Big stories

യൂനിവേഴ്‌സിറ്റി കോളജ് വധശ്രമം; അഖിലിനെ കുത്തിയ കത്തി കണ്ടെടുത്തു

ഇന്ന് രാവിലെയാണ് പ്രതികളുമായി അന്വേഷണ ഉദ്യോഗസ്ഥര്‍ കോളജിലെത്തിയത്. മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയായ അഖിലിനെ കുത്താനുപയോഗിച്ച കത്തി മുഖ്യപ്രതികളായ ശിവരഞ്ജിത്തും നസീമും പോലിസിന് എടുത്തുകൊടുത്തു.

യൂനിവേഴ്‌സിറ്റി കോളജ് വധശ്രമം; അഖിലിനെ കുത്തിയ കത്തി കണ്ടെടുത്തു
X

തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസിലെ മുഖ്യപ്രതികളെ പോലിസ് കോളജിലെത്തിച്ച് തെളിവെടുത്തു. ഇന്ന് രാവിലെയാണ് പ്രതികളുമായി അന്വേഷണ ഉദ്യോഗസ്ഥര്‍ കോളജിലെത്തിയത്. മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയായ അഖിലിനെ കുത്താനുപയോഗിച്ച കത്തി മുഖ്യപ്രതികളായ ശിവരഞ്ജിത്തും നസീമും പോലിസിന് എടുത്തുകൊടുത്തു. കാംപസിനകത്തുതന്നെയാണ് പ്രതികള്‍ ആയുധം ഒളിപ്പിച്ചിരുന്നത്. അഖിലിനെ കുത്തിയ സ്ഥലത്തോട് ചേര്‍ന്ന് ചവറിനകത്തുനിന്നാണ് ആയുധം കണ്ടെടുത്തത്. കുത്താനുപയോഗിച്ച കത്ത് കണ്ടെടുത്തതോടെ കേസില്‍ നിര്‍ണായകമായ തൊണ്ടിമുതലാണ് പോലിസിന് ലഭിച്ചിരിക്കുന്നത്.


കോളജിലെ യൂനിയന്‍ മുറിയില്‍ അടക്കം പ്രതികളെ കൊണ്ടുപോയി പോലിസ് തെളിവെടുപ്പ് നടത്തി. ഏറെ ചോദ്യം ചെയ്യലിന് ശേഷമാണ് ആയുധമുപേക്ഷിച്ച സ്ഥലം പ്രതികള്‍ പറഞ്ഞതെന്നാണ് പോലിസിന്റെ വാദം. ഒന്നാം പ്രതി ശിവരഞ്ജിത്ത് തന്നെയാണ് കത്തിയെടുത്ത് കൊടുത്തതെന്നും പോലിസ് പറയുന്നു. യൂനിവേഴ്‌സിറ്റി കോളജില്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. എങ്കിലും കനത്ത പോലിസ് കാവലിലാണ് പ്രതികളെ തെളിവെടുപ്പിനെത്തിച്ചത്. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയശേഷം പ്രതികളെ കന്റോണ്‍മെന്റ് സ്‌റ്റേഷനിലെത്തിച്ചു. യൂനിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസില്‍ പതിനാറ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ആറ് പേരെ മാത്രമാണ് ഇതുവരെ പോലിസ് പിടികൂടിയത്. ബാക്കി പത്ത് പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

Next Story

RELATED STORIES

Share it