Big stories

തൃണമൂലോ കോണ്‍ഗ്രസോ?: ദേശീയ തലത്തില്‍ പ്രതിപക്ഷ നേതൃത്വം ആര്‍ക്ക്?

തൃണമൂലോ കോണ്‍ഗ്രസോ?: ദേശീയ തലത്തില്‍ പ്രതിപക്ഷ നേതൃത്വം ആര്‍ക്ക്?
X

തൃണമൂല്‍ ഇപ്പോള്‍ താരപദവിയിലാണെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. ബംഗാളില്‍ ബിജെപിയുടെ ബഹുമുഖ തന്ത്രങ്ങളോടേറ്റുമുട്ടി വിജയിച്ചതോടെ തൃണമൂലിന്റെ രാശി തെളിഞ്ഞു. കേന്ദ്രവുമായി തൃണമൂല്‍ നടത്തിയ, ഇപ്പോഴും നടത്തുന്ന കടുത്ത പോരാട്ടങ്ങള്‍, സിബിഐയെ വെല്ലുവിളിച്ചും പകരത്തിന് പകരം കൊടുത്തും നടത്തിയ രാഷ്ട്രീയ നീക്കങ്ങള്‍, തിരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് ബിജെപി നടത്തിയ ശ്രമങ്ങളെ ഫീല്‍ഡില്‍ നേരിട്ടും ബിജെപിക്കാരെ കൊല്ലേണ്ടിടത്ത് കൊന്നും തല്ലേണ്ടിടത്ത് തല്ലിയും നടത്തിയ തന്ത്രങ്ങള്‍- ഇതൊക്കെ അവരെ ബിജെപി ബ്രാന്റ്് രാഷ്ട്രീയത്തിന്റെ എതിര്‍പക്ഷത്ത് നിലയുറപ്പിച്ചിക്കാന്‍ സഹായിച്ചു.

ആദ്യം ബംഗാളികളില്‍ ആരാധകരെ ഉണ്ടാക്കിയ മമത അടുത്തതായി ശ്രമിച്ചത്, ബംഗാളിനോട് ചേര്‍ന്ന് കിടക്കുന്ന വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ കൈവശപ്പെടുത്താനാണ്. അവിടെ തരക്കേടില്ലാത്ത സ്വാധീനമുണ്ടായതോടെ അടുത്ത തിരഞ്ഞെടുപ്പില്‍ ഇന്ത്യ ഭരിക്കുക അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലെന്ന് അവര്‍ക്ക് തോന്നിത്തുടങ്ങി. തന്റെ അഖിലേന്ത്യാ നേതൃത്വ മോഹം അവര്‍ ഇതുവരെ മറച്ചുവച്ചിട്ടുമില്ല.

ബിജെപിയെ സംബന്ധിച്ചിടത്തോളം മുഖ്യ എതിരാളിയാരാണെന്ന പരിശോധന നടത്തിയാല്‍ അതും മമതയില്‍ ചെന്നാണ് അവസാനിക്കുക. മമതയെ കേന്ദ്രീകരിച്ചുകൊണ്ടും അവരെ അധികാരത്തില്‍ നിന്ന് ഇറക്കാന്‍ നടത്തിയ കളികളില്‍ അമ്പേ പരാജയപ്പെട്ടും മമതയെ നേതൃപദവിയിലേക്കെത്തിച്ചതും ബിജെപി തന്നെയെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. സ്വന്തം പാളയത്തിലെ നൂറ് കണക്കിന് നേതാക്കളെ പണം കൊടുത്തും പദവി കൊടുത്തും ഭീഷണിപ്പെടുത്തിയും ബിജെപി വാങ്ങിക്കൂട്ടിയെങ്കിലും ഒരു ഘട്ടത്തില്‍ അത് മമതയില്‍ പോലും പരാജയഭീതിയുണ്ടാക്കിയെങ്കിലും അവര്‍ അജയ്യയായി തിരിച്ചുവന്നു. ആ തിരിച്ചുവരവ് ഒരു ഘട്ടത്തില്‍ ഇന്ത്യന്‍ മതേതര ശക്തികളുടെ പ്രതീക്ഷയായി പോലും അവതരിപ്പിക്കപ്പെട്ടു.

മമതയുടെ വിജയം തുടങ്ങിയതോടെ ബംഗാളില്‍ ബിജെപിയുടെ അധോഗതിയും തുടങ്ങി. പോയ നേതാക്കള്‍ വണ്ടിപിടിച്ച് തിരിച്ചെത്തി. അതില്‍ ചിലര്‍ മമതയുടെ കാലടികളില്‍ കിടക്കാന്‍ പോലും തങ്ങള്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചു. മുകുള്‍ റോയിയെപ്പോലുള്ളവരും തിരിച്ചെത്തി.

ബംഗാളി രാഷ്ട്രീയത്തിന്റെ മിറര്‍ ഇമേജ് പോലെയുള്ള ത്രിപുര പിടിക്കലായി പിന്നീട് മമതയുടെ ശ്രമം. ഇത് പക്ഷേ, ബിജെപി വകവച്ചുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. തല്ലിയൊതുക്കാനായി ശ്രമം. മമത തന്നെ ബെല്‍റ്റ് മുറുക്കി അങ്കത്തിനിറങ്ങിയാണ് അത് നേരിട്ടത്. അതിപ്പോഴും അവസാനിച്ചിട്ടില്ല. തുടരുക തന്നെയാണ്.

മമതയെ സംബന്ധിച്ചിടത്തോളം തന്റെ പ്രതിപക്ഷ മോഹത്തിന്റെ മുഖ്യ എതിരാളി ബിജെപിയല്ല, കോണ്‍ഗ്രസ്സാണ്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ്സിനെ തകര്‍ക്കാനുള്ള ശ്രമങ്ങളിലാണ് അവര്‍ ഇപ്പോള്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്. കോണ്‍ഗ്രസ്സിനെ തകര്‍ക്കുകയെന്ന് പറഞ്ഞാല്‍ അത് കൃത്യമായിരിക്കില്ല. മറിച്ച് കോണ്‍ഗ്രസ്സിനേക്കാള്‍ മുന്നില്‍ പോകാനാണ് താല്‍പര്യം. കഴിഞ്ഞ ആഴ്ചയില്‍ ഗോവയില്‍ വച്ച് നടത്തിയ 'യുപിഎ നിലവിലില്ല' എന്ന പ്രസ്താവന അതിന്റെ ഭാഗമാണ്. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) തലവന്‍ ശരദ് പവാറുമായി മുംബൈയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മമത 'യുപിഎ നിലവിലില്ല' എന്ന് പ്രഖ്യാപിച്ചത്. ഈ പരാമര്‍ശം പ്രതിപക്ഷ നേതാക്കളില്‍ നിന്ന് ശക്തമായ പ്രതികരണത്തിന് ഇടയാക്കിയിരുന്നു.

എല്ലാ പ്രാദേശിക പാര്‍ട്ടികളും ഒന്നിച്ചാല്‍ ഭാരതീയ ജനതാ പാര്‍ട്ടിയെ പരാജയപ്പെടുത്തുന്നത് വളരെ എളുപ്പമാണെന്നും അവര്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസ്സിനെ ഒഴിച്ചുനിര്‍ത്തിയല്ല, ആ പ്രസ്താവന എന്നതാണ് ശ്രദ്ധേയം. മറിച്ച് കൂടെയായിരിക്കുമ്പോഴും കോണ്‍ഗ്രസ്സിനെ തന്റെ പിന്നില്‍ നില്‍ക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു അവര്‍.

കോണ്‍ഗ്രസ്സുമായുള്ള മല്‍സരം മമത നേരത്തെ തുടങ്ങിയിട്ടുണ്ട്. മേഘാലയയില്‍നിന്നാണ് അതിന്റെ തുടക്കം. മേഘാലയയിലെ 17 എംഎല്‍എമാരില്‍ 12 പേരും ബംഗാള്‍ തിരഞ്ഞെടപ്പിനു ശേഷം തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മേഘാലയ മുന്‍ മുഖ്യമന്ത്രി മുകുള്‍ സാങ്മ ഉള്‍പ്പെടെയുള്ള പ്രമുഖരും തൃണമൂലില്‍ ചേക്കേറി. ഇപ്പോള്‍ മേഘാലയയിലെ മുഖ്യ പ്രതിപക്ഷം തൃണമൂലാണ്.

സെപ്റ്റംബറില്‍ മുന്‍ ഗോവ മുഖ്യമന്ത്രി ലൂയിസിഞ്ഞോ ഫലീറോ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ച് മമതയ്‌ക്കൊപ്പം ചേര്‍ന്നു. ഫലീറോയ്ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ നിന്ന് മറ്റ് ഒമ്പത് നേതാക്കളും തൃണമൂലില്‍ ചേര്‍ന്നു. അസമിലെ സില്‍ച്ചാറില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയും ഓള്‍ ഇന്ത്യ മഹിളാ കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റുമായ സുസ്മിത ദേവ് ആഗസ്തില്‍ തൃണമൂലിലെത്തി. അവരിപ്പോള്‍ തൃണമൂലിന്റെ ത്രിപുരയുടെ ചുമതലയിലാണ്. തൃണമൂലില്‍ ചേര്‍ന്നത് അവര്‍ക്ക് നഷ്ടമുണ്ടാക്കിയില്ല, രണ്ട് പേര്‍ക്കും രാജ്യസഭാ സീറ്റ് ലഭിച്ചു. കോണ്‍ഗ്രസ് നേതാവ് കീര്‍ത്തി ആസാദ്, മുന്‍ ഹരിയാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് തന്‍വര്‍ എന്നിവരും അടുത്തിടെ തൃണമൂലില്‍ ചേര്‍ന്നവരാണ്. ഒരുകാലത്ത് രാഹുല്‍ ഗാന്ധിയുടെ അടുത്ത സഹായിയായിരുന്നു തന്‍വര്‍.

തിരഞ്ഞെടുപ്പില്‍ മമതയുടെ തന്ത്രജ്ഞനായിരുന്ന പ്രശാന്ത് കിഷോറും കോണ്‍ഗ്രസ്സിനെതിരേ ഇന്നലെ ആഞ്ഞടിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് സ്വാഭാവിക നേതൃത്വമല്ലെന്നും അവര്‍ക്ക് അതിന് ദൈവികമായ അവകാശമൊന്നുമില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ഇക്കാര്യത്തില്‍ മമതയുടെ ലഫ്റ്റ്‌നന്റ് ആണ് പ്രശാന്ത് കിഷോര്‍.

എന്നാല്‍ ഇക്കാര്യത്തില്‍ ശിവസേന കുറച്ചുകൂടെ തന്ത്രപര നിലപാടാണ് എടുത്തിരിക്കുന്നത്. മുഖപത്രമായ സാമ്‌നയിലെ എഡിറ്റോറിയല്‍ ലേഖനം അത് തെളിയിക്കുന്നു. കോണ്‍ഗ്രസ്സിന്റെ പിന്നില്‍ പോകേണ്ടെന്ന് പ്രതിപക്ഷ കക്ഷികളെ ഉപദേശിക്കുന്ന അവര്‍ കോണ്‍ഗ്രസ് പ്രധാന കക്ഷിയാണെന്ന് തെളിച്ചുപറഞ്ഞ് ഇടനിലയിലാണ് നില്‍പ്പുറപ്പിച്ചിട്ടുളളത്.

അതേസമയം ഇടത് പക്ഷം ഈ ചിത്രങ്ങളിലൊന്നുമില്ല. ബംഗാളിലും ത്രിപരയിലും പൊടിപോലും അവശേഷിപ്പിക്കാതെ അപ്രത്യക്ഷരായ അവര്‍ കേരളത്തില്‍ മാത്രമാണ് ജീവനോടെയുളളത്. കേരളത്തിനാകട്ടെ ദേശീയ രാഷ്ട്രീയത്തില്‍ വലിയ കാര്യവുമില്ല.

Next Story

RELATED STORIES

Share it