Big stories

ഉന്നാവോ പെണ്‍കുട്ടിയുടെ പിതാവിനെ ചികില്‍സിച്ച ഡോക്ടര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു

ഉന്നാവോ പെണ്‍കുട്ടിയുടെ പിതാവിനെ ചികില്‍സിച്ച ഡോക്ടര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു
X

ഉന്നാവോ(യുപി): പ്രമാദമായ ഉന്നാവോ കൂട്ടബലാല്‍സംഗക്കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ പിതാവിനെ ചികില്‍സിച്ച ഡോക്ടര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. കേസിന്റെ വിചാരണ ചൊവ്വാഴ്ച ആരംഭിക്കാനിരിക്കെയാണ് ഡോക്ടറുടെ ദുരൂഹ മരണം. പെണ്‍കുട്ടിയുടെ പിതാവിനെ പോലിസ് ക്രൂരമായി മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സ നല്‍കിയ ഡോക്ടര്‍ പ്രശാന്ത് ഉപാധ്യായയാണ് മരിച്ചത്. പ്രഥമ ശുശ്രൂഷ നല്‍കി ഡോക്ടര്‍ വിട്ടയച്ച പെണ്‍കുട്ടിയുടെ പിതാവ് പിന്നീട് പോലിസ് കസ്റ്റഡിയില്‍ വച്ച് മരണപ്പെട്ടിരുന്നു. ജില്ലാ ആശുപത്രിയിലെ എമര്‍ജന്‍സി വാര്‍ഡിന്റെ ചുമതല വഹിക്കുന്നതിനിടെയാണ് ഡോ. പ്രശാന്ത് ഉപാധ്യായ പെണ്‍കുട്ടിയുടെ പിതാവിനെ ചികില്‍സിച്ചിരുന്നത്. രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കേസില്‍ കസ്റ്റഡി മരണം സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തുന്നതിനിടെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് ജോലിയില്‍ തിരിച്ചെടുത്ത ശേഷം ഫത്തേപൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്.

തിങ്കളാഴ്ച രാവിലെ ഡോക്ടര്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞതായി ഇന്ത്യാ ടി വി റിപോര്‍ട്ട് ചെയ്തു. എന്നാല്‍ ആശുപത്രിയില്‍ പോവാന്‍ അദ്ദേഹം ആദ്യം സമ്മതിച്ചിരുന്നില്ല. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡോക്ടര്‍ പ്രമേഹരോഗിയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാനായി അയച്ചിട്ടുണ്ട്. ബലാല്‍സംഗക്കേസില്‍ ബിജെപി നേതാവും എംഎല്‍എയുമായിരുന്ന കുല്‍ദീപ് സിങ് സെന്‍ഗാര്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ്. ഇദ്ദേഹം ഇപ്പോഴും തിഹാര്‍ ജയിലില്‍ കഴിയുകയാണ്. സെന്‍ഗറിന്റെ സഹോദരന്‍ അതുലാവട്ടെ, പെണ്‍കുട്ടിയുടെ പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ റിമാന്റിലാണ്.




Next Story

RELATED STORIES

Share it