Big stories

40 വര്‍ഷമായി യുപി മന്ത്രിമാരുടെ ആദായനികുതിയും പൊതുഖജനാവില്‍നിന്ന് -നികുതി ഇളവ് ലഭിച്ചവരില്‍ യോഗി ആദിത്യനാഥും

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏകദേശം 86 ലക്ഷം രൂപയാണ് മന്ത്രിമാരുടെ നികുതിക്കായി ട്രഷറിയില്‍നിന്ന് ചിലവഴിച്ചതെന്ന് സംസ്ഥാന ധനമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

40 വര്‍ഷമായി യുപി മന്ത്രിമാരുടെ ആദായനികുതിയും പൊതുഖജനാവില്‍നിന്ന്  -നികുതി ഇളവ് ലഭിച്ചവരില്‍ യോഗി ആദിത്യനാഥും
X

ലഖ്‌നൗ: കഴിഞ്ഞ 40 വര്‍ഷമായി ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രിമാരും മന്ത്രിമാരും ആദായനികുതി നല്‍കുന്നത് പൊതുഖജനാവില്‍നിന്ന്. 1981ല്‍ സംസ്ഥാനത്ത് പാസാക്കിയ ഉത്തര്‍പ്രദേശ് മിനിസ്‌റ്റേഴ്‌സ് ശമ്പളം, അലവന്‍സുകള്‍, പലവക ആക്ടിന്റെ ആനുകൂല്യത്തിലാണ് കഴിഞ്ഞ നാലുപതിറ്റാണ്ടായി പൊതുഖജനാവിലെ പണം മന്ത്രിമാരുടെ ആദായനികുതിക്കായി ചെലവഴിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മുന്‍മുഖ്യമന്ത്രിമാരായ മുലായം സിംഗ് യാദവ്, അഖിലേഷ് യാദവ്, മായാവതി, കല്യാണ്‍ സിംഗ്, രാം പ്രകാശ് ഗുപ്ത, രാജ്‌നാഥ് സിംഗ്, എന്‍ഡി തിവാരി എന്നിവരുള്‍പ്പടെ എല്ലാ പാര്‍ട്ടികളില്‍ നിന്നുള്ളവരും ആദായ നികുതി പൊതു ഖജനാവില്‍ നിന്ന് അടച്ചവരില്‍ ഉള്‍പ്പെടുമെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിപി സിങ്ങിന്റെ കാലത്ത് 1981 മുതല്‍ ഒരു നിയമം നിലവിലുണ്ടെന്നും നിയമാനുസൃതമായിട്ടാണ് കാര്യങ്ങള്‍ നടക്കുന്നതെന്നും ഉത്തര്‍പ്രദേശ് വൈദ്യുതി മന്ത്രി ശ്രീകാന്ത് ശര്‍മ പറഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏകദേശം 86 ലക്ഷം രൂപയാണ് മന്ത്രിമാരുടെ നികുതിക്കായി ട്രഷറിയില്‍നിന്ന് ചിലവഴിച്ചതെന്ന് സംസ്ഥാന ധനമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

വിശ്വനാഥ് പ്രതാപ് സിംഗ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടപ്പിലാക്കിയ ഈ നിയമം ഇതുവരെ 19 മുഖ്യമന്ത്രിമാരുടെയും ആയിരത്തോളം മന്ത്രിമാരുടെയും കാലത്ത് മാറ്റമില്ലാതെ തുടര്‍ന്നു. അന്നത്തെ മന്ത്രിമാരില്‍ പലരും താഴ്ന്ന ജീവിതസാഹചര്യത്തില്‍നിന്നുള്ളവരായതിനാല്‍ ആദായനികുതി അവര്‍ക്ക് അധികബാധ്യതയാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പുതിയ നിയമം അവതരിപ്പിച്ചത്.

എന്നാല്‍, മന്ത്രിമാരുടെ അവസ്ഥയില്‍ മാറ്റംവരികയും ശതകോടീശ്വരന്‍മാര്‍ അധികാരത്തിലേറിയിട്ടും ഖജനാവില്‍ നിന്ന് ആദായ നികുതി അടക്കുന്ന നിയമത്തില്‍ മാത്രം മാറ്റമുണ്ടായില്ല. 2012 ല്‍ രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സത്യവാങ്മൂലം പ്രകാരം 111 കോടി രൂപയാണ് ബിഎസ്പി നേതാവ് മായാവതിയുടെ ആസ്തി. മറ്റൊരു മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന് ഭാര്യ ഡിംപിളിന് 37 കോടി രൂപയുടെ സ്വത്ത് ഉണ്ടെന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിനായി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മുഖ്യമന്ത്രി യോഗി അദിയനാഥിന്റെ ആസ്തി 95,98,053 രൂപയാണ്.

മന്ത്രിമാരുടെ ആദായനികുതി ഖജനാവില്‍ നിന്ന് അടക്കുന്നത് വലിയ ചര്‍ച്ചയായതോടെ ഇക്കാര്യം പരിശോധിക്കുമെന്ന് മന്ത്രി ശശികാന്ത് ശര്‍മ്മ പ്രതികരിച്ചു. 1981ല്‍ പാസാക്കിയ നിയമത്തിലെ വ്യവസ്ഥകള്‍ പുന:പരിശോധിക്കുമെന്നും ഇക്കാര്യത്തില്‍ നിയമോപദേശം തേടിയ ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, തന്റെ ഉദ്യോഗസ്ഥരില്‍ സ്ഥിരീകരണം ലഭിച്ചതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ കഴിയൂ എന്ന് സംസ്ഥാന നിയമമന്ത്രി ബ്രിജേഷ് പതക് പറഞ്ഞു.




Next Story

RELATED STORIES

Share it