Big stories

പൗരത്വ ഭേദഗതി നിയമം: എല്ലാ പാര്‍ട്ടികളും ഒരുമിച്ച് വന്നാലും പിന്നോട്ടില്ലെന്ന് അമിത് ഷാ

രാജ്യമെമ്പാടും പൗരത്വ നിയമഭേദഗതിക്ക് എതിരായ പ്രക്ഷോഭം ആളിക്കത്തുമ്പോള്‍, ഇത് തണുപ്പിക്കാനാണ് ബിജെപി രാജ്യവ്യാപകമായി പ്രചാരണത്തിന് തുടക്കം കുറിച്ചത്.

പൗരത്വ ഭേദഗതി നിയമം:  എല്ലാ പാര്‍ട്ടികളും ഒരുമിച്ച് വന്നാലും പിന്നോട്ടില്ലെന്ന് അമിത് ഷാ
X

ജയ്പൂര്‍: പൗരത്വ നിയമഭേദഗതി ഒരു കാരണവശാലും പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രതിഷേധിക്കുന്ന എല്ലാ പാര്‍ട്ടികളും ഒരുമിച്ച് വന്നാല്‍ പോലും ബിജെപിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും നിലപാടില്‍ മാറ്റം ഉണ്ടാവുകയില്ല. കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ പ്രതിഷേധം വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മാത്രമാണെന്നും രാഹുല്‍ ഗാന്ധി നിയമം പഠിച്ച ശേഷം പ്രതികരിക്കുന്നതായിരിക്കും നല്ലതെന്നും ഷാ പറഞ്ഞു.

രാഹുല്‍ ഗാന്ധി എംപിക്കെതിരെ രൂക്ഷമായ പരിഹാസമാണ് അമിത് ഷാ നടത്തുന്നത്. ''രാഹുല്‍ ബാബ ഇതുവരെ നിയമമെന്താണെന്ന് പഠിച്ചിട്ടില്ല. ആദ്യം നിയമത്തിന്റെ പകര്‍പ്പ് രാഹുല്‍ ബാബ വായിക്കട്ടെ. ഇനി ഇറ്റാലിയനിലാക്കി പരിഭാഷപ്പെടുത്തിത്തരണോ? അതിനും സര്‍ക്കാര്‍ തയ്യാറാണ്. എന്നിട്ട് പഠിച്ചുവന്നാല്‍ എവിടെ വച്ചും പരസ്യ സംവാദത്തിന് തയ്യാറാണ്'' അമിത് ഷാ പറഞ്ഞു.

മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനോടും കോണ്‍ഗ്രസിനോടും ഒന്നിച്ചാണ് ഷാ വെല്ലുവിളി നടത്തുന്നത്. ഇനി രാജ്യത്തെ പ്രതിപക്ഷം ഒന്നിച്ച് വന്ന് ബിജെപിക്ക് എതിരെ നിന്നാലും ഒരടി പിന്നോട്ട് പോകാന്‍ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.

മുന്‍പ് മതന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ എവിടെയായിരുന്നുവെന്ന് അദ്ദേഹം ചോദിച്ചു. വിഭജനത്തിന്റെ ഭാഷ നന്നായി അറിയാവുന്നത് കോണ്‍ഗ്രസിനാണ്. നുണ പ്രചരിപ്പിച്ച് ജനങ്ങള്‍ക്കിടയില്‍ തെറ്റിധാരണയുണ്ടാക്കാമെന്നാണ് കോണ്‍ഗ്രസും ആംആദ്മിയും കരുതുന്നത്. അത് വിലപ്പോവില്ല അമിത് ഷാ പറഞ്ഞു. പാകിസ്താനിലടക്കം മതന്യൂനപക്ഷങ്ങളായ ഹിന്ദുക്കള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ കോണ്‍ഗ്രസ് എവിടെപ്പോയിരുന്നു എന്നും അമിത് ഷാ ചോദിച്ചു.

രാജ്യമെമ്പാടും പൗരത്വ നിയമഭേദഗതിക്ക് എതിരായ പ്രക്ഷോഭം ആളിക്കത്തുമ്പോള്‍, ഇത് തണുപ്പിക്കാനാണ് ബിജെപി രാജ്യവ്യാപകമായി പ്രചാരണത്തിന് തുടക്കം കുറിച്ചത്. വിപുലമായി പൗരത്വ നിയമഭേദഗതിയെ ന്യായീകരിച്ച് റാലികള്‍ നടത്തുകയാണ് പാര്‍ട്ടി. അതിന്റെ ഭാഗമായിട്ടാണ് രാജസ്ഥാനിലെ റാലിയും. ദേശീയ പൗരത്വ റജിസ്റ്റര്‍ സംബന്ധിച്ച് മോദിയും അമിത്ഷായും പറയുന്ന വാക്കുകളിലെ വൈരുദ്ധ്യം വലിയ വിവാദമായിരുന്നു. ദേശവ്യാപകമായി പൗരത്വ റജിസ്റ്റര്‍ കൊണ്ടുവരുന്നതിനെക്കുറിച്ച് ഇതുവരെ ചര്‍ച്ച ചെയ്തിട്ടു പോലുമില്ലെന്നാണ് ദില്ലിയിലെ ദ്വാരകയില്‍ നടന്ന റാലിയില്‍ നരേന്ദ്രമോദി പറഞ്ഞത്. പൗരത്വപ്രക്ഷോഭത്തെക്കുറിച്ച് ആദ്യമായി പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി.

Next Story

RELATED STORIES

Share it