Big stories

മണ്ണിടിഞ്ഞുവീണ് നദിയുടെ ഒഴുക്ക് തടസ്സപ്പെട്ടു; ഹിമാചലിലെ 13 ഗ്രാമങ്ങളില്‍നിന്ന് രണ്ടായിരത്തോളം പേരെ ഒഴിപ്പിച്ചു (വീഡിയോ)

ജനവാസ മേഖലകളും കൃഷിസ്ഥലങ്ങളും വെള്ളത്തിനടിയിലായി. മലയുടെ ഒരുഭാഗം ഒന്നാകെ ഇടിഞ്ഞ് നദിയിലേക്ക് പതിക്കുകയായിരുന്നു. മണ്ണിടിച്ചിലിനെത്തുടര്‍ന്ന് നദിയുടെ ഒരുഭാഗം മൂടുകയും പൊടിപടലങ്ങള്‍ ഉയരുന്നതും വീഡിയോയില്‍ കാണാം.

മണ്ണിടിഞ്ഞുവീണ് നദിയുടെ ഒഴുക്ക് തടസ്സപ്പെട്ടു; ഹിമാചലിലെ 13 ഗ്രാമങ്ങളില്‍നിന്ന് രണ്ടായിരത്തോളം പേരെ ഒഴിപ്പിച്ചു (വീഡിയോ)
X

ഷിംല: ഹിമാചല്‍ പ്രദേശില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി തുടരുന്ന കനത്ത മഴയെയും മണ്ണിടിച്ചിലിനെയും തുടര്‍ന്നുള്ള ദുരിതങ്ങള്‍ക്ക് അറുതിയില്ല. ഹിമാചലിലെ ലാഹോള്‍ സ്പിതി ജില്ലയില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് 13 ഗ്രാമങ്ങളില്‍നിന്ന് രണ്ടായിരത്തോളം പേരെ ഒഴിപ്പിച്ചു. മണ്ണിടിഞ്ഞുവീണതിനെത്തുടര്‍ന്ന് ചന്ദ്രഭാഗ നദിയുടെ ഒഴുക്കാണ് തടസ്സപ്പെട്ടത്. ഇതോടെ സമീപ പ്രദേശങ്ങളിലേക്ക് വെള്ളം കയറി വലിയ തടാകം രൂപപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ജനവാസ മേഖലകളും കൃഷിസ്ഥലങ്ങളും വെള്ളത്തിനടിയിലായി. മലയുടെ ഒരുഭാഗം ഒന്നാകെ ഇടിഞ്ഞ് നദിയിലേക്ക് പതിക്കുകയായിരുന്നു. മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ഹിമാചലില്‍ 16 പേരെ കാണാതായതായി എഎഫ്പി റിപോര്‍ട്ട് ചെയ്തു. അപകടത്തില്‍ ആളപായമോ മറ്റു നാശനഷ്ടങ്ങളോ ഉണ്ടായതായി റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പെട്ടെന്ന് വെള്ളപ്പൊക്കമുണ്ടാവുന്നതിന്റെ സാധ്യത മുന്നില്‍കണ്ട് മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണ് സമീപവാസികളെ സുരക്ഷിതയിടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതെന്ന് മുതിര്‍ന്ന ജില്ലാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇന്നലെ രാവിലെ 9.30 ഓടെ നദിക്ക് അഭിമുഖമായി ഒരു കുന്നിന്റെ ഒരുഭാഗം പൂര്‍ണമായും നദിയിലേക്ക് പതിക്കുകയായിരുന്നു.

ഉരുള്‍പൊട്ടലിന്റെ പ്രതീതി ജനിപ്പിക്കുന്ന വീഡിയോയില്‍ കുത്തനെയുള്ള കുന്നിന്റെ വലിയൊരു ഭാഗം കുത്തിയൊഴുകുന്നതും നദിക്ക് മുകളിലൂടെ വലിയ തോതില്‍ മണ്ണും പാറകളും മറ്റ് അവശിഷ്ടങ്ങളും ഒഴുകുന്നതും കാണാമായിരുന്നു. മണ്ണിടിച്ചിലിനെത്തുടര്‍ന്ന് നദിയുടെ ഒരുഭാഗം മൂടുകയും പൊടിപടലങ്ങള്‍ ഉയരുന്നതും വീഡിയോയില്‍ കാണാം. അതേസമയം, നദിയുടെ ചില ഭാഗങ്ങളില്‍ ഒഴുക്ക് പുനരാരംഭിച്ചതായി ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂര്‍ ട്വീറ്റ് ചെയ്തു. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ നദിയുടെ ഒഴുക്ക് തുടരുന്നു. ഇതുമൂലം ആര്‍ക്കും അപകടം സംഭവിക്കില്ലെന്ന് ഉറപ്പുവരുത്താന്‍ ഞങ്ങള്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നാട്ടുകാര്‍ ആരും അപകടസ്ഥലത്തേക്ക് പോവരുതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. പ്രദേശത്തെ സാഹചര്യം വിലയിരുത്താന്‍ ജില്ലാ ഭരണകൂടം ഹെലികോപ്റ്ററില്‍ നിരീക്ഷണം നടത്തിയിരുന്നു. ദുരന്തനിവാരണ സേനയേയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. മന്ത്രിസഭയിലെ അംഗമായ ഡോ. രാംലാല്‍ മാര്‍ക്കണ്ടയുടെ നേതൃത്വത്തിലുള്ള ഒരു ഉന്നതതല സംഘത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രദേശത്തേക്ക് അയച്ചതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഹിമാചല്‍ പ്രദേശില്‍ വ്യാപകമായി മണ്ണിടിച്ചിലുണ്ടായി. നിരവധി മരണങ്ങള്‍ക്കും കാരണമായി. ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ ജില്ലയില്‍ ബുധനാഴ്ചയുണ്ടായ മണ്ണിടിച്ചിലില്‍ 14 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിരുന്നു.

കിന്നൗറിലെ ചൗര ഗ്രാമത്തിലുള്ള ദേശീയപാതയില്‍ ബുധനാഴ്ച പകല്‍ 11.50ഓടെയാണ് അപകടമുണ്ടായത്. ബസ് ഉള്‍പ്പെടെയുള്ള നിരവധി വാഹനങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. അപകടത്തില്‍ 40 ലേറെ പേരെയാണ് കാണാതായത്. ഷിംലയിലേക്ക് പോവുകയായിരുന്ന ബസ്സില്‍ 40 പേരാണുണ്ടായിരുന്നത്. ദേശീയ ദുരന്തനിവാരണ സേന, ഇന്തോ- തിബത്തന്‍ പോലിസ്, സിഐഎസ്എഫ്, പോലിസ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാനം 4 ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കുമെന്ന് മുഖ്യമന്ത്രി താക്കൂര്‍ പറഞ്ഞു. പരിക്കേറ്റ എല്ലാവര്‍ക്കും സൗജന്യചികില്‍സ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം ലാഹുവല്‍സ്പിത്തിയില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 175 വിനോദസഞ്ചാരികളാണ് കുടുങ്ങിയത്. സിമ്രൗര്‍ പ്രദേശത്തുനിന്ന് ഭീതിജനകമായ വീഡിയോ പുറത്തുവന്നു. മണ്ണിടിച്ചിലില്‍ തകര്‍ന്നടിഞ്ഞ റോഡിന്റെ 100 മീറ്റര്‍ ഭാഗം നിമിഷങ്ങള്‍ക്കുള്ളില്‍ അപ്രത്യക്ഷമാവുന്നതാണ് വീഡിയോയിലുണ്ടായിരുന്നത്.

Next Story

RELATED STORIES

Share it