Big stories

ഉത്തരാഖണ്ഡില്‍ ഭീതി വിതച്ച് കാട്ടുതീ; നാലുപേര്‍ മരിച്ചു, മൃഗങ്ങളും ചത്തൊടുങ്ങുന്നു, അടിയന്തരയോഗം വിളിച്ച് മുഖ്യമന്ത്രി

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്തിന്റെ വിവിധ മേഖലയിലെ 62 ഹെക്ടര്‍ വനഭൂമിയിലാണ് തീ പടര്‍ന്നത്. 37 ലക്ഷം രൂപയുടെ നാശനഷ്ടങ്ങള്‍ ഇതിനോടകം റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഉത്തരാഖണ്ഡില്‍ ഭീതി വിതച്ച് കാട്ടുതീ; നാലുപേര്‍ മരിച്ചു, മൃഗങ്ങളും ചത്തൊടുങ്ങുന്നു, അടിയന്തരയോഗം വിളിച്ച് മുഖ്യമന്ത്രി
X

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഭീതി വിതച്ച് കാട്ടുതീ പടര്‍ന്നുപിടിക്കുന്നു. തീയില്‍പെട്ട് നാലുപേരാണ് ഇതുവരെ മരിച്ചത്. മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഏഴോളം കാട്ടുമൃഗങ്ങളും വെന്തുമരിച്ചതായാണ് റിപോര്‍ട്ടുകള്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്തിന്റെ വിവിധ മേഖലയിലെ 62 ഹെക്ടര്‍ വനഭൂമിയിലാണ് തീ പടര്‍ന്നത്. 37 ലക്ഷം രൂപയുടെ നാശനഷ്ടങ്ങള്‍ ഇതിനോടകം റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.

ശനിയാഴ്ച ഉച്ചയോടെയാണ് കാട്ടുതീ പടര്‍ന്നുപിടിച്ച് തുടങ്ങിയത്. 12,000 വനംവകുപ്പിന്റെ ഗാര്‍ഡുകളും ഫയര്‍ വാച്ചര്‍മാരും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് സംസ്ഥാന പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പറഞ്ഞു. തീപ്പിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി സംസ്ഥാനത്ത് മുഖ്യമന്ത്രി തിരാത് സിങ് റാവത്ത് ഉന്നതതല യോഗം വിളിച്ചുചേര്‍ത്തതായി അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു. എന്‍ഡിആര്‍എഫ് ടീമുകളെ വിന്യസിക്കാനും ഉത്തരാഖണ്ഡ് സര്‍ക്കാരിന് ഹെലികോപ്റ്ററുകള്‍ നല്‍കാനും കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും സ്ഥിതിഗതികള്‍ നിരീക്ഷണത്തിലാണെന്നും ഉത്തരാഖണ്ഡ് മന്ത്രി ഹരക് സിങ് റാവത്ത് പറഞ്ഞു.

ഉത്തരാഖണ്ഡില്‍ കാട്ടുതീ പടര്‍ന്നുപിടിക്കുന്ന സംഭവങ്ങളുണ്ടാവാറുണ്ട്. സാധാരണയായി ഫെബ്രുവരി മുതല്‍ ആരംഭിച്ച് നാലുമാസം വരെ ഇത് തുടരും. പക്ഷേ ഇത്തവണ ശൈത്യകാലത്ത് പോലും സംസ്ഥാനത്ത് കാട്ടുതീ പടരുന്ന സാഹചര്യമുണ്ടായി. ഉത്തരാഖണ്ഡിലെ കാട്ടുതീയില്‍പ്പെട്ട് 71 ഹെക്ടര്‍ ഭൂമിയാണ് നശിച്ചത്.

Next Story

RELATED STORIES

Share it