Big stories

മീഡിയവണ്‍ ചാനലിന് നിരുപാധിക പിന്തുണ: പോപുലര്‍ ഫ്രണ്ട്

രാജ്യത്തിന്റെ സുരക്ഷയ്ക്കും കെട്ടുറപ്പിനും ഇന്ന് ഏറ്റവുമധികം ഭീഷണി നേരിടുന്നത് ആര്‍എസ്എസില്‍ നിന്നാണ്. അത്തരം ദേശവിരുദ്ധ ശക്തികൾ നിയന്ത്രിക്കുന്ന സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തുന്നതിന് പിന്നില്‍ വ്യക്തമായ പദ്ധതികളുണ്ട്.

മീഡിയവണ്‍ ചാനലിന് നിരുപാധിക പിന്തുണ: പോപുലര്‍ ഫ്രണ്ട്
X

കോഴിക്കോട്: സംഘപരിവാരത്തിന്റെ സ്തുതിപാടകരല്ലാത്ത മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ബിജെപി നേതൃത്വത്തിലുള്ള ഫാഷിസ്റ്റ് ഭരണകൂടം തുടര്‍ന്നുവരുന്ന ജനാധിപത്യവിരുദ്ധ നടപടികളുടെ തുടര്‍ച്ചയാണ് മീഡിയവണ്‍ ചാനലിനെതിരായ നീക്കം. ഭരണഘടന നല്‍കുന്ന അവകാശങ്ങളെ പോലും നിഷേധിക്കുന്ന സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള കേന്ദ്രഭരണകൂടത്തിന്റെ സമീപനം ആശ്വാസകരമല്ല. രാജ്യത്ത് നടക്കാനിരിക്കുന്ന വലിയ ദുരന്തത്തിന്റെ മുന്നൊരുക്കമാണിത്. ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കുന്നതിന്റെ ഭാഗമാണിത്.

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മീഡിയവണിന്റെ സംപ്രേഷണം കേന്ദ്രവാര്‍ത്താ വിതരണ മന്ത്രാലയം തടഞ്ഞിരിക്കുന്നത്. എന്ത് സുരക്ഷാ ഭീഷണിയാണെന്ന് വ്യക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടുമില്ല. രാജ്യത്തിന്റെ സുരക്ഷയ്ക്കും കെട്ടുറപ്പിനും ഇന്ന് ഏറ്റവുമധികം ഭീഷണി നേരിടുന്നത് ആര്‍എസ്എസില്‍ നിന്നാണ്. അത്തരം ദേശവിരുദ്ധ ശക്തികൾ നിയന്ത്രിക്കുന്ന സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തുന്നതിന് പിന്നില്‍ വ്യക്തമായ പദ്ധതികളുണ്ട്.

നിഷ്പക്ഷമായ മാധ്യമ പ്രവർത്തനത്തിന് നേരെയുള്ള ഫാഷിസ്റ്റ് കടന്നുകയറ്റമാണിത്. ഇത് അനുവധിക്കാനാവില്ല. രാജ്യത്തെ നശിപ്പിക്കാൻ ഹിന്ദുത്വ ഭരണകൂടവും ആർഎസ്എസും നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങൾക്ക് റാൻ മൂളികളെയാണ് ആർഎസ്എസ് ആഗ്രഹിക്കുന്നത്. അതിന് എതിര് നിൽക്കുകയും രാജ്യ താത്പര്യങ്ങൾക്കൊപ്പം നിൽക്കുകയും ചെയ്യുന്നതിനെ അധികാരം ഉപയോഗിച്ച് നിശ്ശബ്ദമാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ഇതിനെതിരേ അതിശക്തമായ പ്രതിഷേധം രൂപപ്പെടണം. ഭീഷണികള്‍ക്ക് വഴങ്ങാതെ നിഷ്പക്ഷമായ മാധ്യമപ്രവര്‍ത്തനവുമായി മീഡിയ വണ്‍ മുന്നോട്ടുപോവണം. അതിനുള്ള എല്ലാവിധ പിന്തുണയും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി.

Next Story

RELATED STORIES

Share it