പശുവിന്റെ പേരില്‍ കലാപം: ഗൂഢാലോചനയില്‍ പോലിസിനും പങ്കെന്ന് കൊല്ലപ്പെട്ട പോലിസുകാരന്റെ സഹോദരി

സുബോധിന്റെ കൊലപാതകത്തില്‍ പോലിസിനും പങ്കുണ്ടെന്ന ആരോപണത്തെ ശരിവയ്ക്കുന്ന നിരവധി സാഹചര്യത്തെളികളുണ്ട്. കലാപം നടക്കുമ്പോള്‍ സുബോധ് മാത്രം എങ്ങിനേയാണ് ഒറ്റപ്പെട്ടതെന്ന ചോദ്യമാണ് ഉയരുന്നത്. സുബോധിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെ തലയിലേക്കാണ് വെടി വച്ചിട്ടുള്ളത്. മരണം ഉറപ്പാക്കിയതിന് ശേഷമാണ് അക്രമികള്‍ സ്ഥലം വിട്ടത്.

പശുവിന്റെ പേരില്‍ കലാപം: ഗൂഢാലോചനയില്‍ പോലിസിനും പങ്കെന്ന് കൊല്ലപ്പെട്ട പോലിസുകാരന്റെ സഹോദരി

ലഖ്‌നോ: ദാദ്രിയിലെ മുഹമ്മദ് അഖ്‌ലാഖിന്റെ കൊലപാതകം അന്വേഷിച്ചതിനാലാണ് സഹോദരന്‍ കൊല്ലപ്പെട്ടതെന്നും സംഭവത്തിന് പിന്നില്‍ പോലിസിന്റെ ഗൂഢാലോചന അന്വേഷിക്കണമെന്നും കൊല്ലപ്പെട്ട പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബോധിന്റെ സഹോദരി. പോലിസിനും സംഘ്പരിവാറിനും എതിരേ ഗുരുതര ആരോപണവുമായാണ് ബുലന്ദ്ഷറില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ സുബോധിന്റെ സഹോദരി രംഗത്തെത്തിയത്. 'പോലിസിനും ഗൂഢാലോചനയില്‍ പങ്കുണ്ട്. സഹോദരനെ രക്തസാക്ഷിയായ പ്രഖ്യാപിക്കണം. അദ്ദേഹത്തിന്റെ ഓര്‍മ്മക്കായി സ്മാരകം നിര്‍മിക്കണം. സഹോദരന്റെ ജീവന് പകരമായി ഞങ്ങള്‍ക്ക് മറ്റൊന്നും വേണ്ട. നഷ്ടപരിഹാരവും വേണ്ട. മുഖ്യമന്ത്രി അക്രമികളെ കയറൂരിവിട്ട് പശു പശു പശു എന്ന് പുലമ്പിക്കൊണ്ടിരിക്കുകയാണ്'. സുബോധിന്റെ സഹോദരി പറഞ്ഞു. ദാദ്രി വധക്കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ പിതാവിന് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നെന്ന് സുബോധിന്റെ മകനും പ്രതികരിച്ചു.

സുബോധിന്റെ കൊലപാതകത്തില്‍ പോലിസിനും പങ്കുണ്ടെന്ന ആരോപണത്തെ ശരിവയ്ക്കുന്ന നിരവധി സാഹചര്യത്തെളികളുണ്ട്. കലാപം നടക്കുമ്പോള്‍ സുബോധ് മാത്രം എങ്ങിനേയാണ് ഒറ്റപ്പെട്ടതെന്ന ചോദ്യമാണ് ഉയരുന്നത്. സുബോധിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെ തലയിലേക്കാണ് വെടി വച്ചിട്ടുള്ളത്. മരണം ഉറപ്പാക്കിയതിന് ശേഷമാണ് അക്രമികള്‍ സ്ഥലം വിട്ടത്. ഇതെല്ലാം സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ തന്നെ പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഇക്കാര്യങ്ങളെല്ലാം അന്വേഷിക്കണമെന്നാണ് സഹോദരിയുടെ ആവശ്യം.

അഖ്‌ലാഖ് കേസ് അന്വേഷിച്ചത് സുബോധാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. ലാബിലേക്ക് അഖ്‌ലാഖിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത മാംസത്തിന്റെ സാമ്പിളുകള്‍ എത്തിച്ചതും ഈ ഉദ്യോഗസ്ഥനായിരുന്നു. പിന്നീട് പരിശോധനയില്‍ പശുവിറച്ചി അല്ലെന്നും തെളിഞ്ഞിരുന്നു. എന്നാല്‍ പിന്നീട് സുബോധ് കുമാറിനെ കേസിന്റെ അന്വേഷണത്തില്‍ നിന്ന് മാറ്റി. വരാണസിയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു.

ദേശീയ തലത്തില്‍ ചര്‍ച്ചയായ ദാദ്രി സംഭവത്തില്‍ 18 പ്രതികളാണുള്ളത്. ഇതില്‍ മൂന്നുപേര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. 2015 സെപ്തംബര്‍ 28നാണ് ഗൗതംബുദ്ധ് നഗറിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖ് (52) എന്നയാളെ ഗോമാംസം കൈവശം വെച്ചുവെന്ന് ആരോപിച്ച് ഒരു സംഘം വീട്ടില്‍ കയറി മര്‍ദ്ദിക്കുകയും കൊലപ്പെടുത്തുകയും ചെയ്തത്.

അഖ്‌ലാഖിന്റെ മകന്‍ ഡാനിഷിനെയും സംഘം ഗുരുതരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. അഖ്‌ലാഖിന്റെ വീട്ടില്‍നിന്ന് പൊലീസ് കണ്ടെത്തിയ മാംസം ആടിന്റേതായിരുന്നുവെന്നായിരുന്നു സുബോധ് കുമാര്‍ അന്വേഷിച്ചപ്പോള്‍ ആദ്യംവന്ന ഫോറന്‍സിക് പരിശോധനാ ഫലം. ഇതിന് പിന്നാലെയാണ് സുബോധിനെ സ്ഥലം മാറ്റുന്നത്. പിന്നീട് വന്ന ഉദ്യോഗസ്ഥന്‍ പശുവിന്റെ മാംസമായിരുന്നു ഇതെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്.


RELATED STORIES

Share it
Top