Big stories

യുപിയിലെ ഗോ ശാലയില്‍ പശുക്കള്‍ പട്ടിണി കിടന്ന് ചാവുന്നു (വീഡിയോ)

പശുവിന്റെ പേരില്‍ മനുഷ്യരെ തല്ലിക്കൊല്ലുന്ന യോഗിയുടെ നാട്ടില്‍ പശുക്കള്‍ ഭക്ഷണവും വെള്ളവും ലഭിക്കാതെ പിടഞ്ഞു ചാവുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

യുപിയിലെ ഗോ ശാലയില്‍ പശുക്കള്‍ പട്ടിണി കിടന്ന് ചാവുന്നു (വീഡിയോ)
X

ന്യൂഡല്‍ഹി: യുപിയിലെ ഗ്രേറ്റര്‍ നോയിഡയിലെ ഗോ ശാലയില്‍ പശുക്കള്‍ പട്ടിണി കിടന്ന് ചാവുന്നതിന്റെ വീഡിയോ വൈറലാവുന്നു. പശുവിന്റെ പേരില്‍ മനുഷ്യരെ തല്ലിക്കൊല്ലുന്ന യോഗിയുടെ നാട്ടില്‍ പശുക്കള്‍ ഭക്ഷണവും വെള്ളവും ലഭിക്കാതെ പിടഞ്ഞു ചാവുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. പശുക്കള്‍ പിടഞ്ഞ് ചാവുന്നതിന്റെ വീഡിയോയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും യുപിയിലെ ആക്ടിവിസ്റ്റുകളും ട്വിറ്ററില്‍ പങ്കുവച്ചു.

ഒരു ഡസനിലധികം പശുക്കളാണ് ദിവസങ്ങള്‍ക്കുള്ളില്‍ പട്ടിണി കിടന്ന് ചത്തതെന്ന് പ്രതിപക്ഷം ആരോപിച്ചു. നൂറുകണക്കിന് പശുക്കള്‍ പട്ടിണി കിടന്ന് എല്ലും തോലുമായ അവസ്ഥയിലാണെന്നും അവര്‍ പറഞ്ഞു.

ഗ്രേറ്റര്‍ നോയിഡയിലെ ജല്‍പുര ഗോ ശാലയിലാണ് രണ്ടായിരത്തോളം പശുക്കള്‍ വേണ്ടത്ര ഭക്ഷണം പോലും ലഭിക്കാതെ കഴിയുന്നത്. ഗോ ശാലയില്‍ പശുക്കള്‍ അലഞ്ഞുതിരിഞ്ഞ് നടക്കുകയാണെന്ന് അവിടെ സന്ദര്‍ശിച്ച 'ദി പ്രിന്റ്' ന്യൂസ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു. എല്ലും തോലുമായി അവശ നിലയിലായ നൂറുകണക്കിന് പശുക്കളുടെ ചിത്രങ്ങളും 'ദി പ്രിന്റ്' പുറത്ത് വിട്ടു.

പശുക്കളുടെ ദയനീയ ദൃഷ്യങ്ങള്‍ പുറത്ത് വന്നതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി ഗോ ശാലയുടെ മുന്നിലെത്തി. വെള്ളിയാഴ്ച്ച രാവിലെ 11ന് ഗോ ശാല സന്ദര്‍ശിക്കാനെത്തിയ തങ്ങളെ അധികൃതര്‍ അകത്തേക്ക് കടത്തിവിട്ടില്ലെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. തെളിവുകള്‍ നശിപ്പിക്കുന്നതിന് വേണ്ടിയാണ് തങ്ങളെ തടഞ്ഞത്. പശുക്കളെ കുഴിച്ചുമൂടിയ ശേഷം ഉച്ചക്ക് ഒരുമണിയോടെയാണ് ഗോ ശാലയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു.

മണ്ണില്‍ കുഴിയെടുത്തതിന്റെ ലക്ഷണങ്ങളുണ്ടെന്നും ചത്ത പശുക്കളെ ഗോ ശാല അധികൃതര്‍ ഇവിടെ തന്നെ കുഴിച്ചുമൂടിയെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. അതേസമയം, സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പശുക്കളുടെ വീഡിയോ പഴയതാണെന്ന് ഗോ ശാല അധികൃതര്‍ പറഞ്ഞു. ആളുകള്‍ ഉപേക്ഷിക്കുന്നതും പ്രായമായതുമായ പശുക്കളേയാണ് ഗോ ശാലയില്‍ സംരക്ഷിക്കുന്നതെന്നും അത് കൊണ്ടാണ് പശുക്കള്‍ ഈ അവസ്ഥയില്‍ ആയതെന്നും അധികൃതര്‍ പറഞ്ഞു. എന്നാല്‍, കൃത്യമായി ഭക്ഷണവും വെള്ളവും നല്‍കാത്തതാണ് പശുക്കളുടെ ദയനീയാവസ്ഥക്ക് കാരണമെന്ന് കര്‍ഷകര്‍ ആരോപിച്ചു.

Next Story

RELATED STORIES

Share it