Big stories

പശ്ചിമഘട്ടത്തെ തകർത്തെറിയാൻ പോകുന്ന വയനാട് തുരങ്കപ്പാത

8.11 കിലോ മീറ്റർ തുരങ്കപ്പാത കടന്നുപോകുന്ന മേഖലയിൽ 2.904 കിലോ മീറ്റർ സ്വകാര്യ ഭൂമിയും 5.26 കിലോ മീറ്റർ വനഭൂമിയുമാണ് ഉൾപ്പെടുന്നത്. കോഴിക്കോട് ജില്ലയിലെ മറിപ്പുഴയിൽ നിന്നാരംഭിക്കുന്ന തുരങ്കപ്പാത ചൂരൽമലയിലെ മീനാക്ഷി ക്ഷേത്രത്തിനടുത്താണ് അവസാനിക്കുക.

പശ്ചിമഘട്ടത്തെ തകർത്തെറിയാൻ പോകുന്ന വയനാട് തുരങ്കപ്പാത
X

അഭിലാഷ് പി

കോഴിക്കോട്: കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന തുരങ്കപ്പാത പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ച് ഒരു വർഷം പിന്നിടുമ്പോഴും പാരിസ്ഥിതിക-സാമൂഹിക ആഘാത പഠനം എങ്ങുമെത്തിയില്ല. 2020 ഒക്ടോബർ അഞ്ചിനായിരുന്നു മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മപദ്ധതികളിൽ ഉൾപ്പെടുത്തി ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്ക പാതയുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ചത്. എന്നാൽ ഒരു വർഷം പിന്നിട്ടിട്ടും യാതൊരുതരത്തിലും ജനങ്ങളുടെ ആശങ്കകൾ ദൂരികരിക്കാനും സർക്കാർ തയ്യാറായിട്ടില്ല.


പൊതുമരാമത്ത് വകുപ്പിൻ്റെ നേതൃത്വത്തിൽ കിഫ്ബിയിൽ നിന്നും 658 കോടി രൂപ ചെലവഴിച്ചാണ് തുരങ്കപാത നിർമ്മിക്കുന്നതെന്നാണ് ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. എന്നാൽ തുരങ്ക പാതയുടെ നിർമ്മാണ പ്രവൃത്തി ഏൽപ്പിച്ചിരിക്കുന്ന കൊങ്കൺ റയിൽവേ കോർപറേഷൻ തയ്യാറാക്കിയ വിശദ പദ്ധതി റിപോർട്ട് പ്രകാരം 2084.49 കോടി രൂപ ചെലവുവരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. 8.11 കിലോ മീറ്റർ ദൈർഘ്യമുള്ള ടണലും 0.625 കിലോമീറ്റർ അപ്രോച്ച് റോഡുമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

8.11 കിലോ മീറ്റർ തുരങ്കപ്പാത കടന്നുപോകുന്ന മേഖലയിൽ 2.904 കിലോ മീറ്റർ സ്വകാര്യ ഭൂമിയും 5.26 കിലോ മീറ്റർ വനഭൂമിയുമാണ് ഉൾപ്പെടുന്നത്. കോഴിക്കോട് ജില്ലയിലെ മറിപ്പുഴയിൽ നിന്നാരംഭിക്കുന്ന തുരങ്കപ്പാത ചൂരൽമലയിലെ മീനാക്ഷി ക്ഷേത്രത്തിനടുത്താണ് അവസാനിക്കുക. നാലുവരി തുരങ്കപ്പാതയും ഒരു എമർജൻസി എക്സിറ്റ് പാസേജുമായിരുന്നു ആദ്യഘട്ടത്തിൽ തീരുമാനിച്ചെങ്കിലും ഇപ്പോൾ പൂർത്തീകരിച്ച വിശദ പദ്ധതി റിപോർട്ട് പ്രകാരം നാലുവരിപ്പാതയായാണ് വിഭാവനം ചെയ്തിരിക്കുന്നത്. അടിയന്തിരഘട്ടത്തിൽ ഉപയോ​ഗിക്കേണ്ട പാത വിശദ പദ്ധതി റിപോർട്ട് പുറത്തുവരുമ്പോൾ ഒഴിവാക്കിയതായാണ് കാണാൻ കഴിയുന്നത്. സാമ്പത്തിക ലാഭം കണക്കിലെടുത്താണ് ഇത് ഒഴിവാക്കിയതെന്നാണ് പൊതുമരാമത്ത് ഉദ്യോ​ഗസ്ഥരുടെ വിശദീകരണം


ഇരുവരഞ്ഞി പുഴയ്ക്ക് കുറുകെ 70 മീറ്റർ നീളത്തിൽ രണ്ടുവരി പാലവും ഈ പദ്ധതിയുടെ ഭാ​ഗമായി നിർമിക്കുന്നുണ്ട്. സാങ്കേതിക പഠനം മുതൽ നിർമാണം വരെയുള്ള എല്ലാ കാര്യങ്ങളും കൊങ്കൺ റയിൽവേ കോർപറേഷൻ നിർവഹിക്കുമെന്നായിരുന്നു മുഖ്യമന്ത്രി ആദ്യം പ്രഖ്യാപിച്ചെങ്കിലും പാരസ്ഥിതിക-സാമൂഹികാഘാത പഠനം ഏൽപ്പിച്ചിരിക്കുന്നത് കിറ്റ്കോയെയാണ്.

പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുമെന്ന് പദ്ധതി വിഭാവനം ചെയ്യുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും പദ്ധതി നടത്തിപ്പ് പൂർണമായും കിഫ്ബിയിലേക്ക് മാറ്റിയതായാണ് പുറത്തുവരുന്ന വിവരം. ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കിയതായി പൊതുമരാമത്ത് ഉദ്യോ​ഗസ്ഥർ പറയുന്നു. കോഴിക്കോട്ടുനിന്ന് കുന്നമംഗലം, എൻഐടി, അഗസ്ത്യൻമുഴി, തിരുവമ്പാടി വഴിയാണ് മറിപ്പുഴയിലെത്തുന്നത്. പദ്ധതി നടത്തിപ്പ് പൂർണമായും കിഫ്ബിക്ക് നൽകിയതിന് പിന്നാലെ പ്രവ‍ൃത്തി നടന്നുകൊണ്ടിരിക്കുന്ന അ​ഗസ്ത്യൻമുഴി റോഡ് നിർമാണവും കിഫ്ബിക്ക് കൈമാറിയതായാണ് വിവരം.


അതേസമയം തുരങ്കപ്പാത അവസാനിക്കുന്ന ചൂരൽമലയിലെ മീനാക്ഷി ക്ഷേത്രത്തിൽ നിന്ന് വലിയ ദൂരമില്ല 2019ൽ മഹാദുരന്തത്തിന് ഇടയാക്കിയ പൊത്തുമലയിലേക്ക്. പുത്തുമലയിലെ ഉരുൾപൊട്ടൽ പ്രഭവകേന്ദ്രത്തിന് അടുത്തുകൂടിയാണ് തുരങ്കപ്പാത കടന്നുപോകുന്നതെന്ന് സാരം. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പഠനങ്ങളിൽ പ്രകൃതി ദുരന്തങ്ങളുടെ സാധ്യതാപ്പട്ടികയിൽ ഉൾപ്പെടുത്തിയ പ്രദേശത്തുകൂടിയാണ് തുരങ്കപ്പാത പോകുന്നതെന്ന കാര്യം ശ്രദ്ധേയമാണ്.


തുരങ്കപ്പാത പദ്ധതിക്കായി നിർമിക്കുന്ന അപ്രോച്ച് റോഡിനായി ഇതുവരേയും മേപ്പാടി പഞ്ചായത്തിൽ നിന്നുപോലും അനുമതി ലഭിച്ചില്ല. കിഫ്ബിയുടെ കീഴിൽ പ്രഖ്യാപിക്കപ്പെട്ട വൻ പദ്ധതികളിലെല്ലാം സർക്കാർ സമാന സമീപനമാണ് കൈക്കൊള്ളുന്നതെന്ന ആക്ഷേപം നേരത്തെ തന്നെ ഉയർന്നിരുന്നു.

ഇത്രയും വലിയ തുക മുടക്കി നിർമ്മിക്കുന്ന പദ്ധതിക്ക് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിൽ നിന്ന് അനുമതി ലഭിച്ചിട്ടില്ലെന്നു പൊതുമരാമത്ത് ഉദ്യോ​ഗസ്ഥർ പറയുമ്പോഴും സർക്കാരിന്റെ സ്വപ്ന പദ്ധതി പശ്ചിമഘട്ടത്തിന്റെ തകർച്ചയ്ക്ക് കാരണമാകുമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞരും വിദഗ്ധരും ചൂണ്ടിക്കാട്ടുന്നുണ്ട്. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട സർക്കാരിന്റെ സുതാര്യതയില്ലായ്മയും ആക്ഷേപങ്ങൾക്കും ആരോപണങ്ങൾക്കും ശക്തിപകരുന്നുണ്ട്.

അതേസമയം വലിയൊരു പ്രത്യാഘാതത്തിന് ഇടയൊരുക്കുന്ന പദ്ധതിയായിട്ടും ഇതിനെതിരേ കാര്യമായ പ്രതിഷേധങ്ങളൊന്നും പരിസ്ഥിതി-സാമൂഹിക- രാഷ്ട്രീയ മേഖലകളിൽ നിന്ന് ഉയർന്നിട്ടില്ലെന്നാണ് മറ്റൊരു യാഥാർത്ഥ്യം. ലോകമെമ്പാടും കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള ചർച്ചകൾ ഉയരുമ്പോഴും ഇത്തരം പദ്ധതികൾക്കെതിരേ തുടരുന്ന മൗനം സംശയാസ്പദമാണ്.

Next Story

RELATED STORIES

Share it