിലയിലും ബൂട്ടഴിക്കേണ്ടി വന്നു. ഇറാഖിനോടും (4-0) ഗ്വാട്ടിമാലയോടും (3-0) വിജയം നേടിയ അവര്‍ക്ക് കൊളംബിയക്കെതിരേയാണ് (0-0) ഗോളടിക്കാന്‍ മറന്നുപോയത്.
ബ്രസീല്‍ വന്നവഴി
ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനോട്് സമനില വഴങ്ങിയതിന് ശേഷം രണ്ടും ജയിച്ചാണ് ബ്രസീല്‍ പ്രീക്വാര്‍ട്ടറിലെത്തിയത്. സമനില വഴങ്ങിയതോടെ ഉണര്‍ന്ന് കളിച്ച ബ്രസീല്‍ അടുത്ത മല്‍സരത്തില്‍ കോസ്റ്ററിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. അടുത്ത മല്‍സരത്തില്‍ സെര്‍ബിയയേയും ഇതേ മാര്‍ജിനില്‍ കീഴ്‌പ്പെടുത്തിയതോടെ ഗ്രൂപ്പ് ചാംപ്യന്‍മാരായി പ്രീക്വാര്‍ട്ടറിലേക്ക്. പ്രീക്വാര്‍ട്ടറില്‍ മെക്‌സിക്കോയെ 2-0ന് പരാജയപ്പെടുത്തി ക്വാര്‍ട്ടറിലെത്തിയ അവര്‍ ബെല്‍ജിയത്തോട് 2-1ന് പരാജയപ്പെട്ട് നാട്ടിലേക്ക് മടങ്ങി. പിന്നീട് നടന്ന സൗഹൃദ മല്‍സരത്തില്‍ മൂന്നിലൂം മികച്ച ജയം സ്വന്തമാക്കിയാണ് ഇന്ന് അര്‍ജന്റീനയ്‌ക്കെതിരേ ഇറങ്ങുന്നത്. അമേരിക്ക (2-0) എല്‍ സാല്‍വദോര്‍ (5-0) സൗദി അറേബ്യ (2-0) എന്നീ കുഞ്ഞന്‍മാരോടാണ് ബ്രസീല്‍ കരുത്ത് കാട്ടിയത്.
സാധ്യതാ ലൈനപ്പ്
ബ്രസീല്‍:
ഗോള്‍കീപ്പര്‍- അലിസണ്‍
പ്രതിരോധം- അലക്‌സാണ്ട്രോ, ഡാനിലോ, ഫാബീഞ്ഞോ, മാഴ്‌സലോ
മധ്യ നിര- കാസമിറോ, കോട്ടീഞ്ഞോ, ഫിര്‍മിനോ,
മുന്നേറ്റ നിര- ജീസസ്, നെയ്മര്‍, റിച്ചാര്‍ലിസണ്‍
അര്‍ജന്റീന
ഗോള്‍കീപ്പര്‍: റൊമേറോ
പ്രതിരോധം- സറാവിയ, പെസ്സെല്ല, നിക്കോളാസ് ഒറ്റമെന്‍ഡി, ടാഗ്ലിയാഫിക്കോ
മധ്യനിര- പാരീഡിസ്, ലോ സെല്‍സ, പാലാസിയസ്
മുന്നേറ്റ നിര- ഡിബാല, സിമിയോണ്‍, മൗറോ ഇക്കാര്‍ഡി

RELATED STORIES

Share it
Top