Big stories

ഗ്യാന്‍വാപി: അത് ശിവലിംഗമല്ല, വുദു ടാങ്കിലെ ഫൗണ്ടന്‍; വിശദീകരണവുമായി മസ്ജിദ് കമ്മിറ്റി

ഗ്യാന്‍വാപി: അത് ശിവലിംഗമല്ല, വുദു ടാങ്കിലെ ഫൗണ്ടന്‍; വിശദീകരണവുമായി മസ്ജിദ് കമ്മിറ്റി
X
ലഖ്‌നൗ: വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദ് സമുച്ചയം അടച്ചിടുന്നതിലേക്കു നയിച്ച പരാതിയില്‍ ശിവലിംഗം കണ്ടെത്തിതായി പറയുന്നതു ശരിയല്ലെന്നും നമസ്‌കാരത്തിനായി വിശ്വാസികള്‍ അംഗശുദ്ധി വരുത്തുന്ന ജലസംഭരണി (വുദു ടാങ്ക്) യിലെ വാട്ടര്‍ ഫൗണ്ടന്‍ ആണ് ഇതെന്നും മസ്ജിദ് അധികൃതര്‍.

കോടതി ഇക്കാര്യത്തില്‍ ഏകപക്ഷീയ നിലപാടാണ് കൈക്കൊണ്ടതെന്നും കോടതി തന്നെ നിയോഗിച്ച നിഷ്പക്ഷ കക്ഷിയായ കമീഷണറെ ഒഴിവാക്കി മസ്ജിദിനു മേല്‍ അവകാശവാദം ഉന്നയിക്കുന്ന വിഭാഗത്തിന്റെ അഭിഭാഷകന്റെ പരാതിക്കു വഴങ്ങുകയായിരുന്നുവെന്നും യാസീന്‍ കുറ്റപ്പെടുത്തി.

പള്ളിയിലും പരിസരത്തും വിശദമായ പരിശോധന നടത്തി ക്ഷേത്രത്തിന് ആധാരമായ തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് വാരാണസി സീനിയര്‍ ഡിവിഷന്‍ സിവില്‍ ജഡ്ജി രവികുമാര്‍ ദിവാകര്‍ നേരത്തേ കമീഷനെ നിയോഗിച്ചിരുന്നു.

135 മണിക്കൂര്‍ നീണ്ട പരിശോധന അവസാനിച്ചപ്പോള്‍ ഹിന്ദുവിഭാഗം അഭിഭാഷകന്‍ ഹരിശങ്കര്‍ ജയിന്‍ പരിശോധനയില്‍ 'സുപ്രധാന തെളിവ്' കണ്ടെത്തിയതായി കോടതിയെ അറിയിക്കുകയായിരുന്നു. പള്ളിയിലെ അംഗശുദ്ധിക്കായുള്ള ജലസംഭരണിയില്‍ 12/4 അടി വ്യാസമുള്ള ശിവലിംഗം കണ്ടെന്നും കോടതി കമീഷണറുടെ ആവശ്യമനുസരിച്ച് സംഭരണിയിലെ വെള്ളം വറ്റിച്ചു തെളിവു കണ്ടു ബോധ്യപ്പെട്ടെന്നും പരാതിക്കാരന്‍ കോടതിയില്‍ ബോധിപ്പിച്ചു. തുടര്‍ന്ന് പള്ളി സമുച്ചയം മുദ്രവെക്കാനുള്ള ആവശ്യം കോടതി അംഗീകരിച്ച് ഉത്തരവിട്ടു.

അതേസമയം, കണ്ടെത്തിയെന്ന് പറയുന്നത് മുഗള്‍കാല നിര്‍മിതിയായ മസ്ജിദിന്റെ വുസു ഖാനയിലുള്ള വാട്ടര്‍ ഫൗണ്ടന്റെ ഭാഗമാണെന്നും ഇതു വ്യക്തമാക്കി മേല്‍ക്കോടതിയെ സമീപിക്കുമെന്നും ഗ്യാന്‍വാപി മസ്ജിദിന്റെ സംരക്ഷണചുമതലയുള്ള അന്‍ജുമന്‍ ഇന്‍തിസാമിയ മസ്ജിദ് ജോ. സെക്രട്ടറി സയിന്‍ യാസീന്‍ 'ദ ഹിന്ദു' പത്രത്തോട് പറഞ്ഞു. മസ്ജിദില്‍ കണ്ടത് വുദു ടാങ്കിലെ വാട്ടര്‍ ഫൗണ്ടന്‍ ആണെന്ന് മസ്ജിദ് കമ്മിറ്റിയുടെ അഭിഭാഷകനും വ്യക്തമാക്കി.

രണ്ടടി ഉയരവും വ്യാസവുമുള്ള കല്ലില്‍ തീര്‍ത്തതാണ് ഫൗണ്ടന്‍. രണ്ടര അടി ഉയരവും അഞ്ചടി ചുറ്റളവുമുള്ള കിണര്‍ പോലുള്ള വലിയ ഫൗണ്ടന് അകത്താണ് കൊച്ചു ഫൗണ്ടന്‍ ഉള്ളത്. ഇതു കണ്ടാണ് ശിവലിംഗമെന്ന് ആരോപിച്ചു പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്.

Next Story

RELATED STORIES

Share it