Big stories

മൂന്ന് അയല്‍വാസികളില്‍ ഒരാളെ പേര് ചോദിച്ച് വിട്ടയച്ചു; ഡല്‍ഹി കലാപത്തിലെ പോലിസിന്റെ മതവിവേചനം തുറന്നുകാട്ടി ഹിന്ദു വ്യാപാരി

കാര്യങ്ങള്‍ ഇത്തരമൊരു നിലയിലെത്തുമെന്നോ മതത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് ആളുകളെ അറസ്റ്റ് ചെയ്യുമെന്നോ ഞങ്ങള്‍ ഒരിക്കലും കരുതിയിരുന്നില്ലെന്നും ഫാറൂഖും ഗാര്‍ഗും പറഞ്ഞു

മൂന്ന് അയല്‍വാസികളില്‍ ഒരാളെ പേര് ചോദിച്ച് വിട്ടയച്ചു; ഡല്‍ഹി കലാപത്തിലെ പോലിസിന്റെ മതവിവേചനം തുറന്നുകാട്ടി ഹിന്ദു വ്യാപാരി
X

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്കു നേരെ ഹിന്ദുത്വര്‍ നടത്തിയ ആസൂത്രിത ആക്രമണത്തില്‍ പോലിസും സുരക്ഷാ ഉദ്യോഗസ്ഥരും കാണിച്ച മതവിവേചനം തുറന്നുകാട്ടി ഹിന്ദു വ്യാപാരി. ഫെബ്രുവരി 24ന് ഉച്ചയ്ക്കു ശേഷം വര്‍ഗീയ ആക്രമണം അരങ്ങേറിയപ്പോള്‍ കുട്ടികളെയും ബന്ധുക്കളെയും അന്വേഷിച്ചിറങ്ങിയ അയല്‍വാസികളായ മൂന്നുപേരില്‍ ഒരാളെ പേരുചോദിച്ച് വിട്ടയക്കുകയും രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്ത സംഭവമാണ് ബ്രിജ്പുരിയിലെ ലാബിറിന്തൈന്‍ ലൈനിലെ 56കാരനായ ഹരീഷ് കുമാര്‍ ഗാര്‍ഗ് ഓണ്‍ലൈന്‍ മാധ്യമമായ സ്‌ക്രോള്‍ ഇന്‍ നോട് വിശദീകരിച്ചത്.

ഹരിഷ് കുമാര്‍ ഗാര്‍ഗും 39 കാരനായ റഹീസ് അഹമ്മദും 32കാരനായ ഷാക്കിറും കലാപം നടക്കുന്നതറിഞ്ഞ് ഡല്‍ഹിയെ ഉത്തര്‍പ്രദേശുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡിലേക്ക് ബന്ധുക്കളെ തിരഞ്ഞ് ഒന്നിച്ചാണിറങ്ങിയത്. വഴിമധ്യേ റാപ്പിഡ് ആക്്ഷന്‍ ഫോഴ്‌സി(ദ്രുതകര്‍മ സേന)ന്റെ അര്‍ധസൈനികര്‍ ഇവരെ വളയുകയും റഹീസിനെയും ഷാക്കിറിനെയും പോലിസ് വാഹനത്തിലേക്ക് പിടിച്ചുകയറ്റുകയും ചെയ്തു. ഈസമയം കുറച്ച് പിന്നിലായിരുന്ന ഹരീഷ് കുമാര്‍ ഗാര്‍ഗിനോട് പോലിസ് തന്റെ പേരെന്താണെന്ന് ചോദിച്ചു. പേര് വെളിപ്പെടുത്തുകയും താന്‍ ഹിന്ദുവാണെന്നു പറയുകയും ചെയ്തപ്പോള്‍ അദ്ദേഹത്തെ വിട്ടയക്കുകയുമായിരുന്നു. മുസ്‌ലിംകള്‍ക്കെതിരായ ആക്രമണത്തില്‍ പോലിസിന് പങ്കുണ്ടെന്ന നിരവധി വിവരങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു. ഹരീഷ് കുമാര്‍ ഗാര്‍ഗിന്റെ വെളിപ്പെടുത്തല്‍ ഇത് ശരിവയ്ക്കുന്നതാണ്.

'അവരെന്നോട് ചോദിച്ചു, നിന്റെ പേരെന്താണെന്ന്...'


റഹീസ് അഹമ്മദ് കച്ചവടക്കാരനാണ്. കുടുംബം നടത്തുന്ന വസ്ത്രാലയത്തിലാണ് ഷാകിര്‍ ജോലി ചെയ്യുന്നത്. ഇവരുടെ അതേ ഭാഗത്താണ് വര്‍ഷങ്ങളായി ഹരീഷ് കുമാര്‍ ഗാര്‍ഗും താമസിക്കുന്നത്. കലാപത്തിനിടെ റഹീസിനെയും ഷാകിറിനെയുമാണ് കലാപമുണ്ടാക്കല്‍, മാരകായുധങ്ങള്‍ കൈവശം വയ്ക്കല്‍, നിയമവിരുദ്ധമായി ഒത്തുചേരല്‍, പൊതു സ്വത്ത് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി മണ്ടോലി ജയിലിലടച്ചിട്ടുള്ളത്. അഹമ്മദിനെയും ഷാകിറിനെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയപ്പോള്‍ താന്‍ കുറച്ച് പിന്നിലായിരുന്നുവെന്ന് യന്ത്രസാമഗ്രികള്‍ വില്‍പ്പന നടത്തുന്ന ഗാര്‍ഗ് പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥര്‍ തന്നെ കണ്ടപ്പോള്‍ അവരുടെ അടുത്തേക്ക് വിളിച്ചുവരുത്തി.

'എന്റെ പേര് എന്താണെന്ന് അവര്‍ എന്നോട് ചോദിച്ചു. ഞാന്‍ അവരോട് പറഞ്ഞു, ഹരീഷ് കുമാര്‍ ഗാര്‍ഗ് ആണെന്ന്. ഞാന്‍ ഒരു ഹിന്ദുവാണ്. നിങ്ങള്‍ക്ക് വിശ്വാസമില്ലെങ്കില്‍ ഇത് നോക്കൂ' എന്ന് തന്റെ വസ്ത്രം ഉയര്‍ത്തിക്കാട്ടി ഹിന്ദുമത വിശ്വാസികള്‍ ഉപയോഗിക്കുന്ന കൈത്തണ്ടയില്‍ കെട്ടുന്ന നൂല്‍ കാണിച്ച് കൊടുത്ത് പറഞ്ഞു. ഞാന്‍ സ്‌കൂളില്‍നിന്നു വരുന്ന എന്റെ കുട്ടികളെ തിരഞ്ഞാണ് പുറത്തിറങ്ങിയതെന്നും അവരോട് പറഞ്ഞപ്പോള്‍ പോയ്‌ക്കോളാന്‍ പറയുകയായിരുന്നു. പിന്നീട് ആ ഭാഗത്തേക്ക് പോയില്ലെന്നും ഹരീഷ് കുമാര്‍ ഗാര്‍ഗ് പറഞ്ഞു.

'ഷാകിറും റഹീസും പെട്ടെന്ന് ഞങ്ങളുടെ താമസസ്ഥലത്തെ ഇടവഴിയില്‍ നിന്ന് പുറത്തേക്ക് നടക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ എന്റെ വീടിന് പുറത്തായിരുന്നു. എന്താണെന്നു ചോദിച്ചപ്പോള്‍ അദ്ദേഹം സംഭവങ്ങളുടെ ഗതി വിശദീകരിച്ചു. എവിടേക്കാണ് പോവുന്നതെന്ന് ഞാന്‍ ചോദിച്ചപ്പോള്‍, പ്രധാന റോഡിനു കുറുകെ പാര്‍ക്കില്‍ കളിച്ചുകൊണ്ടിരുന്ന മകനെ അന്വേഷിക്കാന്‍ പോവുകയാണെന്ന് റഹീസ് പറഞ്ഞു. അവര്‍ തനിച്ചുപോവുന്നത് സുരക്ഷിതമല്ലെന്ന് കരുതിയാണ് ഞാന്‍ അവരോടൊപ്പം പോവാന്‍ തീരുമാനിച്ചതെന്നും ഗാര്‍ഗ് പറഞ്ഞു.

പോലിസ് വാനില്‍ നേരിട്ടത് ക്രൂരമര്‍ദ്ദനം

കലാപം തടയാനെത്തിയവര്‍ നിരപരാധികളെ പിടിച്ചുകൊണ്ടുപോവുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തതായി ജയിലിലുള്ളവരുടെ ബന്ധുക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. റഹീസ് അഹമ്മദിന്റെ ഭാര്യ ഷാജഹാനും ഇതേകാര്യമാണ് പറയുന്നത്. ഗോകുല്‍പുരിയിലെ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷാ കേന്ദ്രത്തില്‍ നിന്ന് മകളെ വീട്ടിലെത്തിച്ച ശേഷം ഇളയ മകനെ തേടിയാണ് പോയത്. എന്റെ അമ്മ നൂര്‍ ഇലാഹിയിലെ റോഡിനു കുറുകെയാണ് താമസം. അതിനാല്‍ കുട്ടികള്‍ പലപ്പോഴും ആ പാര്‍ക്കില്‍ കളിക്കുകയും മുത്തശ്ശിയുടെ അടുത്തേക്ക് പോവുകയും ചെയ്യാറുണ്ട്. അന്ന് പ്രശ്‌നമുണ്ടായതിനാല്‍, ഞങ്ങളുടെ ഇളയ മകനെ കൂട്ടിക്കൊണ്ടുവരാനാണ് അദ്ദേഹം പോയത്. റഹീസ് അഹമ്മദ് വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ ഷാകിറും കൂടെ പോയി. പോലിസ് വാനില്‍ നിന്ന് പേടിച്ചരണ്ടാണ് ഷാകിര്‍ തന്നെ വിളിച്ചതെന്ന് ജ്യേഷ്ഠന്‍ മുഹമ്മദ് ഫാറൂഖ് പറഞ്ഞു. 'ഇത് വളരെ ഹ്രസ്വമായ സംഭാഷണമായിരുന്നു. എനിക്ക് ചില നിലവിളി കേള്‍ക്കാമായിരുന്നു, അതിനുശേഷം ഫോണ്‍ നിശബ്ദമായെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് ജയിലില്‍ ഷാകിറിനെ സന്ദര്‍ശിച്ചപ്പോള്‍ തന്റെ ഫോണ്‍ ഉപയോഗിച്ച് സഹോദരനെ വിളിച്ചത് കണ്ട ഒരു സുരക്ഷാ സൈനികന്‍ ബൂട്ട് കൊണ്ട് ചവിട്ടി ഫോണ്‍ തകര്‍ത്തെന്ന മറുപടിയാണ് ലഭിച്ചത്. ഇവരെയെല്ലാം പോലിസ് തടങ്കലിലാക്കിയെങ്കിലും ബന്ധുക്കളെയൊന്നും അറിയിച്ചിരുന്നില്ല. അക്രമങ്ങള്‍ താല്‍ക്കാലികമായി ശമിച്ച അടുത്ത ദിവസം മാത്രമാണ് ജയിലില്‍ കഴിയുന്ന തന്റെ സഹോദരനെ ഫാറൂഖിന് കാണാന്‍ കഴിഞ്ഞത്. അപ്പോഴാണ് കൂടെ റഹീസ് അഹമ്മദും ഉണ്ടെന്നു കണ്ടെത്തിയത്.

'എന്റെ ഭര്‍ത്താവിനെ പോലിസ് പിടികൂടിയതായി ഞാന്‍ അദ്ദേഹത്തില്‍ നിന്നാണ് അറിഞ്ഞതെന്ന് ഫറൂഖിനെ പരാമര്‍ശിച്ച് ഷാജഹാന്‍ പറഞ്ഞു. 'ഇവിടെ ഞാന്‍ അസുഖബാധിതയാണ്. എനിക്ക് നാല് കുട്ടികളുണ്ട്. പുറത്താണെങ്കില്‍ പ്രശ്‌നവും. എന്റെ ഭര്‍ത്താവ് എവിടെയാണെന്ന് പോലും എനിക്കറിയില്ല'. ഇത്തരത്തില്‍ ആയിരത്തിലേറെ പേരെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും അവരുടെ കുടുംബാഗങ്ങളെ പോലിസ് വിവരം അറിയിച്ചിട്ടില്ല. ഫെബ്രുവരി 27ന് റഹീസ് അഹമ്മദിനും ഷാകിറിനുമെതിരേ ഔദ്യോഗികമായി കുറ്റം ചുമത്തി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തിരിക്കുകയാണ്. കാര്യങ്ങള്‍ ഇത്തരമൊരു നിലയിലെത്തുമെന്നോ മതത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് ആളുകളെ അറസ്റ്റ് ചെയ്യുമെന്നോ ഞങ്ങള്‍ ഒരിക്കലും കരുതിയിരുന്നില്ലെന്നും ഫാറൂഖും ഗാര്‍ഗും പറഞ്ഞു.



Next Story

RELATED STORIES

Share it