Big stories

'മുസ് ലിം പള്ളികള്‍ ഹിന്ദുത്വര്‍ കത്തിച്ചു'; ത്രിപുര പോലിസിന്റെ വാദം തള്ളി ഗ്രൗണ്ട് റിപ്പോര്‍ട്ട്

ത്രിപുരയില്‍ ഹിന്ദുത്വ കലാപകാരികള്‍ അഴിഞ്ഞാടിയ മേഖല നേരിട്ട് സന്ദര്‍ശിച്ചാണ് ആള്‍ട്ട് ന്യൂസ് പ്രതിനിധി അര്‍ച്ചിത് മെഹ്ത വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

മുസ് ലിം പള്ളികള്‍ ഹിന്ദുത്വര്‍ കത്തിച്ചു;  ത്രിപുര പോലിസിന്റെ വാദം തള്ളി ഗ്രൗണ്ട് റിപ്പോര്‍ട്ട്
X

ന്യൂഡല്‍ഹി: ത്രിപുരയില്‍ അരങ്ങേറിയ മുസ് ലിം വിരുദ്ധ കലാപത്തിനിടെ മുസ് ലിം പള്ളികള്‍ കത്തിച്ചിട്ടില്ലെന്ന പോലിസിന്റെ അവകാശ വാദം തള്ളി ആള്‍ട്ട് ന്യൂസ് 'ഫാക്ട് ചെക്ക്' റിപ്പോര്‍ട്ട്. ത്രിപുരയില്‍ ഹിന്ദുത്വ കലാപ കാരികള്‍ അഴിഞ്ഞാടിയ മേഖല നേരിട്ട് സന്ദര്‍ശിച്ചാണ് ആള്‍ട്ട് ന്യൂസ് പ്രതിനിധി അര്‍ച്ചിത് മെഹ്ത വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

ബംഗ്ലാദേശില്‍ ന്യൂനപക്ഷമായ ഹിന്ദു സമൂഹത്തിന് നേരെയുള്ള അക്രമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് ഒരാഴ്ച കഴിഞ്ഞപ്പോളാണ് ത്രിപുരയില്‍ മുസ് ലിം സമുദായത്തെ ലക്ഷ്യമിട്ട് വര്‍ഗീയ ആക്രമണങ്ങള്‍ അരങ്ങേറിയത്. ഒക്‌ടോബര്‍ അവസാന വാരം മുസ്‌ലിംകളുടെ വ്യാപാര സ്ഥാപനങ്ങളും സ്വത്ത് വകകളും പള്ളികള്‍ക്കും നേരെ വ്യാപക ആക്രമണം അരങ്ങേറി. കൊള്ളയും തീവെപ്പും നടന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. വിശ്വഹിന്ദു പരിഷത്ത് നടത്തിയ പ്രതിഷേധ റാലികളാണ് കലാപമായി മാറിയത്. പോലിസ് നോക്കി നില്‍ക്കേയാണ് പലയിടങ്ങളിലും ആക്രമണങ്ങള്‍ അരങ്ങേറിയത്. ഹിന്ദുത്വരെ സഹായിക്കുന്ന പോലിസുകാരേയും ചില വീഡിയോകളില്‍ കാണാം.

നോര്‍ത്ത് ത്രിപുരയിലെ പാനിസാഗറില്‍ നടന്ന ആക്രമണ സംഭവങ്ങളെന്ന് അടിക്കുറിപ്പോടെ ഒന്നിലധികം ഫോട്ടോകളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ ചിത്രങ്ങള്‍ വ്യാജമാണെന്നാണ് പോലിസ് പ്രതികരിച്ചത്.

ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ തന്നെ ത്രിപുര പോലിസ് പ്രതികരണം അറിയിച്ചു. ഒരു മസ്ജിദും കത്തിച്ചിട്ടില്ലെന്നും ഇപ്പോള്‍ പ്രചരിക്കുന്ന അഗ്നിക്കിരയായതോ കേടുവരുത്തിയതോ ആയ മസ്ജിദുകളുടെ ചിത്രങ്ങളും വീഡിയോകളും വ്യാജമാണെന്നും ഇവ ത്രിപരയില്‍ നിന്നുള്ളതല്ലെന്നും പോലിസ് ട്വിറ്ററിലൂടെ അറിയിച്ചു.

പാനിസാഗറില്‍ പള്ളി കത്തിച്ച സംഭവം വീഡിയോ സഹിതമാണ് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. ഇതേ തുടര്‍ന്ന് കാഞ്ചന്‍പൂര്‍, ധര്‍മനഗര്‍ എസ്ഡിപിഒമാര്‍ വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തി. വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു.

'ഞാന്‍, എസ്ഡിപിഒ(SDPO) കാഞ്ചന്‍പൂര്‍, കാഞ്ചന്‍പൂര്‍ ഡിവിഷന്‍ പൂര്‍ണ്ണമായും സമാധാനപരമാണെന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഫേസ്ബുക്കിലും ട്വിറ്ററിലും പ്രചരിക്കുന്ന വ്യാജവാര്‍ത്തകളിലും കിംവദന്തികളിലും വീഴരുതെന്ന് ത്രിപുരയിലെ പൗരന്മാരോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ദയവായി ഇത്തരം വ്യാജ വാര്‍ത്തകളും കിംവദന്തികളും ഷെയര്‍ ചെയ്യരുത്. ഇത് ചെയ്യുന്ന അക്കൗണ്ടുകള്‍ക്കെതിരെ ത്രിപുര പോലിസ് ഉചിതമായ നടപടി സ്വീകരിക്കും. പാനിസാഗറിന്റെ പള്ളിക്ക നേരെ ആക്രമണം നടന്നിട്ടില്ലെന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നടന്ന സംഭവത്തില്‍ പോലിസ് നിയമപരമായി അന്വേഷണം നടത്തിവരികയാണ്. ത്രിപുരയിലെ പൗരന്മാരോട് പോലിസിനെ സഹായിക്കാനും വ്യാജ വാര്‍ത്തകളും കിംവദന്തികളും പങ്കിടരുതെന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു'. 40 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാഞ്ചന്‍പൂര്‍ എസ്ഡിപിഒ പറഞ്ഞു.

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു എന്നാരോപിച്ച് 102 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരേ യുഎപിഎ പ്രകാരം ത്രിപുര പോലിസ് കേസെടുത്തതും വലിയ വിവാദമായിരുന്നു.


ധരംനഗര്‍ എസ്ഡിപിഒ കാന്ത ജംഗീറും സമാനമായ പ്രസ്താവന നല്‍കി. 'സാമൂഹിക വിരുദ്ധര്‍ കിംവദന്തികള്‍ പ്രചരിപ്പിക്കാന്‍ സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യുന്നു. ധര്‍മ്മനഗറില്‍ ആക്രമണ സംഭവം ഉണ്ടായിട്ടില്ല. പോലിസ് പൂര്‍ണ ജാഗ്രതയിലാണ്, സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്. വടക്കന്‍ ത്രിപുരയിലും പാനിസാഗറിലും തീപിടുത്തമുണ്ടായിട്ടില്ല. എന്തെങ്കിലും സംഘര്‍ഷം ഉണ്ടായാല്‍ അടുത്തുള്ള പോലിസ് സ്‌റ്റേഷനുമായി ബന്ധപ്പെടുക. ഇത്തരം കിംവദന്തികള്‍ ശ്രദ്ധിക്കരുതെന്നാണ് എന്റെ വിനീതമായ അഭ്യര്‍ത്ഥന. ദയവായി പരിഭ്രാന്തരാകരുത്. ഇത്തരം പോസ്റ്റുകള്‍ ഇടുന്നവര്‍ക്കെതിരെ ത്രിപുര പോലിസ് കര്‍ശന നടപടി സ്വീകരിക്കും'.

ഒക്ടോബര്‍ 28 ന് ത്രിപുര പോലിസ് പാനിസാഗറിലെ ഒരു മസ്ജിദിന്റെ നാല് ചിത്രങ്ങള്‍ ട്വീറ്റ് ചെയ്യുകയും 'മസ്ജിദ് സുരക്ഷിതമാണെന്ന് വ്യക്തമാക്കുകയും ചെയ്തു.

അതേ ദിവസം തന്നെ ത്രിപുര പോലിസ് ഐജിപി (ക്രമസമാധാന പാലനം) സൗരഭ് ത്രിപാഠിയും പാനിസാഗറില്‍ ഒരു പള്ളി കത്തിച്ച സംഭവത്തെ നിഷേധിച്ചു. എഎന്‍ഐ, ഇന്ത്യ ടുഡേ, ഇക്കണോമിക് ടൈംസ്, റിപ്പബ്ലിക്, ന്യൂസ് 18, ഫ്രീ പ്രസ് ജേണല്‍, എബിപി ലൈവ്, ഹിന്ദുസ്ഥാന്‍ ടൈംസ്, ദി ഇന്ത്യന്‍ എക്‌സ്പ്രസ്, ദി ക്വിന്റ്, റെഡിഫ്, ദി ഹില്‍ ടൈംസ്, ത്രിപുര ഇന്ത്യ, ദി വീക്ക് തുടങ്ങിയ മാധ്യമങ്ങള്‍ ഐജിയുടെ പ്രസ്താവന പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തു.

പാനിസാഗറില്‍ ഒരു പള്ളിയും കത്തിച്ചിട്ടില്ലെന്ന് അവകാശപ്പെടാന്‍ ത്രിപുര പോലിസ് റോവ ജെയിം മസ്ജിദിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. പോലീസ് പങ്കുവെച്ച ചിത്രങ്ങളിലൊന്ന് ചുവടെ. മസ്ജിദിന്റെ പേര് (ചുവപ്പില്‍ ഹൈലൈറ്റ് ചെയ്ത ബംഗാളി വാചകം) 'റോവ ജെയിം മസ്ജിദ്' എന്നാണ്.

പാനിസാഗറിലെ മുന്‍ സെന്‍ട്രല്‍ റിസര്‍വ് പോലിസ് ഫോഴ്‌സ് (സിആര്‍പിഎഫ്) ക്യാംപിലെ ഒരു മസ്ജിദ് നശിപ്പിക്കുകയും കത്തിക്കുകയും ചെയ്തതായി പ്രാദേശിക പത്രപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഒന്നിലധികം പേരോട് സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ Alt News അതിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. ഗൂഗിള്‍ മാപ്‌സില്‍ പള്ളി പിന്‍ ചെയ്തിട്ടില്ല. എന്നാല്‍ ഒരു നാട്ടുകാരന്‍ സിആര്‍പിഎഫ് പള്ളിയുടെ ഏകദേശ ലൊക്കേഷന്‍ ആള്‍ട്ട് ന്യൂസിന് നല്‍കി. റോവ ജെയിം മസ്ജിദില്‍ നിന്ന് 3 കിലോമീറ്ററിലധികം ദൂരെയാണ് പള്ളി സ്ഥിതി ചെയ്യുന്നത്.

നവംബര്‍ രണ്ടിന് സുല്‍ത്താന്‍ ത്രിപുര എന്ന യൂസര്‍ അഗ്നിക്കിരയായ നാല് പള്ളികളുടെ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. സിആര്‍പിഎഫ് പള്ളിയുടെ ചിത്രവും ഇതില്‍ ഉള്‍പ്പെടും. ഒക്ടോബര്‍ 20ന് ശേഷം പള്ളികള്‍ കത്തിച്ചതായി സുല്‍ത്താന്‍ ത്രിപുര അറിയിച്ചു.

നവംബര്‍ 5 ന് അല്‍ ജസീറ വര്‍ഗീയ കലാപത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ഒരു ഗ്രൗണ്ട് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു.


ലേഖനത്തില്‍ പാനിസാഗറില്‍ സ്ഥിതി ചെയ്യുന്ന അതേ മസ്ജിദിന്റെ ചിത്രവും ഉള്‍പ്പെടുന്നു. ഒക്ടോബര്‍ 26 ലെ അക്രമത്തിന് നാല് ദിവസം മുമ്പ് പഴയ അര്‍ദ്ധസൈനിക ക്യാംപിലെ മസ്ജിദ് ആക്രമിക്കപ്പെട്ടതായി പേര് വെളിപ്പെടുത്തരുതെന്ന് അഭ്യര്‍ത്ഥിച്ച് കൊണ്ട് ഒരു പോലിസ് ഉദ്യോഗസ്ഥന്‍ അല്‍ ജസീറയോട് പറഞ്ഞു.


നവംബര്‍ 9ന് ആര്‍ട്ടിക്കിള്‍ 14 ലും ഇത് റിപ്പോര്‍ട്ട് ചെയ്യുകയും കത്തിച്ച CRPF പള്ളിയുടെ മറ്റൊരു ചിത്രം ഉള്‍പ്പെടുത്തുകയും ചെയ്തു. ആരാണ് പള്ളിക്ക് തീയിട്ടതെന്ന് അന്വേഷിക്കുന്നതായി ത്രിപുര ഡിജിപി ആര്‍ട്ടിക്കിള്‍ 14നോട് പറഞ്ഞു.

അക്രമത്തിന് ശേഷം നാശനഷ്ടങ്ങളുടെ തോത് പരിശോധിക്കാന്‍ അസം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നൂറുല്‍ ഇസ്‌ലാം മസര്‍ബുയ ത്രിപുര സന്ദര്‍ശിച്ചു. ന്യൂഡല്‍ഹി ആസ്ഥാനമായുള്ള അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സിന്റെ (APCR) പ്രതിനിധിയും അസം സൗത്ത് സോണ്‍ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് പ്രസിഡന്റുമാണ് അദ്ദേഹം. താന്‍ സിആര്‍പിഎഫ് പള്ളി സന്ദര്‍ശിച്ചതായും പള്ളി അഗ്നിക്കിരയായതായും അദ്ദേഹം അദ്ദേഹം ആള്‍ട്ട് ന്യൂസിനോട് പറഞ്ഞു.

'ഞങ്ങള്‍ ഡിജിപി യാദവുമായും സംസാരിച്ചു'. അദ്ദേഹം പറഞ്ഞു, 'സിആര്‍പിഎഫ് മസ്ജിദ് ഒരു ദശാബ്ദത്തിലേറെയായി പ്രവര്‍ത്തിക്കുന്നില്ല. 2017 ഫെബ്രുവരിയില്‍ പള്ളിക്ക് മുകളില്‍ മരം വീണ് വന്‍ നാശനഷ്ടമുണ്ടായി. ആരും നന്നാക്കിയില്ല. അപ്പോള്‍ എങ്ങനെയാണ് ഒരാള്‍ ഇതിനെ ഒരു പള്ളിയായി കണക്കാക്കുന്നത്? നിരവധി മതപരമായ സ്ഥലങ്ങള്‍ ഉപേക്ഷിക്കപ്പെടുന്നു, ഞങ്ങള്‍ അവയെ കണക്കാക്കുന്നില്ല. പിന്നെ എന്തിനാണ് നിങ്ങള്‍ അതിനെ പള്ളിയായി കണക്കാക്കുന്നത്? ഇത് സര്‍ക്കാര്‍ ഭൂമിയിലാണ്, ഒരു ദശാബ്ദം മുമ്പ് വരെ സിആര്‍പിഎഫ് മാത്രമാണ് ഇത് ഉപയോഗിച്ചിരുന്നത്. പൊതു പ്രവേശനം അനുവദിച്ചില്ല. അതിനാല്‍ ഒരു പള്ളിയും കത്തിച്ചിട്ടില്ലെന്ന് ഞങ്ങള്‍ വ്യക്തമായി പറഞ്ഞു. മാത്രമല്ല, ഈ മസ്ജിദിന് തീകൊളുത്തിയതുമായി ബന്ധപ്പെട്ട് പോലിസ് സ്‌റ്റേഷനില്‍ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും ഡിജിപി അറിയിച്ചതായി നൂറുല്‍ ഇസ് ലാം ആള്‍ട്ട് ന്യൂസിനോട് പറഞ്ഞു.

സിആര്‍പിഎഫ് പള്ളിയുടെ മുന്‍ ഇമാമിന്റെ വിയോഗത്തിന് ശേഷം പുതിയ മസ്ജിദ് കമ്മിറ്റി രൂപീകരിക്കുന്നത് സംബന്ധിച്ച 2020 ലെ കത്ത് Alt Newsന് ലഭ്യമാണ്. ഈ രേഖയില്‍ വൈസ് പ്രസിഡന്റ്, പ്രസിഡന്റ്, കാഷ്യര്‍, വൈസ് കാഷ്യര്‍, സെക്രട്ടറി എന്നിവരുടെ പേരുകളും അവരുടെ ഫോണ്‍ നമ്പറുകളും വ്യക്തമായി കാണാം. ഒരു ദശാബ്ദമായി പള്ളി പ്രവര്‍ത്തിക്കുന്നില്ലെന്ന് ഡിജിപിയുടെ പ്രസ്താവന തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഈ കത്ത്.


മസ്ജിദ് കമ്മിറ്റിയിലെ ഒരു അംഗം ആള്‍ട്ട് ന്യൂസിനോട് പേരു വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയില്‍ സംസാരിച്ചു. മരം വീണാണ് പള്ളിക്ക് കേടുപാടുകള്‍ സംഭവിച്ചതെന്ന ഡിജിപി യാദവിന്റെ വാദം അംഗം സ്ഥിരീകരിച്ചു. അതേസമയം, പള്ളി പ്രവര്‍ത്തിക്കുന്നില്ല എന്ന വാദം ശരിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം പുതിയ മസ്ജിദ് കമ്മിറ്റി രൂപീകരിക്കുന്നതിന് മുമ്പാണ് സംഭവം നടന്നതെന്ന് അംഗം ഞങ്ങളോട് പറഞ്ഞു. മസ്ജിദിന് ചുറ്റും ലാന്‍ഡ്‌സ്‌കേപ്പിംഗ് (മരം വെട്ടല്‍) നടത്തുന്നതിനിടെ മരം വീണു ഒരാള്‍ മരിച്ചു. അപകടത്തില്‍ പള്ളിയുടെ ഒരു ഭാഗവും തകര്‍ന്നു. പള്ളിയില്‍ തിരക്ക് കുറവാണെങ്കിലും വെള്ളിയാഴ്ചകളില്‍ നമസ്‌കരിക്കാറുണ്ടെന്നും അംഗം അറിയിച്ചു.

മസ്ജിദ് മാറ്റി സ്ഥാപിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് 2021 ജനുവരിയില്‍ സിആര്‍പിഎഫ് പള്ളിയുടെ മാനേജിംഗ് കമ്മിറ്റി പാനിസാഗര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് (എസ്ഡിഎം) അയച്ച കത്ത് (പിഡിഎഫ് കാണുക) ഞങ്ങള്‍ കണ്ടെത്തി. 'റീജിയണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന് (ആര്‍സിപിഇ) സമീപമുള്ള പള്ളി' എന്നാണ് ആരാധനാലയത്തെ പരാമര്‍ശിക്കുന്നത്. 1982 ല്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ ഒരു ക്ഷേത്രത്തോടൊപ്പമാണ് പള്ളിയും നിര്‍മിച്ചത്.

ആര്‍സിപിഇ കോളേജിന് സമീപമുള്ള പള്ളിയും (പച്ചയില്‍ ഹൈലൈറ്റ് ചെയ്തിരിക്കുന്നത്) ഹിന്ദു ക്ഷേത്രമായ ദേബോസ്ഥാന്‍ ക്ഷേത്രവും (ഹൈലൈറ്റ് ചെയ്തിരിക്കുന്നത്) ഉള്‍പ്പെടുന്ന 'അനധികൃത മത നിര്‍മിതികള്‍' മാറ്റിസ്ഥാപിക്കുന്നതിനും നീക്കം ചെയ്യുന്നതിനുമായി 2021 ജനുവരി 18ന് പാനിസാഗര്‍ എസ്ഡിഎം നല്‍കിയ ഒരു മെമ്മോറാണ്ടത്തിന് മറുപടിയായാണ് ഈ കത്ത്.

ത്രിപുരയിലെ അക്രമത്തിനിടെ ആര്‍സിപിഇ കോളജിന് സമീപമുള്ള പാനിസാഗറില്‍ സിആര്‍പിഎഫ് നിര്‍മ്മിച്ച മസ്ജിദ് നശിപ്പിക്കപ്പെടുകയും ഭാഗികമായി കത്തിക്കുകയും ചെയ്തതായി നിരവധി പ്രാദേശിക അക്കൗണ്ടുകള്‍ സ്ഥിരീകരിച്ചു. സിആര്‍പിഎഫ് പള്ളി ഇടയ്ക്കിടെ പ്രാര്‍ത്ഥനയ്ക്കായി ഉപയോഗിച്ചിരുന്നതായും പ്രാദേശിക അന്വേഷണത്തില്‍ കണ്ടെത്തി. 2021 ജനുവരി 18ലെ പാനിസാഗര്‍ എസ്ഡിഎം പള്ളി ഭാരവാഹികളെ അഭിസംബോധന ചെയ്ത് കൊണ്ട് നല്‍കിയ മെമ്മോറാണ്ടം പള്ളി നിലവില്‍ പ്രവര്‍ത്തിച്ചിരുന്നു എന്ന് തെളിയിക്കുന്നതാണ്.

Next Story

RELATED STORIES

Share it