Big stories

വിദ്യാര്‍ഥി ഐക്യത്തിന് മുന്നില്‍ എസ്എഫ്‌ഐയും മാനേജ്‌മെന്റും മുട്ടുമടക്കി; അല്‍ അസ്ഹറില്‍ റിഫയ്ക്ക് പഠനസൗകര്യമൊരുങ്ങി

കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതി അംഗവും നിയമവിദ്യാര്‍ഥിയുമായ പി എം മുഹമ്മദ് റിഫ കോളജില്‍ പഠനം നടത്തുന്നതിനെതിരേയാണ് എസ്എഫ്‌ഐയും പ്രിന്‍സിപ്പലും രംഗത്തെത്തിയത്. വിദ്യാര്‍ഥിയെ പ്രവേശിപ്പിക്കാതിരിക്കാന്‍ കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ട മാനേജ്‌മെന്റിന്റെയും എസ്എഫ്‌ഐയുടെയും ഏകാധിപത്യനടപടിയെ വിദ്യാര്‍ഥികള്‍ ഒന്നടക്കം ചോദ്യംചെയ്യുകയും പരസ്യപ്രതിഷേധവുമായി രംഗത്തുവരികയും ചെയ്തതോടെയാണ് റിഫയെ പഠനം നടത്താമെന്ന് സമ്മതിക്കുകയും കോളജ് തുറന്നുപ്രവര്‍ത്തിക്കുകയും ചെയ്തത്.

വിദ്യാര്‍ഥി ഐക്യത്തിന് മുന്നില്‍ എസ്എഫ്‌ഐയും മാനേജ്‌മെന്റും മുട്ടുമടക്കി; അല്‍ അസ്ഹറില്‍ റിഫയ്ക്ക് പഠനസൗകര്യമൊരുങ്ങി
X

തൊടുപുഴ: കോളജ് മാനേജ്‌മെന്റും വിദ്യാര്‍ഥി ഐക്യത്തിന് മുന്നില്‍ മുട്ടുമടക്കി. കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതി അംഗവും നിയമവിദ്യാര്‍ഥിയുമായ പി എം മുഹമ്മദ് റിഫ കോളജില്‍ പഠനം നടത്തുന്നതിനെതിരേയാണ് എസ്എഫ്‌ഐയും പ്രിന്‍സിപ്പലും രംഗത്തെത്തിയത്. വിദ്യാര്‍ഥിയെ പ്രവേശിപ്പിക്കാതിരിക്കാന്‍ കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ട മാനേജ്‌മെന്റിന്റെയും എസ്എഫ്‌ഐയുടെയും ഏകാധിപത്യനടപടിയെ വിദ്യാര്‍ഥികള്‍ ഒന്നടക്കം ചോദ്യംചെയ്യുകയും പരസ്യപ്രതിഷേധവുമായി രംഗത്തുവരികയും ചെയ്തതോടെയാണ് റിഫയെ പഠനം നടത്താമെന്ന് സമ്മതിക്കുകയും കോളജ് തുറന്നുപ്രവര്‍ത്തിക്കുകയും ചെയ്തത്.

പഠിക്കാനുള്ള അവസരം നിഷേധിച്ചതിനെതിരേ വിദ്യാര്‍ഥി നടത്തിയ നിരന്തര നിയമപോരാട്ടത്തിന്റെ വിജയംകൂടിയാണുണ്ടായിരിക്കുന്നത്. എറണാകുളം പൂത്തോട്ട ശ്രീനാരായണ ലോ കോളജില്‍നിന്ന് ഇന്റര്‍ ട്രാന്‍സ്ഫര്‍ മുഖേനയാണ് മുഹമ്മദ് റിഫ തൊടുപുഴ അല്‍ അസ്ഹര്‍ കോളജില്‍ പ്രവേശനത്തിന് അപേക്ഷ നല്‍കിയത്. അന്നുമുതല്‍ എസ്എഫ്‌ഐയും കോളജ് മാനേജ്‌മെന്റും ചേര്‍ന്ന് റിഫയ്ക്ക് പ്രവേശനം തടയാന്‍ ശ്രമം തുടങ്ങി. ഇതിനെതിരേ റിഫ ഹൈക്കോടതിയെ സമീപിച്ചു. സീറ്റ് ഒഴിവുണ്ടെങ്കില്‍ കോളജില്‍ പ്രവേശനം നല്‍കണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.


വേനലവധിക്കുശേഷം കോളജ് തുറന്നതിന്റെ രണ്ടാംദിവസം മുതലാണ് വീണ്ടും പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാര്‍ഥി മരണപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ ആരോപണവിധേയനാണെന്നും കോളജില്‍ പഠിക്കാന്‍ അനുവദിക്കില്ലെന്നും ആരോപിച്ച് റിഫയ്‌ക്കെതിരേ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സമരം പ്രഖ്യാപിച്ചു. കേസ് തീരുംവരെ റിഫ കോളജില്‍ വരേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടി പ്രിന്‍സിപ്പല്‍ വിചിത്രമായ ഉത്തരവും ഇറക്കി. ഇതിനെതിരേ റിഫ വീണ്ടും ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് പ്രിന്‍സിപ്പലിന്റെ ഉത്തരവ് താല്‍ക്കാലികമായി സ്റ്റേ ചെയ്തു. വീണ്ടും കോളജിലെത്തിയെങ്കിലും പഠിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു പ്രിന്‍സിപ്പലും എസ്എഫ്‌ഐയും. ഹൈക്കോടതി ഉത്തരവ് കാറ്റില്‍പ്പറത്തി റിഫയെ കോളജില്‍ പ്രവേശിപ്പിക്കാതിരിക്കാന്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ ഒപ്പുശേഖരണവും നടത്തി. ഇതെത്തുടര്‍ന്ന് എസ്എഫ്‌ഐ യൂനിറ്റ് ഭാരവാഹികളെയും കക്ഷിചേര്‍ത്ത് റിഫ വീണ്ടും കോടതിയെ സമീപിച്ചു.


കോളജ് പ്രിന്‍സിപ്പലിനെയും എസ്എഫ്‌ഐ യൂനിറ്റ് ഭാരവാഹികളെയും വിളിച്ചുവരുത്തിയ കോടതി, വിദ്യാര്‍ഥിക്ക് തുടര്‍പഠനസൗകര്യമൊരുക്കണമെന്ന് നിര്‍ദേശിച്ചു. പ്രിന്‍സിപ്പല്‍ ഇതിന് സമ്മതിക്കുകയും രേഖാമൂലം എഴുതി നല്‍കുകയും ചെയ്തു. ജഡ്ജിയുടെ ചോദ്യങ്ങള്‍ക്ക് പ്രിന്‍സിപ്പലിനോ എസ്എഫ്‌ഐക്കോ കൃത്യമായ മറുപടി പോലും നല്‍കാന്‍ കഴിഞ്ഞില്ല എന്നതാണ് വസ്തുത. തുടര്‍ന്ന് ഹൈക്കോടതിയുടെ പുതിയ ഉത്തരവുമായി റിഫ എത്തിയപ്പോള്‍ കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചിടുകയാണ് മാനേജ്‌മെന്റ് ചെയ്തത്.

വിദ്യാര്‍ഥികള്‍ അറിയിച്ചതുപ്രകാരം സംഭവസ്ഥലത്തെത്തിയ പോലിസിനെ ഹൈക്കോടതി ഉത്തരവ് കാണിച്ചെങ്കിലും എസ്എഫ്‌ഐയ്‌ക്കൊപ്പം നിലകൊള്ളുകയാണ് ചെയ്തത്. ഇതോടെ തങ്ങളുടെ പഠനം മുടക്കിയ എസ്എഫ്‌ഐയുടെയും മാനേജ്‌മെന്റിന്റെയും ധാര്‍ഷ്ട്യത്തിനെതിരേ വിദ്യാര്‍ഥികള്‍ ഒന്നടങ്കം പ്രത്യക്ഷസമരവുമായി രംഗത്തെത്തി. കോളജിന്റെ പ്രധാന കവാടം അടച്ച് പ്രതിഷേധമാരംഭിച്ചതോടെ എസ്എഫ്‌ഐയും പോലിസും മാനേജ്‌മെന്റും തമ്മില്‍ ചര്‍ച്ച നടത്തിയശേഷം കോളജ് തുറന്നുപ്രവര്‍ത്തിപ്പിക്കാനും റിഫയ്ക്ക് തുടര്‍പഠനത്തിന് സൗകര്യമൊരുക്കാനും നിര്‍ബന്ധിതരായി. തൊടുപുഴ അല്‍ അസ്ഹറില്‍ നീതിയുടെ പക്ഷം വിജയിച്ചെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ എച്ച് ഹാദി പ്രതികരിച്ചു.

Next Story

RELATED STORIES

Share it