Big stories

ഉത്തരേന്ത്യയിലെ കാർഷിക ഗ്രാമങ്ങൾ വിഴുങ്ങി അദാനി

2016 ഡിസംബറിലും 2017 മാർച്ചിലും ജനങ്ങളിൽ നിന്ന് തെളിവെടുപ്പ് നടത്തിയെങ്കിലും പദ്ധതിക്ക് എതിരായിരുന്നു പൊതുജനാഭിപ്രായം. പിന്നീട് ബലപ്രയോഗത്തിലൂടെയാണ് ഭൂമി പിടിച്ചെടുത്തത്. കൃഷിസ്ഥലങ്ങൾ ബുൾഡോസർ ഉപയോഗിച്ച് ഇല്ലാതാക്കുകയും ചെയ്തു.

ഉത്തരേന്ത്യയിലെ കാർഷിക ഗ്രാമങ്ങൾ  വിഴുങ്ങി അദാനി
X

ഗോഡ: ജാർഖണ്ഡിലെ ഗോഡാ ജില്ലയിലെ പതിനാറിലധികം ഗ്രാമങ്ങളിലെ ജനങ്ങൾ അദാനിക്കെതിരെ പോരാട്ടം ശക്തമാക്കുന്നു. സന്താൽ വിഭാഗത്തിൽ ഉൾപ്പെടുന്ന ആദിവാസികളും ദലിതരുമടങ്ങുന്ന ഏറ്റവും പിന്നാക്കം നിൽക്കുന്ന കാർഷിക ഗ്രാമങ്ങളിലെ ജനങ്ങളാണ് മണ്ണിനും വെള്ളത്തിനും വേണ്ടിയുള്ള പോരാട്ടം ശക്തമാക്കിയിരിക്കുന്നത്. ഗ്രാമവാസികൾ കൃഷി നടത്തുന്നതും വെള്ളം ഉപയോഗിക്കുന്നതും തടയാൻ അദാനി ഇപ്പോൾ സർക്കാരിനെ സമീപിച്ചിരിക്കുകയാണ്. അദാനി ഗ്രൂപ്പിൻറെ താപ വൈദ്യുത നിലയത്തിന് വേണ്ടി 2000 ഏക്കറോളം ഭൂമി സർക്കാർ ഏറ്റെടുത്ത് കൈമാറുന്നതിന്എതിരെ ജനങ്ങൾ ഒന്നടങ്കം രംഗത്തുണ്ട്.


2016 മെയ് മാസത്തിലാണ് ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പ് ഭൂമി ഏറ്റെടുക്കാൻ ജാർഖണ്ഡ് സർക്കാരിനോട് ആവശ്യപ്പെടുന്നത്. ബംഗാളിനോട് അതിർത്തി പങ്കിടുന്ന ഗോഡ ജില്ലയിലെ 10 ഗ്രാമങ്ങളാണ് ഏറ്റെടുക്കാൻ അദാനി ഗ്രൂപ്പ് നിർദേശിച്ചത്. 1,600 മെഗാവാട്ട് വൈദ്യുത താപനിലയം സ്ഥാപിക്കാൻ ആയിരുന്നു പദ്ധതി. ഇറക്കുമതി ചെയ്ത കൽക്കരി ഉപയോഗിച്ച് ഗോഡയിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ബംഗ്ലാദേശിന് അദാനി ഗ്രൂപ്പ് വിൽക്കും. ഈ പദ്ധതിക്ക് വേണ്ടിയാണ് 2000 ഏക്കർ കൃഷിഭൂമി ഇല്ലാതാക്കാൻ സർക്കാർ കൂട്ടുനിൽക്കുന്നത്.

പദ്ധതി നിർവഹണത്തിനായി ആദ്യഘട്ടത്തിൽ മാലി, മോട്ടിയ, ഗാംതാ, പട്വ, സോണ്ടീഹ, ഗൈഗാട്ട് എന്നീ ആറ് ഗ്രാമങ്ങളിൽ നിന്നായി 917 ഏക്കർ ഭൂമി ഏറ്റെടുക്കുമെന്ന് 2017 മാർച്ചിൽ ജാർഖണ്ഡ് സർക്കാർ പ്രഖ്യാപിച്ചു. ഇതുവരെ മാലി, മോട്ടിയ, ഗംഗ, പട്വ എന്നീ നാല് ഗ്രാമങ്ങളിലെ ഭൂമി സർക്കാർ ഏറ്റെടുത്തെങ്കിലും പരാതിയുമായി ജനങ്ങൾ രംഗത്തെത്തിയിരുന്നു. 2013 ലെ ലാൻഡ് അക്വിസിഷൻ ആക്ട് അട്ടിമറിച്ചുകൊണ്ടാണ് ഭൂമി ഏറ്റെടുക്കൽ നടപടി സർക്കാർ പൂർത്തീകരിച്ചത്. ഭൂമി വിട്ടുനൽകാൻ ആദിവാസികൾ തയ്യാറായിരുന്നില്ല.


പതിനായിരം പേർക്ക് തൊഴിൽ ലഭിക്കുന്ന 15,000 കോടി രൂപയുടെ നിക്ഷേപ സാധ്യതയുള്ള പദ്ധതിയാണെന്നായിരുന്നു സർക്കാർ വാദം. താപ വൈദ്യുത പദ്ധതി നിലവിൽ വന്നാൽ അത് 840 കുടുംബങ്ങളുടെ ജീവനേയും ജീവിതത്തെയും ബാധിക്കും. ജനങ്ങളുടെ എതിർപ്പിനെ തുടർന്ന് 2016 ഡിസംബറിലും 2017 മാർച്ചിലും ജനങ്ങളിൽ നിന്ന് തെളിവെടുപ്പ് നടത്തിയെങ്കിലും പദ്ധതിക്ക് എതിരായിരുന്നു പൊതുജനാഭിപ്രായം. പിന്നീട് ബലപ്രയോഗത്തിലൂടെയാണ് ഭൂമി പിടിച്ചെടുത്തത്. കൃഷിസ്ഥലങ്ങൾ ബുൾഡോസർ ഉപയോഗിച്ച് ഇല്ലാതാക്കുകയും ചെയ്തു.

നിലവിലുള്ള ജലാശയങ്ങളിൽ നിന്നും വെള്ളം എടുക്കാൻ കമ്പനിക്ക് സർക്കാർ അനുമതി നൽകിയിരുന്നില്ല. എന്നാൽ തുടർച്ചയായ നിർമാണ പ്രവർത്തനത്തെ തുടർന്ന് കൃഷിഭൂമിയിൽ നിന്നും മണൽ എടുക്കുകയും ജലാശയങ്ങളിൽ നിന്ന് വെള്ളം ഊറ്റുകയും ചെയ്തതോടെ പ്രദേശം ഗുരുതരമായ പാരിസ്ഥിതിക ആഘാതം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇത് പ്രദേശത്തെ കൃഷിയെ ബാധിക്കുകയും ജല ക്ഷാമത്തിന് ഇടവരുത്തുകയും ചെയ്തിട്ടുണ്ട്.


ഭൂമി ഏറ്റെടുക്കൽ നടപടികൾ നിർത്തിവയ്ക്കാനും കൃഷിഭൂമി തിരികെ ലഭിക്കാനുമായി ജാർഖണ്ഡ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ജനങ്ങൾ. ദേശീയ ഹരിത ട്രിബ്യുണലിൽ നിന്ന് അനുകൂല വിധിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അവർ. വൻകിട കുത്തകൾക്ക് വേണ്ടി കാർഷിക മേഖലയെ ഇലാതാക്കുന്ന സമീപനമാണ് കാലങ്ങളായി നടക്കുന്നതെന്ന് ഈ ഗ്രാമീണരുടെ അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

Next Story

RELATED STORIES

Share it