Big stories

യുഎപിഎ: നിലപാട് വ്യക്തമാക്കാതെ യുഡിഎഫ്; ഇടതുപക്ഷക്കാലത്ത് 60 കേസുകള്‍

ചെന്നിത്തലയടക്കമുള്ള യുഡിഎഫ് നേതാക്കള്‍ അലന്റേയും താഹയുടേയും രക്ഷിതാക്കളെ സന്ദര്‍ശിക്കുകയും താഹയുടെ വീട് പണി പൂര്‍ത്തീകരിക്കുന്നതിന് അഞ്ച് ലക്ഷം രൂപ നല്‍കുകയും ചെയ്തിരുന്നു.

യുഎപിഎ: നിലപാട് വ്യക്തമാക്കാതെ യുഡിഎഫ്; ഇടതുപക്ഷക്കാലത്ത് 60 കേസുകള്‍
X

കോഴിക്കോട്: തിരഞ്ഞെടുപ്പുകാലത്ത് മുന്നണികള്‍ വാഗ്ദാനങ്ങളുടെ പെരുമഴക്കാലം തന്നെയാണ് ജനങ്ങള്‍ക്ക് നല്‍കാറുള്ളത്. അത് കാലങ്ങളായി തുടരുകയും ചെയ്യുന്നുണ്ട്. എന്നാല്‍ പ്രചാരണം തീരാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കേ യുഎപിഎ വിഷയത്തില്‍ യുഡിഎഫ് നിലപാട് വ്യക്തമാക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല.

പിണറായി സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 60 ലധികം കേസുകളിലാണ് യുഎപിഎ ചുമത്തിയത്. അലനും താഹയും ഉള്‍പ്പെടെ നിരവധി ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരേയാണ് ഈ കേസുകളെല്ലാം എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ പിണറായി സര്‍ക്കാരിന്റെ യുഎപിഎ ചുമത്തലിനെതിരേ യാതൊരുവിധ ചര്‍ച്ചകളും ഉയര്‍ത്തുവാന്‍ ഈ തിരഞ്ഞെടുപ്പ് കാലത്തും യുഡിഎഫ് ഇതുവരെ തയ്യാറായിട്ടില്ല. എന്നാല്‍ ബിജെപി പിണറായി സര്‍ക്കാരിനെ പിന്തുണച്ച് രംഗത്തുവരികയും ചെയ്തു.

അലനും താഹയും മാവോവാദി ലഘുലേഖ കൈവശം വച്ചതിന് യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ വ്യാപക പ്രതിഷേധമാണ് പൊതുസമൂഹത്തിൽ ഉയർന്നുവന്നത്. ഈ സമയത്ത് ചെന്നിത്തലയടക്കമുള്ള യുഡിഎഫ് നേതാക്കള്‍ അലന്റേയും താഹയുടേയും രക്ഷിതാക്കളെ സന്ദര്‍ശിക്കുകയും താഹയുടെ വീട് പണി പൂര്‍ത്തീകരിക്കുന്നതിന് അഞ്ച് ലക്ഷം രൂപ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ നിന്ന് യുഎപിഎ വിഷയം ബോധപൂര്‍വം മറച്ചുവയ്ക്കുവാനാണ് യുഡിഎഫും ശ്രമിക്കുന്നത്.

പോസ്റ്റര്‍ ഒട്ടിച്ചതിന് മാത്രം പതിനഞ്ചിലേറെ യുഎപിഎ കേസുകളാണ് പിണറായി കാലത്ത് ചുമത്തപ്പെട്ടത്. മാവോവാദി കൊലകള്‍ സുപ്രിംകോടതി നിര്‍ദേശപ്രകാരം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പതിച്ച പോസ്റ്ററുകളുടെ പേരിലായിരുന്നു ഈ യുഎപിഎ ചുമത്തല്‍ എന്നാതാണ് ശ്രദ്ധേയം.

മേല്‍ക്കോയ്മാ മാധ്യമങ്ങളില്‍ യുഡിഎഫ് പ്രസിദ്ധീകരിച്ച മുഴുനീള പരസ്യത്തില്‍ കസ്റ്റഡി കൊലപാതകങ്ങളും വ്യാജ ഏറ്റുമുട്ടല്‍ കൊലകളും നാടിനെ നടുക്കിയെന്ന് പറയുന്നുണ്ടെങ്കിലും അതില്ലാത്തൊരു കാലം വാഗ്ദാനമായി നല്‍കാന്‍ പോലും കഴിയുന്നില്ല എന്നത് സംശയകരമാണ്. ഇതേ തിരഞ്ഞെടുപ്പ് കാലയളവിലാണ് പടിഞ്ഞാറത്തറ വാളാരംകുന്നില്‍ തണ്ടര്‍ബോള്‍ട്ട് കൊലപ്പെടുത്തിയ മാവോവാദി നേതാവ് വേല്‍മുരുകന്റെ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്നത്.

സര്‍ക്കാരിന്റേയും പോലിസിന്റേയും വാദങ്ങള്‍ തള്ളുന്ന, വേല്‍മുരുകന്റേത് വ്യാജ ഏറ്റുമുട്ടല്‍ കൊലയെന്ന സംശയം ബലപ്പെടുത്തുന്ന തെളിവുകള്‍ പുറത്തുവന്നിട്ടും പ്രതിപക്ഷം പ്രസ്താവന പോലും ഇറക്കാന്‍ തയ്യാറായിരുന്നില്ല. വേല്‍മുരുകന്റെ ശരീരത്തില്‍ 44 മുറിവുകളുണ്ടെന്നാണ് പുറത്തുവന്ന പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ പറഞ്ഞിരുന്നത്. മരിച്ചതിന് ശേഷമാണ് രണ്ടു തുടയെല്ലുകളും പൊട്ടിയതെന്നും റിപോര്‍ട്ട് വ്യക്തമാക്കിയിരുന്നു.

രാജ്യമെമ്പാടും ജനദ്രേഹ നിയമമായ യുഎപിഎ (നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം) ചുമത്തി അറസ്റ്റ് ചെയ്തവരുടെ എണ്ണത്തില്‍ 2019 ല്‍ 72 ശതമാനത്തിലേറെ വര്‍ധനവുണ്ടായതായി റിപോര്‍ട്ടുകളുണ്ട്. 2019 ല്‍ രാജ്യത്തുടനീളം രജിസ്റ്റര്‍ ചെയ്ത 1226 കേസുകളില്‍ 1948 പേരെ യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്തിട്ടുണ്ട്. 2015 മുതല്‍ 2018 വരെയുള്ള വര്‍ഷങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ഇത്തരം കേസുകള്‍ യഥാക്രമം 897, 922, 901, 1182 എന്നിങ്ങനെയായിരുന്നു. അറസ്റ്റിലായവരുടെ എണ്ണം യഥാക്രമം 1128, 999, 1554, 1421 എന്നിങ്ങനെയായിരുന്നു. എന്നാല്‍, 2019ല്‍ 1226 കേസുകളിലായി 1948 പേരെയാണ് അറസ്റ്റ് ചെയ്തത്.

രാജ്യത്താകെ യുഎപിഎ ചുമത്തുന്നത് ചര്‍ച്ചയാകുമ്പോഴും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഈ വിഷയത്തില്‍ മൗനം നടിക്കുകയാണ് ഇടത് വലത് മുന്നണികള്‍. മുസ്‌ലിം, ദലിത്, ആദിവാസി വിഭാഗത്തില്‍ പെടുന്നവരാണ് ഈ ജനദ്രേഹ നിയമത്തിന് കൂടുതലും ഇരയാക്കപ്പെടുന്നത്.

Next Story

RELATED STORIES

Share it