Big stories

യുപിയില്‍ വിശ്വ ഹിന്ദു മഹാസഭാ നേതാവ് വെടിയേറ്റ് മരിച്ചു

യുപിയില്‍ വിശ്വ ഹിന്ദു മഹാസഭാ നേതാവ് വെടിയേറ്റ് മരിച്ചു
X

ലക്‌നോ: ഉത്തര്‍പ്രദേശില്‍ പ്രഭാത സവാരിക്കിടെ വിശ്വ ഹിന്ദു മഹാസഭാ നേതാവ് കൊല്ലപ്പെട്ടു. വിശ്വഹിന്ദു മഹാസഭ യുപി പ്രസിഡന്റ് ഗോരഖ്പൂര്‍ സ്വദേശി രഞ്ജിത്ത് ബച്ഛനാണ് ലക്‌നോവിലെ ഹസ്രത് ഗഞ്ചില്‍ പ്രഭാത സവാരിക്കിടെ വെടിയേറ്റു മരിച്ചത്. ഹസ്രത്ത് ഗഞ്ചിലെ സിഡിആര്‍ഐ(സെന്‍ട്രല്‍ ഡ്രഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്) കെട്ടിടത്തിന് സമീപം ബൈക്കിലെത്തിയവരാണ് വെടിയുതിര്‍ത്തത്. തലയ്ക്കു വെടിയേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന മറ്റൊരാള്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ കിങ് ജോര്‍ജ്‌സ് മെഡിക്കല്‍ യൂനിവേഴ്‌സിറ്റി(കെജിഎംയു)വില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

അക്രമികള്‍ രഞ്ജിത്ത് ബച്ഛന്റെ സ്വര്‍ണമാലയും ഫോണും തട്ടിപ്പറിക്കാന്‍ ശ്രമിച്ചതായി പോലിസ് പറഞ്ഞു. സംഭവ സ്ഥലത്തു വച്ച് തന്നെ രഞ്ജിത്ത് ബച്ഛന്‍ കൊല്ലപ്പെട്ടെന്നും ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവ് ശേഖരിക്കുകയും സിസിടിവികള്‍ പരിശോധിക്കുകയും ചെയ്തതായും കുറ്റവാളികള്‍ ഉടന്‍ പിടിയിലാവുമെന്നും സെന്‍ട്രല്‍ ലക്‌നോ ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ ദിനേശ് സിങ് പറഞ്ഞു. കേസന്വേഷണത്തിനു വേണ്ടി ആറു സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ ഹിന്ദു സമാജ് പാര്‍ട്ടി ദേശീയ പ്രസിഡന്റ് കമലേഷ് തിവാരി തന്‍ഖെ ഖുര്‍ഷെഡ് ബാഗ് വസതിയില്‍ കൊല്ലപ്പെട്ടിരുന്നു.




Next Story

RELATED STORIES

Share it