Big stories

തുറന്ന ചര്‍ച്ച വേണമെന്ന് ഡോക്ടര്‍മാര്‍; മമതയുമായുള്ള ചര്‍ച്ച വഴിമുട്ടി

രഹസ്യ ചര്‍ച്ചക്കില്ലെന്ന പ്രധാന ഉപാധിക്ക് മമത വഴങ്ങാതിരുന്നതാണ് ചര്‍ച്ച വഴിമുട്ടാന്‍ ഇടയാക്കിയത്. ഇന്ന് വൈകീട്ട് മൂന്നിന് ബംഗാള്‍ സെക്രട്ടറിയേറ്റില്‍വച്ച് ചര്‍ച്ച നടത്താമെന്നാണ് മമത അറിയിച്ചിരുന്നത്.

തുറന്ന ചര്‍ച്ച വേണമെന്ന് ഡോക്ടര്‍മാര്‍; മമതയുമായുള്ള ചര്‍ച്ച വഴിമുട്ടി
X

കൊല്‍ക്കത്ത: മാധ്യമ സാന്നിധ്യം വേണമെന്ന ആവശ്യത്തില്‍ സമരം ചെയ്യുന്ന റെസിഡന്റ് ഡോക്ടര്‍മാര്‍ ഉറച്ചുനിന്നതോടെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായുള്ള ചര്‍ച്ച വഴിമുട്ടി. രഹസ്യ ചര്‍ച്ചക്കില്ലെന്ന പ്രധാന ഉപാധിക്ക് മമത വഴങ്ങാതിരുന്നതാണ് ചര്‍ച്ച വഴിമുട്ടാന്‍ ഇടയാക്കിയത്. ഇന്ന് വൈകീട്ട് മൂന്നിന് ബംഗാള്‍ സെക്രട്ടറിയേറ്റില്‍വച്ച് ചര്‍ച്ച നടത്താമെന്നാണ് മമത അറിയിച്ചിരുന്നത്.

എന്നാല്‍, ചര്‍ച്ചയുടെ സ്ഥലവും സമയവും മമതക്ക് തീരുമാനിക്കാം. എന്നാല്‍, മാധ്യമങ്ങളുടെ സാന്നിധ്യത്തിലാവണം ചര്‍ച്ച എന്നാണ് ഡോക്ടര്‍മാര്‍ മുന്നോട്ട് വച്ച നിബന്ധന. മറ്റ് സംസ്ഥാനങ്ങളിലെ സംഘടന പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും തുടങ്ങിയവയാണ് മറ്റ് ഉപാധികള്‍. ബംഗാളില്‍ ചേര്‍ന്ന റസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ ജനറല്‍ ബോഡിയുടേതാണ് തീരുമാനം.

എന്നാല്‍, ചര്‍ച്ചയില്‍ മാധ്യമങ്ങളുടെ സാന്നിധ്യം വേണമെന്ന ആവശ്യം സെക്രട്ടറിയേറ്റിലെ സുരക്ഷ ചൂണ്ടിക്കാട്ടി മമത തള്ളുകയായിരുന്നു. അതേസമയം, ദിവസങ്ങളായി തുടരുന്ന സമരം അനിശ്ചിതമായി നീളുന്നത് രോഗികളെ വലക്കുകയാണ്.ചികില്‍സ കിട്ടാതെ ബംഗാളിലെ 24 പര്‍ഗാനാസില്‍ നവജാത ശിശു കഴിഞ്ഞ ദിവസം മരിച്ചു. രാജ്യത്തെ മുന്നൂറ് ഡോക്ടര്‍മാര്‍ ഇതിനോടകം രാജി വച്ചുകഴിഞ്ഞു.

പ്രശ്‌നം കൂടുതല്‍ വഷളാവാതിരിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഹൗസ് സര്‍ജ്ജന്മാരുടെ സംഘടന പ്രധാനമന്ത്രിക്ക് കത്ത് നല്‍കി. പ്രശ്‌ന പരിഹാരം തേടി മമത ബാനര്‍ജിക്കും ഹൗസ് സര്‍ജന്‍സ് അസോസിയേഷന്‍ കത്ത് നല്‍കിയിട്ടുണ്ട്. അതേസമയം കേന്ദ്രനിലപാട് തുടക്കം മുതലെ ഡോക്ടര്‍മാര്‍ക്കനുകൂലമാണ്. ഡോക്ടര്‍മാരുടെ സംരക്ഷണം ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ മമത ബാനര്‍ജിക്ക് കത്തയച്ചിരുന്നു. സമരത്തെ രാഷ്ട്രീയ ആയുധമാക്കി ബിജെപി ബംഗാള്‍ ഘടകം പിന്തുണയറിയിക്കുകയും ചെയ്തിട്ടുണ്ട്. ഡോക്ടര്‍മാരുടേത് ബിജെപി സ്‌പോണ്‍സേര്‍ഡ് സമരമാണെന്ന് മമത ബാനര്‍ജി ആരോപിച്ചിരുന്നു.

Next Story

RELATED STORIES

Share it