Big stories

ഹൈദരാബാദ് സംഭവം വ്യാജ ഏറ്റുമുട്ടൽകൊലയോ? 2008 ലെ വാറങ്കല്‍ കേസിന്റെ ആവര്‍ത്തനം; രണ്ടിലും അന്വേഷണ ഉദ്യോഗസ്ഥന്‍ ഒരാള്‍

വാറങ്കല്‍ കേസിലെ അതേ സാഹചര്യമാണ് ഇവിടെയും ആവര്‍ത്തിച്ചിരിക്കുന്നത്. രണ്ട് കേസിലും ഒരേ പോലിസുകാരനാണ് അന്വേഷണ ഉദ്യോഗസ്ഥനെന്നതും പ്രശ്‌നത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നു.

ഹൈദരാബാദ് സംഭവം വ്യാജ ഏറ്റുമുട്ടൽകൊലയോ? 2008 ലെ വാറങ്കല്‍ കേസിന്റെ ആവര്‍ത്തനം; രണ്ടിലും അന്വേഷണ ഉദ്യോഗസ്ഥന്‍ ഒരാള്‍
X

ഹൈദരാബാദ്: ഹൈദരാബാദിലെ മൃഗഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളെ വെടിവച്ചുകൊന്ന സംഭവം 2008 ലെ വാറങ്കല്‍ കേസിന്റെ ആവര്‍ത്തനം. ഹൈദരാബാദ് കേസ് അന്വേഷിക്കുന്ന സിവി സജ്ജനര്‍ തന്നയാണ് വാറങ്കല്‍ കേസും അന്വേഷിച്ചത്. ഹൈദരാബാദ് കേസില്‍ തെളിവെടുപ്പിന് കൊണ്ടുവന്ന പ്രതികള്‍ പോലിസിന്റെ തോക്കെടുത്ത് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് വെടിവെച്ചതെന്നാണ് പോലിസ് പറയുന്നത്. വാറങ്കല്‍ കേസിലും പോലിസ് പറഞ്ഞത് ഇതേ കാരണം.

ഹൈദരാബാദ് കേസ് കൈകാര്യം ചെയ്യുന്ന സൈദരാബാദ് പോലിസ് ചീഫ് സിവി സജ്ജനര്‍ 2008 ല്‍ വാറങ്കലില്‍ എസ്പിയായിരുന്നു. കാകതീയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ സ്വപ്‌നിക, പ്രണിത തുടങ്ങിയ രണ്ട് വിദ്യാര്‍ഥികളുടെ നേര്‍ക്ക് മൂന്നു പേര്‍ ആസിഡ് ആക്രമണം നടത്തി. സ്വപ്നിക പ്രതികളിലൊരാളായ ശ്രീനിവാസന്റെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചു. കോപാകുലനായ ശ്രീനിവാസ റാവു തന്റെ കൂട്ടാളികളായ ഹരികൃഷ്ണയെയും സഞ്ജയ്‌നെയും കൂടെക്കൂട്ടി പെണ്‍കുട്ടികള്‍ക്കെതിരേ ആസിഡ് ആക്രമണം നടത്തി.

ഹൈദരാബാദ് കേസിലെപ്പോലെ തന്നെ എസ്പി പ്രതികളുമായി കുറ്റകൃത്യം പുനരാവിഷ്‌കരിക്കാന്‍ പോയി. അവിടെ വച്ച് പോലിസ് പറയുന്നതനുസരിച്ച് പ്രതികള്‍ പോലിസിന്റെ തോക്ക് തട്ടിപ്പറിച്ച് പോലിസിനെ ആക്രമിച്ചു. നിവൃത്തിയില്ലാതെ സ്വരക്ഷക്കായി പോലിസിന് പ്രതികളെ വെടിവച്ചു കൊല്ലേണ്ടിവന്നു. വാറങ്കല്‍ ഏറ്റുമുട്ടല്‍ നടക്കുമ്പോള്‍ തീരെ അറിയപ്പെടതിരുന്ന എസ്പി പിന്നീട് ഒരു പ്രാദേശിക ഹീറൊയായി മാറിയെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

വാറങ്കല്‍ കേസിലെ അതേ സാഹചര്യമാണ് ഇവിടെയും ആവര്‍ത്തിച്ചിരിക്കുന്നത്. രണ്ട് കേസിലും ഒരേ പോലിസുകാരനാണ് അന്വേഷണ ഉദ്യോഗസ്ഥനെന്നതും പ്രശ്‌നത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നു. വാറങ്കല്‍ കേസ് വ്യാജ ഏറ്റുമുട്ടലാണെന്ന് അക്കാലത്തു തന്നെ ആരോപണമുണ്ടായിരുന്നു. ഹൈദരാബാദ് കേസിൽ അന്വേഷണത്തിന്‍റെ ഭാഗമായി കൊലപാതകം പുനരാവിഷ്കരിക്കുന്നതിനിടയിലാണ് സംഭവമുണ്ടായതെന്നാണ് പോലിസ് ഭാഷ്യം. തെളിവെടുപ്പിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവയ്ക്കേണ്ടി വന്നതെന്ന് പോലിസ് പറയുന്നു. ഇപ്പോൾ ഹൈദരാബാദിൽ നടന്നത് വാറങ്കല്‍ കേസിന്റെ ആവര്‍ത്തനമാണെന്ന സംശയം ബലപ്പെടുത്തുന്നതാണ് രണ്ട് കേസിലേയും പോലിസ് ഭാഷ്യങ്ങൾ.

Next Story

RELATED STORIES

Share it