Big stories

മുല്ലപ്പെരിയാര്‍ ഡാം സ്വന്തമാക്കാന്‍ തമിഴ്‌നാട് ദേശീയ ഡാം രജിസ്റ്റര്‍ തിരുത്തി; കടുത്ത ആരോപണങ്ങളുമായി മുന്‍ കേന്ദ്ര മന്ത്രി പി സി തോമസ്

മുല്ലപ്പെരിയാര്‍ ഡാം സ്വന്തമാക്കാന്‍ തമിഴ്‌നാട് ദേശീയ ഡാം രജിസ്റ്റര്‍ തിരുത്തി; കടുത്ത ആരോപണങ്ങളുമായി മുന്‍ കേന്ദ്ര മന്ത്രി പി സി തോമസ്
X

കോട്ടയം: കേരളത്തോട് പറയാതെ ഡാം തുറന്നു വിട്ട തമിഴ്‌നാട്, മുല്ലപ്പെരിയാര്‍ സ്വന്തമാക്കാന്‍ കുല്‍സിത നീക്കം നടത്തി ഒരവസരത്തില്‍ വിജയം വരിച്ചവരാണെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാനും മുന്‍ കേന്ദ്ര മന്ത്രിയുമായ പി സി തോമസ്. കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

കേരളത്തിലെ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത്, കേരളവുമായി ആലോചിച്ചല്ലാതെ മുല്ലപ്പെരിയാര്‍ ഡാം തമിഴ്‌നാട് തുറന്നു വിടാന്‍ പാടില്ലാത്തതാണ്. എന്നാല്‍ കഴിഞ്ഞ ദിവസം അവര്‍ ഡാം തുറന്നു വിട്ടു. കേരളത്തോട് പറയാന്‍ പോലും തയ്യാറാകാതെ. ഇത് വളരെ പ്രാധാന്യത്തോടെ ബന്ധപ്പെട്ടവര്‍ കാണണം. തമിഴ്‌നാട് സര്‍ക്കാരിനെതിരെ ശക്തമായ നടപടിയെടുക്കണം-തോമസ് വ്യക്തമാക്കി.

മുല്ലപ്പെരിയാര്‍ ഡാം സ്വന്തമാക്കുവാന്‍ തമിഴ്‌നാട് കേന്ദ്ര ഗവണ്‍മെന്റ് രജിസ്റ്റര്‍ തിരുത്തിയിരുന്നു. 'നാഷണല്‍ രജിസ്റ്റര്‍ ഓഫ് ലാര്‍ജ് ഡാംസ്' ഇന്ത്യയിലെ ഡാമുകളെ സംബന്ധിച്ചുള്ള മുഴുവന്‍ വിവരങ്ങളും രേഖപ്പെടുത്തിയിട്ടുള്ള ഔദ്യോഗിക രജിസ്റ്ററാണ്. ആരുമറിയാതെ തമിഴ്‌നാട് എങ്ങനെയോ അതു തിരുത്തുകയും (ആരെയൊക്കെയോ സ്വാധീനിച്ചിരിക്കാം അത് ചെയ്തത്) മുല്ലപ്പെരിയാര്‍ ഡാം പൂര്‍ണമായിട്ടും തമിഴ്‌നാടിന്റേതാക്കി മാറ്റുകയും ചെയ്തിരുന്നു. കേരള സര്‍ക്കാരോ കേരളീയരോ അതറിഞ്ഞില്ല. മുല്ലപ്പെരിയാര്‍ വിഷയത്തെക്കുറിച്ച് കൂടുതല്‍ പഠിച്ചപ്പോള്‍ ഈ വിവരം ഞെട്ടലോടെയാണ് താന്‍ മനസ്സിലാക്കിയതെന്നും ഉടന്‍ തന്നെ അത് തിരുത്തിക്കുവാന്‍ നടപടി ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രിയേയും കേരള മുഖ്യമന്ത്രിയും നേരില്‍ കണ്ട് നിവേദനം നല്കുകയും ചെയ്തിരുന്നെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ ഒരു നടപടിയും ഉണ്ടായില്ല.

''തിരുത്തപ്പെട്ട ഡാം രജിസ്‌ട്രേഷന്‍ അനുസരിച്ച്, മുല്ലപ്പെരിയാര്‍ ഡാം പൂര്‍ണമായും തമിഴ്‌നാടിന്റേതാണെന്നും, തമിഴ്‌നാട് അതിര്‍ത്തിക്കുള്ളിലാണെന്നും വ്യക്തമാക്കപ്പെട്ടു. അവസാനം കേരള ഹൈക്കോടതിയില്‍ ഒരു പൊതുതാല്‍പര്യഹര്‍ജി കൊടുത്തു. കേസ് വാദിച്ചതും ഞാനാണ്. വാദം കേട്ടു തുടങ്ങിയപ്പോഴേ കോടതി അമ്പരന്നു. പ്രത്യേക ഹര്‍ജി നല്‍കി കേന്ദ്ര സര്‍ക്കാരിന്റെ അധീനതയിലുള്ള ഒറിജിനല്‍ ഡാം രജിസ്റ്റര്‍ കോടതിയില്‍ ഹാജരാക്കിച്ചു. അതു വന്നപ്പോള്‍ കേരള അതിര്‍ത്തിയില്‍ അല്ല മുല്ലപ്പെരിയാര്‍ ഡാം എന്നും, അത് പൂര്‍ണമായും തമിഴ്‌നാട് അതിര്‍ത്തിയില്‍ ആണെന്നും വ്യക്തമായി രേഖപ്പെടുത്തിയത് കാണാമായിരുന്നു. കോടതി തനിക്ക് അനുകൂലമായി വിധി പ്രസ്താവിച്ചു. രജിസ്റ്ററിലെ തെറ്റു തിരുത്തി മുല്ലപ്പെരിയാര്‍ പൂര്‍ണമായിട്ടും കേരള അതിര്‍ത്തികളിലും കേരളത്തിത്തിന്റേതുമായി രജിസ്റ്ററില്‍ വ്യത്യാസം വരുത്തി. അങ്ങനെ തമിഴ്‌നാട് പിടിച്ചുപറിച്ച മുല്ലപ്പെരിയാര്‍ ഡാം ഈ കേസ് മൂലം കൊല്ലം കേരളം തിരിച്ചുപിടിച്ചു''-തോമസ് പറഞ്ഞു.

'ചരിത്രം എന്നിലൂടെ' എന്ന തന്റെ പുസ്തകത്തിലെ 219 മുതല്‍ 223 വരെ പേജുകളില്‍ ഈ കാര്യങ്ങള്‍ വ്യക്തമായി വിശദീകരിച്ചിട്ടുണ്ടെന്ന് തോമസ് പറഞ്ഞു.

പത്രസമ്മേളനത്തില്‍ കേരള കോണ്‍ഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് സജി മഞ്ഞക്കടമ്പില്‍ കോട്ടയം സ്‌റ്റേറ്റ് കമ്മിറ്റി ഓഫീസ് സെക്രട്ടറി എ കെ ജോസഫ്, കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റ് കുര്യന്‍ പി കുര്യന്‍ എന്നിവരും പങ്കെടുത്തു.

Next Story

RELATED STORIES

Share it